ഓർമ്മകൊണ്ട് വരയ്ക്കുന്ന മറവികൾ

Book Review

ഓർമ്മകൊണ്ട് വരയ്ക്കുന്ന മറവികൾ


ഓർമ്മകളെ തിരസ്കരിക്കാൻ പഠിപ്പിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ബോധപൂർവ്വം മറക്കുകയോ മറക്കാൻ പഠിപ്പിക്കുകയോ ചെയ്യുന്ന വർത്തമാനകാലത്തിൽ ഓർക്കുക, ഓർമ്മിപ്പിക്കുക എന്ന വാക്കുകൾ അവയുടെ കേവലാർത്ഥങ്ങൾക്കപ്പുറത്തേക്ക് വളർന്ന് ഒരു സമരമാർഗ്ഗത്തിൻ്റെ പാത കൂടി സ്വീകരിക്കപ്പെടുന്നുണ്ട്. ചരിത്രവും മിത്തും അവയുടെ വ്യക്തമായ അതിർത്തികളെ റദ്ദുചെയ്തു കൊണ്ട്, ഒന്നിക്കുകയോ പരസ്പരം വച്ചു മാറ്റപ്പെടുകയോ ചെയ്യുന്ന തരത്തിലേക്ക് അധികാരത്തിൻ്റെ ഉരുക്കു കൈകൾ പിടിമുറുക്കുകയാണ്. ഇത്തരമൊരു നരക കാലത്തിലേക്കാണ് എഴുത്തിൽ വേറിട്ട അന്വേഷണവുമായി "മറതി'' എന്ന നോവലിലൂടെ പി. സുരേഷ് കടന്നു വരുന്നത്. കനംവച്ച മറവികളെ ഓർമ്മകളുടെ തുളച്ചുകയറുന്ന മൂർച്ച കൊണ്ട് വീണ്ടെടുക്കുന്ന നോവലാണ് മറതി.

വ്യവസ്ഥാപിതമായി നാം പരിചയിച്ച സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് മാറി നിന്നുകൊണ്ട് ചരിത്രത്തിൻ്റെ പ്രാദേശിക വ്യാഖ്യാനത്തെ സൂക്ഷ്മമായി അറിയാനുള്ള ധീരശ്രമം നടത്തുകയാണ് മറതിയിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വർത്തമാനകാല ചരിത്രം ആട്ടിപ്പുറത്താക്കി തോൽപ്പിച്ചവരെയാണ് ഈ നോവലിലധികവും കാണാൻ കഴിയുക. തെയ്യോൻ എന്ന ദളിത് വ്യക്തിയിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ പ്രദേശികമായി സർഗാത്മക വിശകലനം നടത്താനുള്ള എഴുത്തുകാരൻ്റെ നൂതന ശ്രമം നോവൽ സാഹിത്യത്തിൻ്റെ പുതുവഴിയിലേക്കാണ് വെളിച്ചം വീഴ്ത്തുന്നത്. സത്യത്തിൻ്റെ കാണാപാഠങ്ങളിലേക്ക് ഉള്ള് പിളർത്തി കടന്നു പോകുന്ന "മറതി" മറ്റേതൊരു ചരിത്രകൃതിയേക്കാൾ ശക്തവും സത്യസന്ധവുമാണെന്ന് അടിവരയിട്ടു പറയാൻ കഴിയും.

ഡോ. പി. സുരേഷ് വിമർശകനും വിവർത്തകനും കവിയും ഒക്കെ ആയിട്ടാണ് സാഹിത്യത്തിൽ അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ ആദ്യ നോവലാണ് 'മറതി'. ഏതൊരാളുടെയും ആദ്യ കൃതിയെ ഏറെ പ്രതീക്ഷയോടെയാണ് വായനാലോകം വീക്ഷിക്കുക. അത്തരം പുതുപ്രതീക്ഷയെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് നോവലിസ്റ്റ്, മറതി രൂപപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ കാര്യമായി പറയാത്ത ഒരു ചരിത്രത്തെയും എഴുത്തിൻ്റെ രീതിശാസ്ത്രത്തെയുമാണ് സുരേഷിലെ എഴുത്തുകാരൻ പിൻപറ്റുന്നത്. പരമ്പരാഗതമായി ശീലിച്ചിട്ടുള്ള ഒരു ചരിത്ര പദ്ധതിയെ ഉപയോഗിച്ചാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ വായിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്തുപോന്നിട്ടുള്ളത്. പ്രസ്തുത ചരിത്രത്തിൻ്റെ കേന്ദ്രം കറങ്ങുന്നത് പ്രധാന വ്യക്തികളെയും സംഭവങ്ങളെയും ആശയങ്ങളെയും ചുറ്റിക്കൊണ്ടായിരുന്നു. തൻമൂലം സ്വാതന്ത്ര്യ സമരത്തെ പശ്ചാത്തലമാക്കി ചിട്ടപ്പെടുത്തുന്ന സാഹിത്യ സൃഷ്ടികളിലും ഇത്തരം മുഖ്യധാരയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ചരിത്രത്തിൻ്റെയും സാഹിത്യത്തിൻ്റെയും കനമില്ലായ്മയെയാണ് പി. സുരേഷിൻ്റെ മറതി ചോദ്യം ചെയ്യുന്നത്. പാഠപുസ്തകത്തിൽ പേരു ചേർക്കപ്പെട്ടവർ മാത്രമാണോ സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജമായവർ എന്ന ആഴമാർന്ന അന്വേഷണത്തിനുള്ള ഉത്തരമാണ് മറതി എന്ന നോവൽ തുറന്നു തരുന്നത്. ചരിത്രമില്ലാത്തവർ എങ്ങനെയാണ് ചരിത്രം സൃഷ്ടിക്കുന്നത് എന്ന ഇരുണ്ട വഴികളെയാണ് നോവലിൻ്റെ ലക്ഷ്യം ഉന്നം വയ്ക്കുന്നത്.


Related Articles