സോളോ മംഗോളിയ: ഒരു യാത്രികയുടെ  ആത്മാവിനെ തൊട്ടറിയുന്ന അനുഭവം

Book Review

സോളോ മംഗോളിയ: ഒരു യാത്രികയുടെ ആത്മാവിനെ തൊട്ടറിയുന്ന അനുഭവം


യാത്ര ഇഷ്ടപ്പെടുന്നവർ ധാരാളം പേരുണ്ട്. എന്നാൽ യാത്രയെ ഒരു തപസ്യ പോലെ കൊണ്ടുനടക്കുന്നവർ അപൂർവമാണ്. പ്രത്യേകിച്ച്, അവരിലെ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. കുടുംബത്തോടൊത്തും കൂട്ടുകാരോടൊത്തും ഒരുപാടുപേർ യാത്രയുടെ സന്തോഷം നുണയുന്നുണ്ട്. പരിചയക്കാരുടെ പിൻബലമോ ബന്ധുക്കളുടെ സംരക്ഷണമോ ഇല്ലാതെ സ്വന്തം ആഗ്രഹസാഫല്യത്തിന് ഒരു സ്ത്രീ നടത്തുന്ന യാത്രയുടെ വ്യത്യസ്തമായ വിവരണം ആദരവോടെ വായിക്കപ്പെടേണ്ടതാണ്. പ്രിവിലേജുകൾ ഒന്നുമില്ലാത്ത യാത്രയാണ് യഥാർത്ഥത്തിൽ യാത്രയുടെ ആത്മാവിനെ തൊട്ടറിയാൻ സഹായിക്കുന്നത് എന്ന് സോളോ മംഗോളിയ സാക്ഷ്യപ്പെടുത്തുന്നു.

കേവലം ഒരു യാത്രാനുഭവം എന്നതിനേക്കാളുപരി മിത്ര സതീഷ് തൻ്റെ ചിന്തകളെ കൂടെ ഈ പുസ്തകത്തോടൊപ്പം ചേർത്തുവയ്ക്കുന്നത് തികച്ചും ആഹ്ലാദകരമായ ഒരു അനുഭവമാണ്. ആവേശത്തോടെ തുടങ്ങിയ യാത്ര പേരും നാളും ഊരുമൊന്നുമറിയാത്തൊരിടത്ത് ചതിയിൽപ്പെട്ട് നിന്നുപോകുമെന്ന ഘട്ടമായപ്പോൾ, വല്ലാത്തൊരു ഭയം ശരീരമാകെ പടരുന്നുവെന്ന് മിത്രയ്ക്ക് തന്നെ തോന്നി. മിത്രയുടെ വിപദി ധൈര്യം അവർക്ക് തുണ പകരുന്നു. അപ്പോൾ മിത്ര സ്വയം പറയുന്നു. "സാരമില്ല,ജീവിതത്തിൽ കുറച്ചൊക്കെ ഇത്തരം ആധികൾ ആവശ്യമാണ്. അതില്ലെങ്കിൽ യഥാർത്ഥ സന്തോഷങ്ങളുടെ വിലയറിയാതെ പോകും. ഭയത്തെ അഭിമുഖീകരിച്ച് അതിനെ മറികടക്കണം. ഭയം നമ്മളെ കീഴ്പ്പെടുത്തിയാൽ ജീവിതം നരക തുല്യമാകും."

ചെങ്കിസ് ഖാൻ്റെ നാട്ടിലേക്ക്, മംഗോളിയയിലേക്ക് യാത്ര പോയ ഒരു സ്ത്രീയുടെ അനുഭവം ഇത്തരമൊരു വാചകത്തിലൂടെ തുടരുമ്പോൾ തന്നെ നമുക്കവരുടെ ഇച്ഛാശക്തിയെക്കുറിച്ചും മറ്റുള്ളവർക്ക് അവർ പകരുന്ന ആത്മവിശ്വാസത്തെക്കുറിച്ചും ബോധ്യമാകുമല്ലോ. മംഗോളിയയിലെ മ്യൂസിയങ്ങളിൽ നിന്നും പരിഷ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഗ്രാമങ്ങളിലേക്ക് നടത്തിയ സാഹസിക യാത്രയിലൂടെയാണ് ഈ പുസ്തകം കൂടുതൽ ഹൃദ്യമായി അനുഭവപ്പെടുന്നത്. മംഗോളിയയുടെ സാംസ്കാരികസത്തയെ ഏകദേശം പൂർണമായി തന്നെ അടയാളപ്പെടുത്തിയിട്ടുള്ള ഈ യാത്രാവിവരണം, കേവലം വിവരണം എന്നതിനപ്പുറമായി ഒരു സാംസ്കാരിക പഠനഗ്രന്ഥം എന്ന രീതിയിൽ കൂടെ പരിഗണിക്കാവുന്നതാണ്. മംഗോളിയർക്ക് അവരുടെ അധികാര സ്ഥാപനങ്ങളോടുള്ള മനോഭാവം, അവരുടെ രാഷ്ട്രീയ നിലപാട്, മംഗോളിയയിലെ ബാല്യവും കൗമാരവും നേരിടുന്ന പ്രധാന പ്രതിസന്ധികൾ, നാടോടികളായ വലിയൊരു ജനതയുടെ നീതിയും വിശ്വാസവും, പ്രകൃതി-മൃഗ സ്നേഹം, അവരുടെ വിനോദങ്ങൾ, ആചാരങ്ങൾ, വസ്ത്രധാരണം, ഗൃഹങ്ങളുടെ രീതി, ബന്ധങ്ങൾ, ഇവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നതിനോടൊപ്പമാണ് അവർ കണ്ട കാഴ്ചകളെ കോർത്തുവെക്കുന്നത്.


Related Articles