സാധ്യത സംഭവ്യതയാകുമ്പോൾ, ഉറക്കം ഉണരേണ്ടതുണ്ട്; കലാച്ചി പറയുന്നു

Book Review

സാധ്യത സംഭവ്യതയാകുമ്പോൾ, ഉറക്കം ഉണരേണ്ടതുണ്ട്; കലാച്ചി പറയുന്നു


അധികാരം അതിന്റെ ആസുര ഭാവങ്ങളോടെ വ്യത്യസ്ത രൂപങ്ങളിൽ എന്നും മനുഷ്യനെ വേട്ടയാടിയിരുന്നു. മതമാകട്ടെ സാമൂഹീകരണകാലം മുതൽ തന്നെ മനുഷ്യജീവിതത്തിൽ നിർണായകമായ പങ്കുവഹിച്ച ഒരു സ്ഥാപനവുമാണ്. മതം അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉപകരണമായി മാറുമ്പോൾ വിഭജനത്തിനും അക്രമത്തിനും കാരണമാകാറുണ്ട്. ഇന്ത്യയിലെ സമകാലപരിതസ്ഥിതിയിൽ മതവും രാഷ്ട്രീയവുമിപ്പോൾ സയാമീസ് ഇരട്ടകളാണ്. അവരെ ശരീരപരമായി വേർപെടുത്താൻ കഴിയാതായിരിക്കുന്നു. ചരിത്രപരമായും സാമൂഹികമായും തമ്മിൽ കലർന്നാണിപ്പോൾ അവ പ്രവർത്തിക്കുന്നത്. മതാചാരങ്ങളിൽ സർക്കാർ ഇടപെടുകയും മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുന്നു.

മതം രാഷ്ട്രീയത്തിന് നൈതിക ന്യായീകരണം നൽകിക്കൊണ്ടും രാഷ്ട്രീയം മതത്തിന് സ്ഥാപനപരമായ ശക്തിയും സംരക്ഷണവും നൽകിക്കൊണ്ടും പ്രകടമായിത്തന്നെ ഇന്ത്യയിൽ ഭരണത്തിലിടപെടുന്നു. ഒരു ജനാധിപത്യരാജ്യത്ത് മതവും രാഷ്ട്രീയവും പരസ്പരം കലർന്ന് ദേശീയതയും പൗരത്വവും നിർണ്ണയിക്കുന്ന അവസ്ഥ എത്രത്തോളം ഭീകരമാണെന്ന്  അവതരിപ്പിക്കുന്ന നോവലാണ് കെ ആർ. മീരയുടെ കലാച്ചി. ഉറക്കത്തെ രാഷ്ട്രീയരൂപകമാക്കിയും യക്ഷിക്കഥകളെ കൂട്ടുപിടിച്ചുമാണ് ഈ നോവലിൽ സമകാലജീവിതത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥകൾ മീര അവതരിപ്പിക്കുന്നത്. വംശീയാധിപത്യത്തിനും ഭരണകൂട ഭീകരതയ്ക്കും ഇരയാകുന്ന മനുഷ്യജീവിതം സമകാലമലയാള നോവലുകളിൽ പലപാട് ആവർത്തിക്കപ്പെട്ടു കഴിഞ്ഞു. സാമൂഹികയാഥാർത്ഥ്യത്തിന്റെ ദർപ്പണശൈലിയിലുള്ള പ്രതിബിംബമാകാതെ യക്ഷിക്കഥകൾ ഉപയോഗിച്ചുകൊണ്ട് മീര എഴുത്തിനെ ഈ നോവലിൽ ദേശകാലനിരപേക്ഷമാക്കുന്നു.

വടക്കൻ കസക്ക്സ്ഥാനിലെ അക്മോലപ്രവിശ്യയിലെ ഒരു ഗ്രാമമാണ് കലാച്ചി. അവിടെ ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന കാമുകൻ ഇജാസിനെ തേടിയുള്ള ഡോക്ടർ ഫിദയുടെ യാത്രയാണ് നോവലിന്റെ തുടർച്ച. മതത്തിനും പുരുഷാധികാരത്തിനും അടിപ്പെട്ടുപോകാതെ ജീവിക്കാൻ ശ്രമിച്ചാൽ സമകാല ഇന്ത്യയിൽ അനുഭവിക്കേണ്ടിവരുന്ന സ്ത്രീയവസ്ഥയാണ് ഡൽഹി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടർ ഫിദയുടെ വ്യക്തികുടുംബജീവിതങ്ങളിലൂടെ ആവിഷ്കരിക്കുന്നത്. പെണ്ണായിരിക്കുകയും അവൾ മുസ്ലിമായിരിക്കുകയും കൂടി ചെയ്യുമ്പോൾ ഹിന്ദുത്വ ഭരണകൂടത്തിന്റെ പൽച്ചക്രങ്ങൾ എത്ര അനായാസവും അദൃശ്യവുമായി ജീവിതത്തിലിടപെടുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാകുന്നു നോവൽ. ഇവിടെ വ്യക്തിയുടെ സ്വകാര്യവേദനകൾ സാമൂഹികയാഥാർത്ഥ്യത്തിന്റെ രാഷ്ട്രീയരേഖയായി മാറുന്നു. വ്യക്തിയുടെ അനുഭവങ്ങൾ രൂപകങ്ങളായി മാറുമ്പോൾ ഉപയോഗിക്കുന്ന ഭാഷ സമൂഹത്തിന്റേതാകുന്നു. വ്യക്തിയുടെ കഥയിലൂടെ സിസ്റ്റത്തിന്റെ അവസ്ഥ വായനക്കാരൻ വായിക്കുന്നു. ഇത് ഫിദയുടെ മാത്രം ജീവിതമല്ല: ഈ കാലമാണെന്ന്  തിരിച്ചറിയുന്നു. സമൂഹത്തിന്റെ മൈക്രോഘടനയിൽ നിന്ന്  മാക്രോഘടനയിലേക്കുള്ള വ്യാപനം സഫലമാകുമ്പോൾ എഴുത്ത് അതിന്റെ സാമൂഹികധർമ്മം നിർവഹിക്കുന്നു. ഒരു കാലഘട്ടത്തിന്റെ സാമൂഹിക രേഖയായി കലാച്ചി മാറുന്നത് അതുകൊണ്ടാണ്.


Related Articles