കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ വെച്ച് ബിനീഷ് പുതുപ്പണത്തിന്റെ "കാലടിക്കാലം മറക്കാനാവാത്ത മധുരസ്മരണകള്‍'' എന്ന പുസ്തകം പ്രകാശിതമായപ്പോള്‍ തന്നെ അതിന്റെ ഒരു കോപ്പി കരസ്ഥമാക്കിയിരുന്നു. കാലത്തെ അടയാളപ്പെടുത്താന്‍ പുതുപ്പണത്തിന് സവിശേഷ കഴിവുണ്ട്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ മുതല്‍ തിരിച്ചുപോരും വരെ സൗഹൃദ സദസ്സില്‍ മുഴങ്ങിക്കേട്ടിരുന്ന പേരാണ് ബിനീഷ് പുതുപ്പണം. നേരിട്ട് പരിചയപ്പെടുമ്പോഴേക്കും പല കഥകളിലായി ആ പേര് സുപരിചിതമായി തീര്‍ന്നു.
ഒരു എഴുത്തുകാരന്റെ പിറവിക്കു പിന്നില്‍ അധ്യാപകരുടെയും കൂട്ടുകാരുടെയും ക്യാമ്പസ് അനുഭവങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും കനല്‍ ചൂടുണ്ടാകും. എങ്കിലും ജന്മസിദ്ധമായ പ്രതിഭയാണ് ആ പ്രമേയങ്ങളെ വികസിപ്പിച്ച് നല്ല രചനകള്‍ സമ്മാനിക്കുന്നത്. ആര്‍ക്കും പറയാവുന്ന ക്യാമ്പസ് ഓര്‍മ്മകള്‍ അല്ലേ എന്ന് സാമാന്യവല്‍ക്കരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഭാഷയുടെ ഒഴുക്കും നര്‍മ്മവും കലാപവും കൊണ്ട് ഈ പുസ്തകം വല്ലാതെയങ്ങ് ആകര്‍ഷിച്ചു.
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എന്ന് കേള്‍ക്കുമ്പോള്‍ മധുരസ്മൃതികളുടെ മണമൂറുന്നെങ്കിലും; കുറച്ചധികം തിക്താനുഭവങ്ങളെ കലവറയില്‍ പൂട്ടിയിട്ട താക്കോലുമായി ഞാന്‍, കാലടി എന്ന പേരിന്റെ വിശാലതയെ എന്റെ വഴികളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ എപ്പോഴും ശ്രമിച്ചിരുന്നു. പുതുപ്പണത്തിന്റെ ഈ പുസ്തകം കണ്ടപ്പോള്‍ കാലടിയോടുള്ള പരിഭവം മറന്ന് ഞാനവിടെ വീണ്ടും ജീവിക്കുകയാണെന്ന് തോന്നി. 24 കുറിപ്പുകള്‍ - 190 പേജുകളിലായി രസകരമായി സംഗ്രഹിച്ചെങ്കിലും ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച കാലടിക്കാലത്തില്‍, സര്‍വ്വകലാശാലയുടെ സ്പന്ദനങ്ങളായവര്‍ക്ക് ഇനിയും ഇനിയും കൂട്ടിച്ചേര്‍ക്കാനുണ്ടാവും.
