"നീ ഒരു മധുരമുള്ള വിഷമാണ്; പതുക്കെ എന്നെ കീഴടക്കിക്കൊണ്ടിരിക്കുന്നു" - അഭിറാം.
ഭാര്യ സുചിത്രയെക്കുറിച്ച് അഭിറാം എഴുതിയ ഡയറിത്താളിലെ ഒരു ഭാഗം ഇതാണ്. ഇഷ്ടമല്ലാത്ത വിവാഹബന്ധങ്ങൾക്ക് സമ്മതിക്കേണ്ടി വരികയും പതിയെ പതിയെ സ്നേഹമധുരത്താൽ പരസ്പരം കീഴടങ്ങി ജീവിക്കേണ്ടിവരികയും ചെയ്യുന്ന മനുഷ്യരുടെ കഥയാണ് "അമ്മ പ്രേമലു" എന്ന നോവൽ. അതിൽ പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള ലിംഗഭേദങ്ങളില്ല, ദുഃഖഭേദങ്ങളില്ല, ജയപരാജയങ്ങളില്ല, ആത്യന്തികമായി സ്നേഹമാണ് മരുന്നും മറുമരുന്നുമെന്ന് ഇതിലെ കഥാപാത്രങ്ങൾ തെളിയിക്കുന്നു.
പ്രധാനമായും നോവൽ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ ഇവയാണ് - പ്രേമം, ബന്ധനം, കുടുംബ ഘടന, ഓർമ്മകളുടെ ചരിത്രം, വിരഹം, സമാഗമം. വേർപിരിയലിന്റെയും വേദനയുടെയും ഇടയിലും പ്രണയത്താൽ പരസ്പരം ഒന്നിക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങളാണ് നോവലിൻ്റെ കാതൽ. പ്രണയം മനുഷ്യന് യുവത്വം തിരിച്ചു നൽകുന്നു എന്ന് കേന്ദ്ര കഥാപാത്രമായ സാരികയിലൂടെ അഥവാ അമ്മ പ്രേമലുവിലൂടെ വ്യക്തമാകുന്നു. സ്കൂൾ പ്രിൻസിപ്പാളും ജിത്തു എന്ന ആൺകുട്ടിയുടെ അമ്മയുമായ സാരികയുടെ ജീവിതത്തിലേക്ക് അവിചാരിതമെന്ന് തോന്നിക്കും വിധത്തിൽ കടന്നുവരുന്ന ഗീത എന്ന എം.ബി.ബി.എസ് കാരിയിലൂടെയാണ് കഥ വികസിക്കുന്നത്. അമ്മ മരണപ്പെട്ട ശേഷം അവൾ അച്ഛനോടൊപ്പം വാടകവീട്ടിൽ താമസിക്കുകയാണ്. സാരികയുമായി എളുപ്പം കൂട്ടാവുന്ന അവൾ പ്രായാധിക്യത്തിന്റെയും ദുഃഖത്തിന്റെയും പാടുകളെ സാരികയിൽ നിന്നും മായ്ച്ചു കളയുന്നുണ്ട്. ചെറിയ ചെറിയ യാത്രകൾ, സിനിമകൾ, മഴനടത്തമടങ്ങുന്ന ഋതുഭേദാനുഭവങ്ങൾ, തുടങ്ങി സന്തോഷത്തിന്റെ വലിയ നേരങ്ങളിലേക്ക് അവർ നയിക്കപ്പെടുന്നു. അമ്മയുടെ ഈ 'യൗവന പരകായപ്രവേശ'ത്തിൽ മകൻ ജിത്തു അസ്വസ്ഥനാകുന്നുണ്ട്. പ്രായമായാൽ സ്ത്രീകൾ ഒതുങ്ങി കഴിയണമെന്ന് വാദിക്കുന്ന ജിത്തുവിലും സ്വാർത്ഥ സ്നേഹത്തിൻ്റെ അടയാളങ്ങൾ കാണാം. യഥാർത്ഥ്യം മനസ്സിലാക്കുമ്പോൾ അവൻ ആ കാര്യം അമ്മയോട് തുറന്നുപറയുന്നുമുണ്ട്. തന്നോടുള്ള അമ്മയുടെ സ്നേഹം ഗീതയിൽ പങ്കുവെക്കപ്പെട്ടു പോകുമോ എന്ന ഭയമായിരുന്നു അവൻ്റെ അസ്വസ്ഥതയ്ക്ക് കാരണം; മറിച്ച് അമ്മയുടെ സ്വതന്ത്ര യാത്രകൾ മാത്രമായിരുന്നില്ല.
