''ഭര്‍ത്താവ് കാണാത്ത, എന്നാല്‍ കാമുകന്‍ കാണുന്ന ഒരിടത്ത്'' ജ്വലിക്കുന്ന ഒരു കുഞ്ഞുനക്ഷത്രം വേണമെന്ന് ടാറ്റൂക്കാരന്‍ പയ്യനോട് ആവശ്യപ്പെടുന്ന ഭര്‍ത്തൃമതിയായ മഞ്ജുവെന്ന യുവതി; ഇതേ ജനുസ്സില്‍പ്പെട്ട നിരവധി സ്ത്രീകള്‍ സന്ധ്യാമേരിയുടെ കഥകളില്‍ നിറയെയുണ്ട്. അവരുടെ ഇംഗിതങ്ങളാണ് അവരെ നയിക്കുന്നത്, സാമൂഹ്യപരവും കുടുംബപരവുമായ വേലിക്കെട്ടുകള്‍ പൊളിച്ച് മുന്നോട്ട് നടക്കുന്ന അത്തരം കഥാപാത്രങ്ങള്‍ വെട്ടിയുണ്ടാക്കുന്ന വഴികളിലൂടെ സഞ്ചരിക്കുന്നവയാണ് സന്ധ്യാമേരിയുടെ കഥകള്‍.
ആനിയമ്മയുടെ വീട് എന്ന കഥ രണ്ടു കാലം വച്ചുനീട്ടുന്ന രണ്ടുകാഴ്ചയുടെ പ്രതിഫലനമാണ്. ആദ്യം സൂചിപ്പിച്ച മട്ടില്‍പ്പെട്ട ഒരു സ്ത്രീ ഇവിടെയും ഉണ്ട്; അലാനയെന്ന മകള്‍. പല പുരുഷന്മാരോടൊപ്പം കഴിയുകയും ഉപേക്ഷിക്കുകയും ചെയ്ത അലാന തൊഴിലുപേക്ഷിച്ച് മുന്‍പെങ്ങോ തന്നെ പുറത്താക്കിയ തന്റെ അമ്മ ആനിയമ്മയുടെ അടുക്കലേയ്ക്ക് എത്തിച്ചേരുന്നിടത്ത് നിന്ന് കഥ തികച്ചും നൂതനമായ മേച്ചില്‍പ്പുറത്തേയ്ക്ക് പ്രവേശിക്കുകയാണ്. ആനിയമ്മയെന്ന ടിപ്പിക്കല്‍ സ്ത്രീയെ ഉടച്ച് വാര്‍ത്തെടുക്കുന്ന മകള്‍ അലാന കഥാപാത്രശക്തിയില്‍ അസാമാന്യയായ ഒരാളാണ്. കഥ അതിന്റെ മുന്നേറ്റത്തില്‍ ആനിയമ്മയെന്ന Moulded Personality യെ പതുക്കെപ്പതുക്കെ തകര്‍ത്ത് അലാനയെന്ന മകളും ആനിയമ്മയെന്ന അമ്മയും ഒരേ പഥികരാകുന്ന പരിണാമം. ഇവിടെ കഥയുടെ കെട്ടുറപ്പിനെ കൂടുതല്‍ ബലപ്പെടുത്തുന്ന ചേരുവകള്‍ ആവോളം സന്ധ്യാമേരി ചേര്‍ത്തുവയ്ക്കുന്നു.
ലളിതച്ചേച്ചി, പപ്പുടുവെന്ന പൂച്ച ഒക്കെ കഥയുടെ രസത്തെ ആവുംവിധം വൈവിധ്യമുള്ളതാകുന്നുണ്ട്. നിരന്തരം തന്നെ ഉപദ്രവിച്ചിരുന്ന ഭര്‍ത്താവ് അയാളുടെ മരണശേഷവും തന്നെ ഉപദ്രവിക്കുന്നതായി സ്വപ്നം കാണുന്ന ലളിതച്ചേച്ചി, അതിന്റെ വ്യാകുലതയും സ്‌തോഭവും പുലഭ്യം പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഒപ്പം, മായാവിയുടെ കഥ കേള്‍ക്കുന്ന ഉമ്മവയ്ക്കാനറിയാവുന്ന പപ്പുടു പൂച്ച. ഇക്കഥയില്‍ കഥാകൃത്ത് ഒറ്റവാക്യങ്ങളിലൂടെ നിര്‍മ്മിക്കുന്ന വലിയലോകങ്ങളുണ്ട്. ''എനിക്ക് മായാവിയെ ഇഷ്ടമല്ല; എപ്പഴും ഇങ്ങനെ നല്ല കാര്യങ്ങള്‍മാത്രം ചെയ്‌തോണ്ടിരിക്കാന്നു പറഞ്ഞാ എന്നാ ബോറാ! ലുട്ടാപ്പിയാണ് തഗ് ലൈഫ്''. തുടര്‍ന്ന് ആനിയമ്മ പറയുന്നു, ''നിന്റപ്പന്‍ മായാവിയെപ്പോലായിരുന്നു''.
