അപകടം പതിയിരിക്കുന്ന സഞ്ചാര വഴികൾ

Book Review

അപകടം പതിയിരിക്കുന്ന സഞ്ചാര വഴികൾ


ട്രക്കിംഗ് അപകട സാധ്യത അടക്കം ചെയ്ത ഒരു വിനോദ മാർഗ്ഗമാണ്‌. എന്നിട്ടും ആർജ്ജവത്തോടെ അത് ഏറ്റെടുക്കുന്നതിനുള്ള പ്രേരണ കൊടും യാതനകൾക്കൊടുവിൽ സാഹസിക യാത്ര കാട്ടിത്തരുന്ന അത്ഭുതകരമായ ആഴക്കാഴ്ചയെന്ന യാഥാർത്ഥ്യം നിലനിൽക്കുന്നതു കൊണ്ടാണ്. ചില പുസ്തകങ്ങളും അങ്ങനെയാണ്. ഏറെ അദ്ധ്വാനിച്ചാൽ മാത്രമേ കൃതിയിലൂടെ  കടന്നു പോകുവാൻ കഴിയുകയുള്ളു. പക്ഷേ, വായനയ്ക്കു ശേഷം ചിന്തയിൽ തീ പടർത്തുന്ന സർഗ്ഗാത്മക അനുഭവമാണ് അത്തരം കൃതികൾ ബാക്കി വയ്ക്കുന്നത്‌. മധുശങ്കർ മീനാക്ഷിയുടെ "തെമ്മാടിക്കുഴി" വായിച്ചപ്പോഴും ഇതേ അനുഭവമാണ് ലഭിച്ചത്. പതിവ് പാതയിലൂടെ സഞ്ചരിക്കാൻ ആഗ്രഹമില്ലാത്ത എഴുത്തുകാരനാണ് മധുശങ്കർ മീനാക്ഷി. എഴുത്തിൽ വ്യത്യസ്തതയുടെ പക്ഷം ചേരാനാണ് ഇദ്ദേഹത്തിന് താത്പര്യം. അതുകൊണ്ടുതന്നെ പരിശീലനമുള്ള വായനക്കാരനുമാത്രമേ ഈ കഥകളെ അനായാസം മറികടക്കാൻ കഴിയുകയുള്ളു എന്നതാണ് വസ്തുത.

പരസ്യങ്ങളോ പരദൂഷണങ്ങളോ ഇല്ലാതെതന്നെ സാവധാനം നീറിപ്പിടിച്ച് ഉഗ്രസ്ഫോടനം സൃഷ്ടിക്കുന്ന കുഴിബോംബുകളാണ് "തെമ്മാടിക്കുഴി"യിലെ കഥകൾ. കൃത്യമായി റോഡുനിയമങ്ങൾ പാലിക്കാതെ നിർമ്മിച്ചിട്ടുള്ള റോഡിലൂടെ കൊടുമുടികളിലേക്ക് ഇരുചക്രവാഹനമോടിച്ചു പോകുന്ന യാത്രികൻ്റെ ജാഗ്രതയാണ് ഈ കഥകൾ വായനക്കാരിൽ നിന്നും ആവശ്യപ്പെടുന്നത്. മിക്ക കഥകളുടെയും രഹസ്യ അറ തുറന്നു കിട്ടണമെങ്കിൽ ആവർത്തിച്ചുള്ള വായന ആവശ്യമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നതിനപ്പുറം വിശപ്പുള്ളവരെ തൃപ്തിപ്പെടുത്തുക എന്നതാണ് മധുശങ്കറിൻ്റെ കഥകളുടെ അടിസ്ഥാന ലക്ഷ്യം.

തെമ്മാടിക്കുഴി എന്ന ചുരംയാത്ര അപകട സാധ്യത പതിയിരിക്കുന്ന പതിനഞ്ച് കൊടുംവളവുകളെയാണ് ഓർമ്മിപ്പിക്കുന്നത്. ഒരു നല്ല കഥാകൃത്ത് നല്ല എഡിറ്റർകൂടിയാകണം എന്ന ആശയത്തെ അന്വർത്ഥമാക്കിക്കൊണ്ടാണ് ഓരോ കഥകളും കഥാകാരൻ നിർമ്മിച്ചിട്ടുള്ളത്. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന സൂക്ഷ്മതയും പരിശ്രമവും ചേർത്തുവച്ചാണ് കഥയിലേക്ക് ഓരോ വാക്കുകളെയും അദ്ദേഹം കടത്തിവിടുന്നത്. തൻമൂലം പുതിയ കഥകളിൽ കാണുന്ന അനാവശ്യ വലിച്ചു നീട്ടലുകൾ മധുശങ്കറിൻ്റെ കഥകൾക്ക് അന്യമാണ്. ജീവിതത്തിനൊപ്പമല്ല, ജീവിതത്തിനെതിരെ മുറിച്ചൊഴുകിക്കൊണ്ടാണ് സമാഹാരത്തിലെ ഓരോ കഥയും അതിൻ്റെ ദൗത്യം നിറവേറ്റുന്നത്. നമുക്ക് കൂടുതലും അന്യമായ (വന്യമായ) കഥാപരിസരങ്ങളെയാണ് മധുശങ്കറിൻ്റെ കഥകൾ അഭിസംബോധചെയ്യുന്നത് എന്നതാണ് ഇക്കഥകളുടെ ഏറ്റവും വലിയ വായനാസന്തോഷം. ജീവിതത്തിൻ്റെ പരുക്കത്തരങ്ങളെയാണ് അനസ്തീഷ്യ നൽകാതെ കഥാകാരൻ കീറിമുറിക്കുന്നത്. അതുകൊണ്ടുതന്നെ സാധ്യതയുടെ ഉയരം തിരയുന്നവർക്കുവേണ്ടി വൈവിധ്യമാർന്ന വായനകളെ കൗശലപൂർവ്വം തെമ്മാടിക്കുഴിയിൽ അടക്കം ചെയ്തിട്ടുണ്ട്.


Related Articles