പ്രതികഥകളുടെ തായ് വേരുകൾ

Book Review

പ്രതികഥകളുടെ തായ് വേരുകൾ


അനീതി വാഴുകയും അധർമ്മം പെരുകുകയും പെയ്യുന്ന വർത്തമാന കാലത്ത് അതിശക്തമായ പ്രതിഷേധാക്ഷരങ്ങളാണ് പാറക്കടവിന്റെ കഥകൾ. ഇരകളോടൊപ്പമെന്ന് ധ്വനിപ്പിക്കുകയും വേട്ടക്കാരോടൊപ്പം ചേർന്നു നിൽക്കുകയും ചെയ്യുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന പാറക്കടവിന്റെ പുതിയ കഥാ സമാഹാരമാണ് 'വേരുകളുടെ ചോര'. ഇതിലെ ഓരോ കഥകളും പൊട്ടിച്ചു നോക്കിയാൽ പൊള്ളുന്ന നേരുകൾ ഇടിമിന്നൽ പോലെ ശബ്ദമുണ്ടാക്കും. മിന്നൽപ്പിണർ പോലെ ജ്വലിച്ചു തറക്കും. അത് കൊണ്ട് തന്നെയാകും അവയെ മിന്നൽ കഥകൾ എന്ന് വിളിക്കുന്നത്. വളരെ കുറഞ്ഞ അക്ഷരങ്ങളിൽ കടഞ്ഞെടുത്ത അവയെ കുറുങ്കഥകൾ, മിനിക്കഥകൾ എന്ന് വിളിക്കുന്നത് അനുചിതമാണ്. ഇരകളോടൊപ്പം നിലകൊള്ളുന്നതാകണം എഴുത്തുകാരന്റെ രാഷ്ട്രീയം എന്ന തന്റെ നിലപാടിന് അടിവരയിടുന്നതാണ് ഇതിലെ കഥകൾ. അപരിചിതമായ പുഴയിലൂടെ ഒഴുക്കിനെതിരേ നീന്തുന്നതാണ് കവിത എന്ന് എഴുത്തുകാരൻ തിരിച്ചറിയുന്നു.

'ഈ ഇത്തിരി വരികളിൽ എന്ത് കഥയാണുള്ളത്?' എന്ന് ചോദിക്കുന്നവരോട് 'പൊട്ടിച്ചു നോക്കൂ' എന്നതാണ് കഥാകൃത്തിന്റെ മറുപടി. അതെ, അതിനകത്ത് കഥയും കവിതയുമല്ല, ജീവിതമാണ്. ജീവനും ചോരയുമുള്ള അക്ഷരങ്ങൾ! അവയ്ക്ക് ഭൂമിയുടെ ആഴങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങിയ വേരുകളും ആകാശത്തോളം പടർന്നു കിടക്കുന്ന ചില്ലകളുമുണ്ട്.

അകം നൊന്ത്, വെന്ത് എഴുതുന്നതാണ് കഥകളെന്ന് കഥാകൃത്ത് പലവുരു പറഞ്ഞിട്ടുണ്ട്. വർത്തമാനാന്തരീക്ഷം കൂടുതൽ കലുഷിതമാകുമ്പോൾ എഴുത്തുകാരന്റെ ഉള്ള് മാത്രമല്ല; പേനയിലെ മഷി പോലും ധാർമ്മിക രോഷം കൊണ്ട് തിളച്ചു മറിഞ്ഞ് പൊട്ടിത്തെറിച്ച് കഥാകൃത്തിനെ വരെ പരിക്കേൽപ്പിക്കുന്നു. ആ നോവാണ് വായനക്കാരിലും നുരഞ്ഞു പുകയുന്നത്. 


Related Articles