യെല്ലോ റിബ്ബൺ; പ്രണയത്തിലാവുക എന്നാൽ മരണത്തിലാവുക എന്ന് കൂടി അർത്ഥമുണ്ട്!

Book Review

യെല്ലോ റിബ്ബൺ; പ്രണയത്തിലാവുക എന്നാൽ മരണത്തിലാവുക എന്ന് കൂടി അർത്ഥമുണ്ട്!


പ്രണയം ഓരോ മനുഷ്യരിലും ഓരോ രീതിയിലാണ് വർത്തിക്കുന്നത്. ഉള്ളിലെ ആത്മാർത്ഥതയുടെ തോതിനെ ആശ്രയിച്ചിരിക്കും പ്രണയത്തിന്റെ തീവ്രതയും. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാനും വെല്ലുവിളികളെ നേരിടാനും പ്രണയിതാക്കൾ മടി കാണിക്കില്ല. സ്ത്രീയും പുരുഷനും അതിൽ തുല്യ പങ്ക് വഹിക്കുന്നുവെങ്കിലും ഒരു പരിധിവരെ പ്രണയത്തിന്റെ കാര്യത്തിൽ സ്ത്രീ പലപ്പോഴും ചപലത കാണിക്കുന്നതായി നമുക്ക് കാണാം. തുടർച്ചയായുള്ള ഏകാന്തതയും, ഒറ്റപ്പെടലും, വിഷാദവും ക്രമേണ ഒരുവളെ ഒരു പുതിയ ബന്ധത്തിലേക്ക് നയിക്കുന്നു. അയാൾ അവളിൽ ചെലുത്തുന്ന സ്വാധീനത്തെ കണ്ണുമടച്ച് വിശ്വസിക്കുകയും ആ വ്യക്തിയിൽ തന്നെ ആഴ്ന്നിറങ്ങുന്ന ഒരു അവസ്ഥയിലേക്കും കൊണ്ടെത്തിക്കാം. മുൻ പിൻ നോക്കാത്ത വിധം ഉപാധികൾ ഇല്ലാതെ അവൾ അയാളെ പ്രണയിക്കുകയും സ്വന്തമാക്കി ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യും. എന്നാൽ അവനിൽ ഒളിഞ്ഞിരിക്കുന്ന വഞ്ചനയുടെ മുഖം ഒരു സുപ്രഭാതത്തിൽ പുറത്തുവരുമ്പോൾ നിലയില്ലാ കയത്തിൽ വീണപോലെ സ്ത്രീ തളർന്നുപോകുന്നു. പിടിവള്ളിയില്ലാത്ത ലോകത്തിൽ അകപ്പെട്ട അവൾക്ക് ചുറ്റിലുള്ള ഇരുട്ടിനെ അതിജീവിക്കുക അത്ര എളുപ്പമല്ല.

പ്രണയത്തിലാവുക എന്നാൽ മരണത്തിലാവുക എന്ന് കൂടി അർത്ഥമുണ്ട്. ജീവിച്ചിരുന്ന ഒരാൾ മരിച്ച് തീർത്തും പുതിയൊരു വ്യക്തിയായി രൂപാന്തരം സംഭവിക്കുന്നു. താൻ ഏറെ സ്നേഹിച്ച,വിശ്വസിച്ച, ബഹുമാനിച്ച ഒരു വ്യക്തിയുടെ അടുത്ത് നിന്നും തനിക്കുണ്ടായ ക്രൂരമായ വഞ്ചനകളെ പൊറുക്കാൻ (മറക്കാൻ) ഒരാൾക്ക് അത്ര എളുപ്പം സാധിച്ചെന്നു വരില്ല. അയാളെ മറക്കാൻ ശ്രമിക്കുംതോറും അയാളെ ഓർത്തു കൊണ്ടേയിരിക്കും. ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങൾ, യാത്ര ചെയ്ത ഇടങ്ങൾ, പങ്കുവച്ച വിശേഷങ്ങൾ താമസിച്ച മുറി, അയാളുടെ രൂപം, മണം എന്ന് വേണ്ട ആ വ്യക്തി സമ്മാനിച്ച നല്ലതും ചീത്തയുമായ ഓർമ്മകൾ സുനാമിത്തിരപോലെ ഒരു സ്ത്രീയെ ആക്രമിക്കും. പ്രണയവും പ്രണയ നഷ്ടവും സ്വാഭാവികമാണെന്ന് ഉൾക്കൊണ്ട് ആശ്വസിക്കാമെങ്കിലും അതിൽ നിന്ന് അതിജീവിച്ച് പുറത്തുവരിക എന്നത് ദുഷ്കരമാണ്.

ദിവ്യ അരുൺ തന്റെ ആദ്യ നോവലായ 'യെല്ലോ റിബ്ബണി'ൽ ഒരു സ്ത്രീയുടെ പ്രണയവും അതിന്റെ മനോഹാരിതയും വിശകലനം ചെയ്യുന്നതോടൊപ്പം അവരുടെ പ്രണയ നഷ്ടവും അതിന് കാരണമായ പുരുഷന്റെ വഞ്ചനയും വ്യക്തമാക്കുന്നു. എന്നിരിക്കെ എല്ലാ പുരുഷന്മാരും ഒരുപോലെ വിശ്വാസയോഗ്യരല്ല എന്ന നിലപാടിനെ നോവലിസ്റ്റ് അംഗീകരിക്കുന്നില്ല. മനുഷ്യരെ കണ്ണുമടച്ച് വിശ്വസിക്കുന്നത് മൂലം ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന മാനസിക സംഘർഷങ്ങളെ സൂക്ഷ്മമായി ആവിഷ്കരിക്കുകയാണ് 'യെല്ലോ റിബ്ബൺ' എന്ന നോവൽ.


Related Articles