അയാൾ സ്വയം നിസ്സാരനാവുന്നു, നമ്മെ ജാഗ്രത്താക്കാൻ

Book Review

അയാൾ സ്വയം നിസ്സാരനാവുന്നു, നമ്മെ ജാഗ്രത്താക്കാൻ


വ്യക്തിതലത്തിലും സാമൂഹ്യമായിട്ടുള്ളതുമായ ഉത്കണ്ഠകളാണ് സ്വാഭാവികമായിട്ടും എല്ലാ എഴുത്തുകാർക്കും രചനയ്ക്കുള്ള പ്രേര​ണയാകുന്നത്. അക്കൂട്ടത്തിൽ താൻ കൈകാര്യം ചെയ്യുന്ന ഭാഷയെക്കുറിച്ചും ആഖ്യാനസമ്പ്രദായത്തെപ്പറ്റിയുമുള്ള ആശങ്കകളും പെടും. ഇതൊക്കെ ഏറിയും കുറഞ്ഞും എല്ലാ എഴുത്തുകാ​രിലും ഉണ്ടാകും. ഈ സമാഹാരത്തിലെ സുദീപിന്റെ മിക്കവാറും കഥകൾ വാരികകളിൽ അച്ചടിച്ചുവരുന്ന സമയത്തുതന്നെ വായിച്ചിട്ടുണ്ട്. അപ്പോഴൊക്കെ സാമൂഹ്യമായ ആകുലതകൾ ഏറിനിൽക്കുന്ന കഥകൾ എന്നാണ് പൊതുവേ തോന്നിയിട്ടുള്ളത്. എന്നാൽ ഈ എഴുത്തിനായി അതൊക്കെ ഒരുവട്ടംകൂടി വായിച്ചപ്പോൾ ആ ധാരണയ്ക്ക് കാര്യമായി ഇളക്കം തട്ടിയിട്ടുണ്ട്. കാരണം ഒരു നല്ല എഴുത്തുകാരൻ പുറമേ പറയുന്നതിന്റെ അനുബന്ധങ്ങളോ ആഴ​മുള്ള വേറൊരു ജീവിതകാഴ്ചപ്പാടോ കഥകൾക്കുള്ളിൽ ചേർത്തു​വെക്കാറുണ്ട്. സൂക്ഷ്മമായ മനുഷ്യാവസ്ഥകളെക്കുറിച്ചും കല​യുടെ രൂപപരമായ ഭദ്രതയെക്കുറിച്ചുംകൂടി ആഴത്തിൽ സുദീപിന്റെ കഥകൾ സംവേദനം ചെയ്യുന്നുണ്ട്. അതിന്റെ പുറ​ന്തോട് മാത്രമാണ് ഉറക്കെ പറയുന്ന രാഷ്ട്രീയം. താൻ എഴുതുന്ന സമയത്തെ മികച്ച കഥാകൃത്തായി സുദീപ് മാറുന്നത് പലതും എഴുത്തിലൂടെ ധ്വനിപ്പിക്കുന്നതുകൊണ്ടുകൂടിയാണ്. നമ്മൾ കാണു​ന്നതിനപ്പുറമുള്ള​താണ് യഥാർത്ഥ ലോകം. യഥാർത്ഥ എഴു​ത്തും ഒരു ഡയമൻഷ​നിലൊതുങ്ങാതെ പല മാനങ്ങളിലേക്ക് പടരുന്നു.

ഈ സമാഹാരത്തിലെ ഏറെ വ്യത്യസ്തമായ കഥ "റാന്തലാ’ണ്. സുദീപ് ഒരു തീവണ്ടിഡ്രൈവറുടെ പക്ഷത്തുനിന്ന് കഥ പറഞ്ഞുകൊണ്ട് എഴുത്തിന്റെ മർമ്മത്തിൽ തൊടുകയാണതിൽ. കുടുംബസ്നേഹിയായ ഒരു സാധാരണക്കാരനായ നെപ്പോളിയൻ തന്റെ ഇപ്പോൾ പ്രായേണ ശാന്തമായ ജീവിതവഴിയിൽ ഒരു പതിനാറുകാരനുമായി ഇടയുന്നതാണ് ഒറ്റനോട്ടത്തിൽ കഥ. എന്നാൽ അതിലൂടെ വേറൊരു കഷ്ടജീവിതത്തിലേക്ക് അയാൾ കടന്നു ചെല്ലുന്നു. ആ കുട്ടി അയാൾതന്നെയാണെന്ന് സുദീപ് പറയാതെ പറയുന്നു. അവന്റെ ജീവിതവഴി നെപ്പോളിയന്റെ ഭൂതകാലം തന്നെയാണ്. എപ്പോഴെങ്കിലും മനുഷ്യർക്ക് എതിരാളി താൻ​തന്നെയല്ലേ എന്ന സംശയമോ തിരിച്ചറിവോ ഉണ്ടായേക്കാം. ആളുകളെ കള്ളികളിൽ ഒതുക്കുന്നതിലല്ല കലയിരിക്കുന്നത്. എഴുത്ത് പലമ​യെയും ഒന്നാകലിനെയും ഒരേസമയം പുണരുന്നുണ്ട്. അങ്ങനെയൊരു മികച്ച നിലവാരത്തിലേക്ക് തന്റെ കഥയെ ഉയർത്താൻ റാന്തലിലൂടെ എഴുത്തുകാരനു കഴിയുന്നുണ്ട്.

ഒരു മൃഗം കഥയിൽ ഇടപെടുന്നതോടുകൂടി എല്ലാം മാറിമറിയും. പിന്നെ കഥപറച്ചിലിൽ എന്തുതരം അതിശയോക്തികളും ചടുലസംഭവങ്ങളും സാദ്ധ്യമാണ്. കാരണം, മൃഗം വരുന്നതോടുകൂടി നമ്മൾ, ഏറ്റവും പ്രിയപ്പെട്ടതായി ഉള്ളിൽ അടിഞ്ഞുകിടക്കുന്ന കുട്ടിക്കഥകളുടെ ലോകത്തേക്ക് തിരിച്ചുപോകും. സുദീപിന്റെ ഏറ്റവും നല്ല കഥകളിലൊന്നാണ് ഒരു കാളയും അതിന്റെ വളർത്തുകാരനും കഥാപാത്രങ്ങളാകുന്ന "ള’ എന്ന കഥ. അതിന്റെ അവസാനഭാഗത്തെ രാഷ്ട്രീയ അലിഗറിയല്ല മറിച്ച് തുടക്കംമുതൽ പുലർത്തുന്ന അതിസുന്ദരമായ കഥപറച്ചിൽ രീതിയാണ് എനിക്ക് ഇഷ്ടമായത്. ഏറ്റവും അനായാസമായാണ് ഇവിടെ കഥ നമ്മുടെ ഉള്ളിൽ സംഭവിക്കുന്നത്. അതിനായി ഭാഷയുടെ നാടോടിവഴക്കമാണ് കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്ന കൗശലം. ഫോക് താളത്തിൽ ചുവടുവെച്ച് രമണീയമായ വാക്കുകളോടെ കയും ളയും ചെയും നയുമൊക്കെ വായനക്കാരനെ വേറൊരു സ്ഥലത്തെത്തിക്കുന്നു. കഥയിലെ സ്ഥലം എഴുത്തുകാരൻ സൃഷ്ടിക്കുന്നതാണ്. അതിന് യഥാർത്ഥസ്ഥലവുമായി ചെറിയ ബന്ധമേ​യുള്ളൂ. അങ്ങനെയൊരു അപരിചിതവും എന്നാൽ വളരെ പരിചിതവുമായ സ്ഥലത്തേക്ക് അനായാസം നമ്മളെ എത്തിക്കുന്നതാണ് ഈ കഥ. എഴുത്തുകാരന്റെ കൈയൊതുക്കവും മിടുക്കും കാണിക്കുന്ന രചന.


Related Articles