ഗോണ്‍ ഗേള്‍; നുണകള്‍ കൊണ്ട്  കെട്ടിപ്പടുത്ത ജീവിതം അഥവാ നോവല്‍

Book Review

ഗോണ്‍ ഗേള്‍; നുണകള്‍ കൊണ്ട് കെട്ടിപ്പടുത്ത ജീവിതം അഥവാ നോവല്‍


ത്യന്തികമായ നിഗൂഢതയെന്ന (The Ultimate Mystery) വിവാഹത്തെ വിശേഷിപ്പിക്കുന്ന അമേരിക്കന്‍ എഴുത്തുകാരി ജിലിയന്‍ ഫ്‌ളിന്‍ തന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവലായ 'ഗോണ്‍ ഗേള്‍' (Gone Girl)-ല്‍ ഒരു വൈവാഹിക ബന്ധത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തിരയുകയാണ്. ദമ്പതികള്‍ നിക്ക് ഡണ്ണും എയ്മി എലിയെട്ടും. എഴുത്തുകാരാണ് ഇരുവരും. വിവാഹിതരായത് രണ്ടാണ്ട് പ്രണയത്തിനു ശേഷം. പശ്ചാത്തലത്തില്‍ മഹാനഗരമായ ന്യൂയോര്‍ക്ക്.

അഞ്ചാം വിവാഹവാര്‍ഷികനാളില്‍ പാര്‍പ്പിടത്തില്‍ എത്തുന്ന നിക്ക്, ഭാര്യ അവിടെയില്ലെന്ന് അറിയുന്നതോടെയാണ് നോവലിന്റെ തുടക്കം. എയ്മി എങ്ങോ മറഞ്ഞിരിക്കുന്നു. സംഭവിച്ചത് കൊലപാതകമാണെന്നും കുറ്റവാളി നിക്ക് തന്നെയെന്നുമുള്ള അനുമാനത്തിലാണ് പോലീസ് അന്വേഷണം. രക്തദാഹികളായ മാധ്യമങ്ങളുടെ വേട്ടയ്ക്കും നിക്ക് ഇരയാകുന്നു. ദിനസരിക്കുറിപ്പുകളിലൂടെയുള്ള ഫ്‌ളാഷ് ബാക്ക് ദൃശ്യങ്ങള്‍ നിക്കിന്റെയും എയ്മിയുടെയും ജീവിതഘടന എങ്ങനെയായിരുന്നുവെന്ന് വിശദമായി പ്രതിപാദിക്കുന്നു. നിക്കിന്റെ വീക്ഷണകോണിലൂടെയുള്ള വിവരണവും എയ്മിയുടെ ഡയറിയും ഇടകലര്‍ന്നതാണ് നോവലിന്റെ അഖ്യാനം. അവര്‍ ജീവിതത്തില്‍ പരസ്പരം പറഞ്ഞിരുന്നത് നുണകളാണ്. വായനക്കാരോട് പറയുന്നതും നുണകള്‍ തന്നെ. ജിലിയന്‍ ഫ്‌ളിന്‍ സമര്‍ത്ഥമായി വിശകലനം ചെയ്യുന്നത് ഈ നുണകളെയാണ്. അസത്യങ്ങള്‍ നിര്‍ണ്ണയിക്കുന്ന ജീവിതം എന്തൊരാഭാസമാണെന്ന് ഫ്‌ളിന്‍ വിലയിരുത്തുന്നു.

ഒരു സവിശേഷ ചരിത്രസന്ധിയില്‍ ന്യൂയോര്‍ക്കും അമേരിക്കയാകെയും അനുഭവിച്ച സാമ്പത്തിക മാന്ദ്യം ഈ നോവലില്‍ കലര്‍ന്നുകിടപ്പുണ്ട്. നിക്കും എയ്മിയും ഒരുപോലെ തൊഴില്‍രഹിതരാകുന്നത്, സാമ്പത്തിക മാന്ദ്യത്തെ (The Great Recession) തുടര്‍ന്നാണ്. അതിന്റെ തിക്തത ഹതാശമായ ഒരു അവസ്ഥ സൃഷ്ടിക്കുന്നു. ജീവിതമാകെ താളംതെറ്റിയതാകുന്നു. തകര്‍ച്ച അനിവാര്യമായിത്തീരുന്നു.


Related Articles