പ്രണയവും നഷ്ടപ്രണയവും എന്നും ലോകസാഹിത്യത്തിൻ്റെ ഇഷ്ട വിഷയങ്ങൾ തന്നെ. ഹൃദയങ്ങൾ ഉണ്ടാക്കിയതു തന്നെ തകർക്കപ്പെടാനായാണല്ലോ എന്ന് പറഞ്ഞത് ഓസ്കാർ വൈൽഡാണ്. നഷ്ടപ്രണയങ്ങളെക്കുറിച്ച് ഏറ്റവും മനോഹരമായി പറഞ്ഞ മറ്റു രചയിതാക്കളുടെ കൂട്ടത്തിലേക്ക് കുന്നംകുളം താജ്മഹൽ എന്ന പാട്ടുനോവലിലൂടെ ബി.കെ. ഹരിനാരായണനുമെത്തുന്നു. പാട്ടിലൂടെ സാഹിത്യം തുടങ്ങിയ നമ്മുടെ പാരമ്പര്യത്തിൽ അധികമൊന്നും കേട്ടിട്ടില്ലാത്ത പാട്ടു നോവൽ എന്ന സങ്കല്പത്തിൻ്റെ തുടക്കമാകാം കുന്നംകുളം താജ്മഹൽ.
2024 ജൂൺ 29 മുതൽ 2024 ജൂലൈ ഒന്നു വരെയുള്ള മൂന്നുദിവസത്തിലെ സംഭവവികാസങ്ങളിൽ പ്ലംബർ രാധാകൃഷ്ണേട്ടന്റെ ജീവിതത്തെ ഓർമ്മകളുമായി വിളക്കി ചേർത്തുകൊണ്ടാണ് പത്തരമാറ്റുള്ള പാട്ടു നോവൽ പണിതീർത്തിരിക്കുന്നത്. ചിരപുരാതന കാലം മുതലേ പ്രണയവും പ്രണയ പരാജയവും സാഹിത്യത്തിന് വിഷയമായിട്ടുണ്ടെങ്കിലും രാധയുടെ പ്രേമം നമ്മുടേത് കൂടിയെന്ന് എയ്റ്റീസ് കിഡ്സിനും ജെൻസിക്കും തോന്നുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നതാണ് ആഖ്യാനത്തിന്റെ സവിശേഷത. ജെൻ ആൽഫയെ പോലും രസിപ്പിക്കുന്ന രാധേട്ടൻ മുക്കിമൂളിക്കരയുടെ ജീവനാഡികളിലൊന്നാണ്. ഷഷ്ട്യബ്ദപൂർത്തിയുടെ പിറ്റേന്നാൾ നാടിനെ നടുക്കി കൊണ്ട് രാധേട്ടന്റെ തിരോധാനം സംഭവിക്കുന്നു, അദ്ദേഹത്തിന് എന്ത് സംഭവിച്ചിരിക്കും എന്ന ആലോചനയിൽ, അദ്ദേഹത്തിന് വേണ്ടിയുള്ള തെരച്ചിലിൽ,അദ്ദേഹത്തിനെ കാണാതായതിലുള്ള കരച്ചിലിൽ, ലോകരുടെ അതിശയോക്തിയിലും കഥയെഴുത്തിലും പ്രണയത്തിൻ്റെ ഇന്ദ്രജാലം കടന്നു വരുന്നു. കേട്ടിട്ടും കേട്ടിട്ടും മതിയാകാത്തൊരു സുന്ദര പ്രണയകഥ പാട്ടിലൂടെ ഉരുത്തിരിയുന്നു.
നല്ല വീര്യമുള്ള പ്രണയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഒരു ദേശത്തെ മുഴുവൻ പ്രണയത്തിലേക്ക് ആവാഹിക്കുകയാണ് പാട്ടുകാരൻ. പണ്ടൊരിക്കൽ തൻ്റെ പാട്ടിൻ്റെ വശീകരണ ശക്തികൊണ്ട് നാട്ടിലെ മുഴുവൻ കുട്ടികളെയും തൻ്റെ പിന്നാലെ നടത്തിയ കുഴലൂത്തുകാരനെ പോലെ, ഈ പാട്ടിലൂടെ മുക്കി മൂളിക്കര മുഴുവനും ഈ പുസ്തകത്തിലേക്ക് ഒഴുകിയെത്തുന്നു. കാവും തിറയും സർപ്പക്കളവും ബാലെയും തിയറ്ററുകളും ലോകകപ്പ് ഫുട്ബോളും ബസ്സും ആശുപത്രികളും കോളേജുകളും നാടും നാട്ടാരും രാഷ്ട്രീയവും ജാതിയുമെല്ലാം കളത്തിലിറങ്ങി കളി തുടങ്ങുമ്പോഴാണ് ഇതിലെ പ്രണയം ശരിക്കും പൂത്തുലയുന്നത്.
