'മനുഷ്യന്‍ ഹാ എത്ര സുന്ദരമായ പദം..'
മനുഷ്യത്വം നഷ്ടപ്പെടുകൊണ്ടിരിക്കുന്ന ഈ കാലത്ത്, മനുഷ്യനെ അറിയാന്‍ ശ്രമിക്കുന്ന ഒരു എഴുത്തുകാരന്റെ നിരീക്ഷണങ്ങളാണ്, ലളിതമെങ്കിലും ഗഹനമായ വിചാരധാരകളുടെ 'ഒറ്റയ്ക്കാക്കരുത്' എന്ന പുസ്തകം. വികാരവിചാരങ്ങളുടെ സങ്കീര്‍ണ്ണമായ വലയ്ക്കകത്ത് ഒറ്റയ്ക്കായി പോകുന്ന 'മനുഷ്യനെ' ഏറ്റവുമടുത്തുനിന്ന് നോക്കിക്കണ്ട് അതിലൂടെ ഒരു സമൂഹത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുകയാണ് നജീബ് മൂടാടി. അദൃശ്യമായ നിസ്സഹായതയും, ശബ്ദമില്ലാത്ത നിലവിളികളും ഭീതിതമായ മൗനവും വരികളിലുടനീളം സബ് ടെക്സ്റ്റ് ആയി വരുന്ന രചനകള്‍. ആദ്യ വായനയില്‍ അനുഭവിച്ചറിയുന്നത് അതാണ് .
ചെറുതുകളുടെ ദൈവമാണ് 'പെയ്‌തൊഴിയാതെ' എന്ന ആദ്യ കുറിപ്പില്‍. നിസ്സാരമെന്നു കരുതി ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ആനന്ദഹേതുവാകുന്നത് അനുഭവിക്കാത്തവര്‍ കുറവായിരിക്കും. ചെറുതെങ്കിലും സുന്ദരമായ ഒരു ഓര്‍മ്മ, എപ്പോഴൊക്കെയോ ചെയ്ത കുഞ്ഞു കുഞ്ഞു നന്മകള്‍, അണഞ്ഞു പോയേക്കാവുന്ന ജീവിതങ്ങള്‍ക്ക് പോലും ചിലപ്പോഴൊക്കെ അത് ദൈവമാവാറുണ്ട്, അതെ, നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന 'സ്മാള്‍ തിങ്ങ്‌സ്' തന്നെയാണ് ഈ ചെറുജീവിതം മഹനോഹരമാക്കുന്നത്.
