പല്ലനയാറ്റിലെ റെഡീമര്‍ ബോട്ട് അപകടത്തില്‍ കുമാരനാശാന്‍ മരിച്ച് പതിനാലു വര്‍ഷം കഴിഞ്ഞ കാലത്ത് ആ ചരിത്രവും പറഞ്ഞു മൂന്നു കൂട്ടുകാര്‍ ആലുവയിലെ ചെങ്ങമനാട്ടേക്ക് നടന്നു. കുമാരനാശാന്‍ സ്ഥാപിച്ച ഓട്ടുകമ്പനിയില്‍ നിന്ന് ഓടുകള്‍ വാങ്ങി തങ്ങള്‍ പണിയാന്‍ പോകുന്ന വായനശാല മേയുവാന്‍ വേണ്ടിയുള്ള വരവായിരുന്നു അത്. കാലങ്ങള്‍ക്ക് ശേഷം എണ്‍പത്തിയാറാം വയസ്സില്‍ അതേ വഴികളിലൂടെ പുനഃസന്ദര്‍ശനം നടത്തുന്ന ആ ചങ്ങാതിമാരില്‍ ഒരാളായ മാധവന്‍ എന്ന ഒരു കഥാപാത്രമുണ്ട് രാജേഷ് കെ. നാരായണന്റെ 'ഒസ്യത്ത്' എന്ന കഥയില്‍. അയാള്‍ക്കൊപ്പം കുടുംബസ്ഥരായ മക്കളും ഉണ്ടായിരുന്നു. അവരില്‍ ഒരാള്‍ പറഞ്ഞു, അച്ഛന്‍ ഇപ്പോള്‍ പുതിയ തന്ത്രം മെനഞ്ഞുകൊണ്ടിരിക്കുകയാണ്. അടുത്ത ശിവരാത്രിയില്‍ എള്ളും പൂവും വെക്കേണ്ട ആത്മാവാണ്. ആ സ്വത്ത് നമുക്ക് വീതിച്ചു തരാതെ ഒരാള്‍ക്ക് മാത്രമായി കൊടുക്കാനുള്ള സൂത്രമാണ് ഇതെല്ലാം. കുമാരനാശാന്റെ ഓട്ടുകമ്പനിയുടെ അവശിഷ്ടങ്ങളും കണ്ട് തോണിയില്‍ പുഴ മുറിച്ചുകടക്കുമ്പോള്‍ കാലപ്രവാഹം അച്ഛനെ വന്നു തൊട്ടത് മക്കള്‍ അറിഞ്ഞില്ല. അക്ഷരം മാത്രമാണ് അനശ്വരം എന്നൊക്കെ വാദിച്ച ആള്‍തന്നെ കൂട്ടാളികളെ ഇല്ലാതാക്കിയ ആ നിമിഷം പുഴയിലൂടെയുള്ള സഞ്ചാരത്തില്‍ വൃദ്ധന്‍ അനുഭവിച്ചു. കൂടുതല്‍ വിശദമാക്കാതെ അയാള്‍ ആശാന്റെ ദുരവസ്ഥയിലെ വരികള്‍ ഉച്ചത്തില്‍ ചൊല്ലുക മാത്രം ചെയ്തു:
''അന്തമില്ലാതുള്ളൊരാഴ
ത്തിലേയ്ക്കിതാ
ഹന്ത! താഴുന്നു താഴുന്നു കഷ്ടം!''
യൗവനകാലത്തിലൂടെ മാധവന്റെ മനസ്സ് സഞ്ചരിക്കുമ്പോള്‍ ജീര്‍ണ്ണിച്ച ശരീരവും അതേ ഇടങ്ങളിലൂടെ പോകുന്നുണ്ട്. ഒപ്പം മക്കളുമുണ്ടെങ്കിലും അവരുടെ മനോയാത്ര മറ്റൊരു വഴിയിലൂടെയാണ്. മൂല്യങ്ങളെ തല്ലിക്കെടുത്തിയാണ് പുതുകാലത്തിന്റെ വരവ് എന്ന സാമാന്യവിചാരത്തെ ലളിതമായി ഖണ്ഡിക്കുന്നുണ്ട് ഈ കഥ. ഭൂതവര്‍ത്തമാനത്തിന്റെ വരമ്പുകള്‍ തുടച്ചുനീക്കുമ്പോള്‍ മനുഷ്യനിലെ ആന്തരിക ഭാവം ഒന്നുതന്നെ. കര്‍മ്മഫലം വിടാതെ പിടികൂടുമെന്ന തിരിച്ചറിവ്. ഏതുകാലത്തിലൂടെയാണെങ്കിലും മനുഷ്യന്റെ മനസ്സ് യാത്ര ചെയ്യുന്നത് ഒരേ വഴിയിലൂടെത്തന്നെ. രണ്ടു യാത്ര, രണ്ടു മട്ടിലുള്ള മനസ്സഞ്ചാരം. പക്ഷേ, ചിന്തകളുടെ സത്തയിലും ചോദനകളിലും മാറ്റമില്ല. വിവരിക്കാന്‍ പോകുന്ന കഥയിലുള്ള വ്യക്തതയും കൃത്യതയുമാണ് കഥാകാരനെ പുതു കഥാകാരന്‍മാരുടെ കൂട്ടത്തില്‍നിന്നു മാറ്റിനിര്‍ത്തുന്നത്.
