മലയാള സാഹിത്യത്തിൽ അത്രയധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതും എന്നാൽ വായനക്കാർക്ക് എക്കാലവും പ്രിയപ്പെട്ടതുമായ ഒരു വിഭാഗമാണ് മെഡിക്കൽ ത്രില്ലറുകൾ. ആ ശ്രേണിയിലേക്ക് ഡി സി ബുക്സ് വഴി നിഖിലേഷ് മേനോൻ സമ്മാനിച്ച മികച്ചൊരു വായനാനുഭവമാണ് 'അൽവറാഡോ മരണങ്ങൾ'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിഗൂഢതകളുടെ പുതപ്പണിഞ്ഞ ഒരുപിടി അസ്വാഭാവിക മരണങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കുള്ള ഒരു ഉദ്വേഗജനകമായ യാത്രയാണ് ഈ കൃതി.
കൊച്ചി നഗരത്തിന്റെ തിരക്കുകളിൽ നിന്നും അല്പം മാറി, 'പുനർജ്ജനി' എന്ന പേരിൽ ഒരു പുനരധിവാസ കേന്ദ്രം നടത്തുന്ന അലക്സ് മോറിസ് എന്ന പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററുടെ ഓഫീസിലേക്ക് തികച്ചും അപ്രതീക്ഷിതമായി കടന്നുവരുന്ന ഡേവിഡ് എബ്രഹാം എന്ന വയോധികൻ. ഇവരുടെ കൂടിക്കാഴ്ച കഥാഗതി തിരിച്ചുവിടുന്നു. ഡേവിഡ് എബ്രഹാം നൽകുന്ന ചില സൂചനകൾ നഗരത്തിലെ ഏറ്റവും പ്രശസ്ത കോർപ്പറേറ്റ് ആശുപത്രിയായ 'അൽവറാഡോ മെഡിസിറ്റി'യുടെ രഹസ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒറ്റനോട്ടത്തിൽ തികച്ചും സ്വാഭാവികമെന്ന് തോന്നാവുന്ന, ആർക്കും സംശയം തോന്നാത്ത ചില മരണങ്ങൾ അവിടെ നടന്നിട്ടുണ്ട്. എന്നാൽ ആ മരണ പരമ്പരകൾക്ക് പിന്നിൽ ആസൂത്രിതമായ ഒരു തിരക്കഥയുണ്ടോ? അങ്ങനെയെങ്കിൽ അതിന് പിന്നിൽ പ്രവർത്തിക്കുന്ന അദൃശ്യകരങ്ങൾ ആരുടേതാണ്? ഈ സംശയങ്ങളാണ് അലക്സിനെ തന്റെ പുതിയ അന്വേഷണത്തിലേക്ക് നയിക്കുന്നത്.
