ഭൂമിക്കടിയിൽ വെള്ളം ഉള്ളതുപോലെ മനുഷ്യർക്കുള്ളിൽ സങ്കടം നിലനിൽക്കുന്നു

Book Review

ഭൂമിക്കടിയിൽ വെള്ളം ഉള്ളതുപോലെ മനുഷ്യർക്കുള്ളിൽ സങ്കടം നിലനിൽക്കുന്നു


ഈ ക്ഷണികമായ ജീവിതത്തിൽ നാം ആഗ്രഹിക്കുന്നത്, തികച്ചും സ്വാർത്ഥമായ ലാഭങ്ങളെ, സന്തോഷങ്ങളെ ഒക്കെ തന്നെയാണ്. ഏറ്റവും വലിയ സങ്കടങ്ങളെ മനസിലേറ്റുന്നതും, വൻ നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വീണുപോയെന്ന് പരിതപിക്കുന്നതും വ്യക്തിപരമായ വീഴ്ചകളിലോ നഷ്ടങ്ങളിലോ മാത്രമാവും. അത് മിക്കവാറും സാമ്പത്തിക പ്രയാസങ്ങളാലോ, പ്രണയനഷ്ടം മൂലമോ, രോഗാവസ്ഥ കാരണമോ ആയിരിക്കുകയും ചെയ്യും.

നമ്മുടെ ചുറ്റുപാടുകളെ തന്നെയും കാണാൻ ശ്രമിക്കുന്നത് കൊണ്ടോ, മറ്റുള്ളവരുടെ അനുഭവങ്ങളെ കേൾക്കാൻ ശ്രമിക്കുന്നത് കൊണ്ടോ, പഠനങ്ങൾ വഴിയോ, നമ്മൾ ഉൾക്കൊണ്ടിട്ടുള്ള ചിന്തകൾ, നമ്മുടെ വേദനകൾ, സന്തോഷങ്ങൾ, ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ ഒക്കെയും ഒന്നുമല്ലെന്ന് ചിന്തിപ്പിക്കുന്ന തിരിച്ചറിവ് ഉണ്ടാകാൻ ഇത്തരം സങ്കടാവസ്ഥകൾ വഴി ഒരുക്കി തരും. നാം ജീവിക്കാത്ത ഒരു ജീവിതത്തെ നാം അനുഭവിക്കുന്നത് ഫിക്ഷനിലൂടെയാണ്. അത്തരം ജീവിതാവസ്ഥകള്‍ വായിക്കുമ്പോള്‍ നമ്മുടെ തന്നെ ജീവിതമാണല്ലോ എന്ന അനുഭവം ഉണ്ടാക്കുന്ന കൃതിയാണ് ഉത്തമമായ കൃതി. ലീക്ക് 86 നിസ്സഹായരായ മനുഷ്യരുടെ മഹാസങ്കടങ്ങളെ അനുഭവിപ്പിക്കുന്ന കൃതിയാണ്.

ഒരോ വായനയും എഴുത്തുകാരന്റെ ഭാവനകൾക്കോ അനുഭവങ്ങൾക്കോ ഉപരി, ആരൊക്കെയോ ജീവിച്ചു തീർത്ത ചരിത്രമെന്നോ, പോരാട്ടമെന്നോ, ജീവിക്കുന്ന രക്തസാക്ഷിത്വമെന്നോ ഒക്കെയായി വായിക്കപ്പെടുന്നുണ്ട്. ഓരോ മനുഷ്യരും, സാഹചര്യങ്ങളും, ഒരോ മസ്‌തിഷ്കത്തിലും ഉദിക്കുന്ന ചിന്തകളും, സഭാഷണങ്ങളും അതീവ സൂഷ്മതയോടെ പകർത്തണമെങ്കിൽ, ആ കഥാപാത്രങ്ങളെ അതേ തീവ്രതയോടെ വായിക്കപ്പെടണമെങ്കിൽ തീർച്ചയായും ഒരെഴുത്തുകാരന്‍ അത്ര തീവ്രമായ ചിന്തകളെ ഉൾക്കൊള്ളേണ്ടതുണ്ട്, അതേ തീവ്രതയോടെ എഴുത്തില്‍ പ്രതിഫലിപ്പിക്കേണ്ടതുണ്ട്. അതിലൊക്കെ ഒരെഴുത്തുകാരൻ വിജയിക്കുമ്പോഴാണ് വായന ഒരത്ഭുതാനുഭവമായി മാറുന്നത്. കഥയെയും കഥാപാത്രങ്ങളെയും അതിലൊരാളായി നിന്ന് അനുഭവിക്കാന്‍ കഴിയുന്നത്. ഒരോ വായനയിലും അത്ഭുതമാണെന്ന് തോന്നിപ്പിച്ച ഒരെഴുത്തുകാരനാണ് ശ്രീ. വിനോദ് കൃഷ്ണ."ലീക്ക് 86" അതിന് അടിവരയിടുന്നു.


Related Articles