ഷൈബു മുണ്ടയ്ക്കലിൻ്റെ കവിതകൾ വചനതീക്ഷ്ണമാണ്. മുന മിനുങ്ങുന്ന വാക്കുകൾ. വാക്ക് അർത്ഥരഹിതമായി പോകുന്ന അവസ്ഥയിൽ, വാക്കിന് അർത്ഥത്തിൻ്റെ ജൈവപ്രകാശം പ്രകടിപ്പിക്കാൻ കഴിയാതിരിക്കുന്ന അവസ്ഥയിൽ നിന്നുകൊണ്ട്, കവിതയെഴുതാൻ ശ്രമിക്കവേ, കുത്തനെ നാട്ടിയ കവിതയുടെ കല്ലറക്കുരിശിലാണ് താൻ നിൽക്കുന്നത് എന്ന് തിരിച്ചറിയുന്നുവെന്നതാണ് ഈ കവിയുടെ, കവിതയുടെ പ്രസക്തി. അങ്ങനെ നിന്നുകൊണ്ടുള്ള കാഴ്ച്ചകളിലെ സത്യവും കവിതയുമാണ് ഷൈബു എഴുതാൻ ശ്രമിക്കുന്നത്. അപ്പോൾ, കവിയുടെ കാഴ്ച്ചയെ, കേൾവിയെ ആകെയും ഉലച്ചു കൊണ്ടുളെ അനുഭവങ്ങൾ കവിയെ ചുഴലുന്നു. കുരുവികളുടെ കൂട്ടക്കൊലയോ, ബുൾഡോസറിൻ്റെ മുരൾച്ചയോ കുഞ്ഞങ്ങളുടെ നിലവിളിയോ ഒക്കെയാവാം അത്. രോദനങ്ങൾക്ക് ദിശകളോ അതിരുകളോ ഇല്ലെന്നും ചെവി അടച്ചുപിടിച്ചാലും വെടിയൊച്ചകളും ആക്രോശങ്ങളും ചെവി തുളയ്ക്കുമെന്നും കവി പറയുന്നുണ്ട്. കവിത, ചെറുത്തുനിൽപ്പും പ്രതിഷേധവുമാണെന്നൊക്കെ പറയുന്നതിൽ ഇപ്പോൾ പുതുമയൊന്നുമില്ലെങ്കിലും അത് മാനുഷികതയുടെ നേർത്ത ഒച്ചപ്പെടലോ ഒച്ചപ്പെടുത്തലോ ആണെന്നത് സത്യം തന്നെയാണ്. സ്വസ്ഥതയുടെയോ ശാന്തതയുടെയോ സ്വരത്തിൽ, ഷൈബു കവിത എഴുതുന്നതേയില്ല. അങ്ങനെ കവിത പരിസരങ്ങളോടുള്ള കടപ്പെടൽ തന്നെയായി മാറുന്നു. ഗൗതമനും അരയാൽ മരവും സൃഷ്ടാവിനോട് ഒരു ഇല കടപ്പെട്ടിരിക്കുന്നു. സോക്രട്ടീസ് ഒരു കോഴി. ക്രിസ്തു ഒരു ഇരുമ്പാണി കടപ്പെട്ടിരിക്കുന്നു. ഗുരുവും കുമാരനാശാനും അരുവിയോട് ഒരു കല്ല് കടപ്പെട്ടിരിക്കുന്നു. കവി ഭാഷയോട് വാക്കുകൾ കടപ്പെട്ടിരിക്കുന്നു.
ഷൈബുവിൻ്റെ കവിതയ്ക്ക് പലപ്പോഴും ഒരു കാലിഡോസ്ക്കോപ്പിക്ക് സ്വഭാവമുണ്ട്. വസ്തുക്കളുടെ ഓർമ്മകളുടെ, കാവ്യാത്മകമായ പുന:സംവിധാനം. വാക്കിൻ്റെ ചീളുകൾ കൊണ്ടൊരു നിർമ്മിതി. "കുടക്കാലിൽ തളച്ചിട്ട കുതിരകൾ" എന്ന കവിതയിൽ കുടയും മഴയും കാലങ്ങളും കവിതയുടെ കാലിഡോസ്ക്കോപ്പിൽ ചിതറി മറിയുന്നു. വായനക്കാരന് അവൻ്റേതായ ഓർമ്മകളുടെ ചിതറലുകളിലൂടെ ഈ കവിതയിലേക്ക് തെന്നിമാറി നടക്കാം. കുട ആകാശത്തെ മറയ്ക്കലാവാം. പുതിയൊരു ആകാശമാകാം. കെ.ജി.എസ്. പറയും പോലെ ഒടിച്ചു മടക്കിയ ആകാശമാകാം. "കുട വേണ്ട കുഞ്ഞേ കുടത്തോളം മഴയെങ്കിലും, കുടയോളം കുടയോർമ്മകൾ വിടരുമ്പോൾ" എന്ന് കുട മടക്കുന്നുമുണ്ട്. ഏഴുനിറങ്ങളുടെ ബാല്യക്കുടയിൽ നിന്ന് വെറുപ്പിൻ്റെയും ഭയത്തിൻ്റെയും കറുപ്പ് നീർത്തുന്ന കുടയിലേക്ക്, നിവർത്താൻ പേടിയാകുന്ന കുടയിലേക്ക് കുടമാറ്റം സംഭവിക്കുന്നുമുണ്ട്. കവിതയുടെ അടരുകളുടെ ക്രമീകരണം കൂടിയാണ് ഷൈബുവിൻ്റെ കവിത.
ഈ കവിതകളിൽ രാഷ്ട്രീയമായ നിലപാടുകളുണ്ട്. നീതിനിഷ്ഠമായ ധർമ്മമാർഗ്ഗങ്ങളിൽ തന്നെയാണ് ഈ കവിതകളുടെ വഴി. അതിനാൽ യുദ്ധവും വംശീയതയുമൊക്കെ ചില കവിതകളിൽ പ്രമേയവൽക്കരിക്കപ്പെടുന്നു. ഒപ്പം ഭരണകൂടനൃശംസതകളും. അപ്പോൾ തൻ്റെ കവിത നിലവിളിയും ആക്രോശവുമൊക്കെയായി മാറുമെന്ന് കവി സ്വയം പറയുന്നുണ്ട്. കവിത മൃതമായ നിലങ്ങളിലൂടെയുള്ള നൊന്തു പൊള്ളുന്ന നടത്തം. അപ്പോൾ "വാക്കുകളുടെ പൊന്നുതമ്പുരാനേ, പൊറുക്കുക, ഇത് കവിതയല്ലേയല്ല! ഗതികേടിൻ്റെ ദീനരോദനമാണ്. ചെറുത്തു നിൽപ്പിൻ്റെ കൊടിയടയാളമാണ്, മുദ്രാവാക്യമാണ്." എന്ന് ഷൈബു എഴുതുന്നു. നീതിരഹിതമായ ഇടങ്ങളിൽ വാക്കിൻ്റെ ഒച്ചപ്പെടുത്തലാണത്. ചോര നിറച്ച കുപ്പികൾ സൂപ്പർ മാർക്കറ്റുകളിൽ വില്പനക്കെത്തുമോ? അവയിൽ പല തരം മുദ്രകൾ. "സ്വസ്തിക, സനാതന, ഗരുഡമുദ്രകൾ, ശംഖുമുദ്രകൾ, ജൈവ മുദ്രകൾ പതിച്ചവ". വാക്കുകൾ, അനീതിയുടെ അധികാര രൂപങ്ങളിലേക്ക് യാഥാർത്ഥ്യത്തിൻ്റെ ഞാണൊലിയോടെ പായുന്നു. നേരിട്ട് ചോദിക്കുന്നു "ഒരു കുപ്പിയ്ക്ക് എത്ര ഡോളർ?" ജീവൻ്റെ കൊടിക്കൂറകൾ എവിടെ നാട്ടും?
