സ്വപ്നങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ മനുഷ്യന് എക്കാലത്തും ഒരു പ്രഹേളിക ആയിരുന്നിട്ടുണ്ട്. അതിനെ സംബന്ധിച്ച് മനശാസ്ത്രപരമായ അനേകം വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതിലൊന്നും മനുഷ്യര്‍ പൂര്‍ണ്ണ തൃപ്തരല്ല എന്നതാണ് സത്യം. ഉണര്‍വ്വുവേളകളില്‍ ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണ്ണങ്ങളായ, ഭ്രമാത്മകങ്ങളായ, വിചിത്രങ്ങളായ സ്വപ്നങ്ങളുടെ പിടിയില്‍ ഉറക്കത്തിനിടയില്‍ മനുഷ്യര്‍ പെട്ടുപോകുന്നതെന്ത്? നമുക്ക് അതിന്മേല്‍ ഒരു നിയന്ത്രണവുമില്ലാത്തത് എന്തുകൊണ്ട്? അത് സമ്മാനിക്കുന്ന സന്തോഷമാകട്ടെ, സങ്കടം ആകട്ടെ, വേദനയാവട്ടെ, ഉന്മാദമാകട്ടെ എന്തും ഉണര്‍വ്വുനേരത്തേക്കാള്‍ തീവ്രതയോടെ അനുഭവിക്കാന്‍ നമുക്ക് കഴിയുന്നതെന്തുകൊണ്ടാണ്? സത്യത്തില്‍ നാം സ്വപ്നങ്ങളുടെ ഉടമസ്ഥരോ ഇരകളോ? ചോദ്യങ്ങള്‍ പിന്നെയും അവശേഷിക്കുകയാണ്. ഉത്തരങ്ങള്‍ തേടി മനശാസ്ത്രജ്ഞരും ചിന്തകരും ദാര്‍ശനികരും ഇപ്പോഴും അലഞ്ഞുകൊണ്ടിരിക്കുന്നു. പുതിയ നിഗമനങ്ങളിലും ചിന്താപദ്ധതികളിലും അവര്‍ എത്തിച്ചേരുന്നു.
സ്വപ്നങ്ങളെ ഉണര്‍വ്വിനു ശേഷം ഉപേക്ഷിക്കൂ എന്ന് പറയാനെളുപ്പമാണെങ്കിലും എല്ലാവര്‍ക്കും അത് സാധ്യമാണോ? അത്രവേഗം സ്വപ്നങ്ങളെ മനസില്‍ നിന്ന് ഇറക്കിവിടാനാവാതെ ഉഴറുന്ന, അതിന്റെ സങ്കീര്‍ണ്ണതയില്‍ പിടയുന്ന, കുറ്റബോധത്തില്‍ നീറുന്ന, അതിലൂടെ മനസിന്റെ പിടിവിട്ടു പോകുന്ന അനേകര്‍ നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവിലേക്ക് നമ്മെ എത്തിക്കുന്ന അതിന്റെ നീറ്റലും പിടച്ചിലും തീക്ഷ്ണത ചോരാതെ വരച്ചു കാട്ടുന്ന നോവലാണ് ജിസ്മ ഫൈസിന്റെ മറുപുറം. ഓരോ മനുഷ്യനും നാം അറിയുന്നതിനപ്പുറം മറുപുറങ്ങളും വായിച്ചെടുക്കാനാവാത്തത്ര സങ്കീര്‍ണ്ണങ്ങളായ താളുകളുമുണ്ടെന്ന് ഈ നോവല്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
ജിസ്മ ഫൈസ് എന്ന എഴുത്തുകാരിയെ 'എന്റെ അരുമയായ പക്ഷിക്ക്' എന്ന നോവലിലൂടെയാണ് നാം വായനക്കാര്‍ പരിചയപ്പെടുന്നത്. അത് ലളിതവും പ്രണയഭരിതവുമായ ഒരു നോവലായിരുന്നു. പുതിയ കാലത്തിന്റെ 'അപ് മാര്‍ക്കറ്റ് ഫിക്ഷന്‍' വിഭാഗത്തില്‍ പെടുത്താവുന്ന ഒന്ന്. ഒരെഴുത്താള്‍ ഒരു കൃതിയില്‍ പ്രശസ്തയായാല്‍ പിന്നെ അവരെ അതില്‍ തളച്ചിടാനുള്ള ഒരു സാഹിത്യപ്രവണത പൊതുവേ നിലനില്‍ക്കുന്നുണ്ട്. അവരില്‍ നിന്ന് അത്തരം കൃതികളുടെ തുടര്‍ച്ച നാം അറിയാതെ പ്രതീക്ഷിക്കുന്നു. അവരെ അതില്‍ തുടരാന്‍ നിര്‍ബന്ധിക്കുന്നു. എന്നാല്‍ സര്‍ഗ്ഗാത്മകതയുള്ള ഒരു എഴുത്താള്‍ അങ്ങനെ ഏതെങ്കിലും ഒരു ശൈലിയിലോ വിഷയത്തിലോ ഉറഞ്ഞു കിടക്കുന്നവരല്ല, വായനക്കാരുടെ നിര്‍ബന്ധങ്ങളെയും പ്രതീക്ഷകളെയും അതിജീവിച്ച് അവര്‍ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കും. ആ പുതിയ വഴിയിലൂടെ മറ്റൊരദ്ഭുതം നമുക്ക് വരച്ചു കാണിച്ചു തരും.
