കഥ സത്യത്തില്‍ ഏതുകാലത്തും ജീവിതത്തിന്റെ സ്വന്തം ഭാഷയാണ്. സമൃദ്ധിയില്‍ എന്നപോലെ ഇരുട്ടിലും അതെന്നും നമ്മോടൊപ്പമുണ്ട്. കഥകള്‍ കേട്ടുകേട്ടാണ് മനുഷ്യര്‍ക്ക് ഒരു ജീവിതമുണ്ടായത്. മൃഗം, മൃഗമായതിനാല്‍ 'മൃഗത്വം' എന്നൊരു അവസ്ഥയിലേക്കുയരുകയോ അതില്‍നിന്ന് താഴുകയോ ചെയ്യേണ്ടൊരു കാര്യവും അവയ്ക്കില്ലാത്തതുകൊണ്ട് കഥകളുടെ സ്വാതന്ത്ര്യം അവയ്ക്കന്യമാണ്. എന്നാല്‍ മനുഷ്യനില്‍, മനുഷ്യനാവാന്‍ 'മനുഷ്യത്വം' വേണമെന്നുള്ളതുകൊണ്ടാണ് കഥകള്‍ അനിവാര്യമാകുന്നത്. മനുഷ്യര്‍ 'മനുഷ്യത്വത്തിലേക്ക്' വിമോചിതരാകും മുറയ്ക്ക് കഥകളുടെ ലോകവും വികസിക്കും. മൃഗത്വത്തിലേക്കു സങ്കോചിക്കപ്പെടുമ്പോള്‍ കഥകളൊക്കെയും നഷ്ടപ്പെട്ട് മനുഷ്യര്‍ സ്വയംമുരടരാകും. ഭാവനാനഷ്ടം മോശം നിര്‍മ്മാണങ്ങള്‍ക്ക് ഇടവരുത്തും പോലെ, അതിന്റെതന്നെ തുടര്‍ച്ചയായ കഥാനഷ്ടം മനുഷ്യരെ കൊടുംമടുപ്പില്‍ മൂടും. ബോറടിക്കുന്നത് നാം ധിഷണാശാലികളായതുകൊണ്ടാണെങ്കില്‍ അതില്‍നിന്ന് നാം പുറത്തുകടക്കുന്നത്, നമുക്കേറെ കഥകളുള്ളതുകൊണ്ടും ഇനിയുമേറെ കഥകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതുകൊണ്ടുമാണ്.
കഥ പറയുമ്പോഴും കേള്‍ക്കുമ്പോഴുമുള്ള നമ്മുടെ അധിക ശ്രദ്ധ 'അനേകത' യിലേക്കും അതീത്വത്തിലേക്കുമുള്ള കവിയലാണ്. നിന്നിടത്തുതന്നെ നില്‍ക്കാനാകായ്മയാണ്, തന്നില്‍തന്നെ തുടരാന്‍ വയ്യായ്കയാണ്, മെച്ചപ്പെടാനും മെച്ചപ്പെടുത്താനുമുള്ള തിടുക്കമാണ്, അധികാരമുക്തമാവാനുള്ള കൊതിയാണ്, പൊറുതികേടുകളുടെ ഭാരമാണ്, വെറുതേയിരിക്കാനാവില്ലെന്ന തീര്‍പ്പാണ് പല പ്രതലങ്ങളില്‍ യുവപ്രതിഭ ഷബ്‌നമറിയത്തിന്റെ കഥകളില്‍ കുതറുന്നത്.
കയറുകള്‍ക്കിടയില്‍ കെട്ടപ്പെടുമ്പോഴും ചിറകുകള്‍ സ്വപ്നം കാണാന്‍ മനുഷ്യര്‍ക്കാകുന്നത്, ജനായത്തനിലപാടുകളില്‍ അവര്‍ നിവര്‍ന്നുനില്‍ക്കുമ്പോഴാണ്. നിലപാടുനഷ്ടമാണ് ആത്മനിന്ദകള്‍ക്കു കാരണം. സംഭാഷണനഷ്ടവും സ്വപ്നനഷ്ടവും അതോടൊപ്പം സംഭവിച്ചാല്‍, അതോടെ ജീവിതത്തിന്റെ കഥ കഴിയും. കഥയെന്ന മലയാളവാക്കുമായി ചേര്‍ന്നുനില്‍ക്കുന്ന പ്രയോഗങ്ങളൊക്കെയും പങ്കുവെക്കുന്നത് കഥയും മനുഷ്യാസ്തിത്വവും തമ്മിലുള്ള അഗാധബന്ധങ്ങളെയാണ്. ജീവിതം കഥയും കഥ ജീവിതവുമാകുന്നതിന്റെ ബലതന്ത്രമാണ് ഇതിലെ പല കഥകളും. നോവലിലും കവിതയിലും നാടകത്തിലും സിനിമയിലും ഐതിഹ്യങ്ങളിലും സാധാരണ സംഭാഷണങ്ങളിലും പല വേഷങ്ങളില്‍ കഥകള്‍ കേറിയിറങ്ങും. 'കാര്യമാത്രപ്രസക്തം' എന്നു കരുതി അവതരിപ്പിക്കുന്നതില്‍പ്പോലും കഥകള്‍ ഒളിപ്പിച്ചിരിപ്പുണ്ടാവും. സംഭാഷണങ്ങളുടെ, അതുവഴി ഭാഷയുടെയും ചരിത്രജീവിതത്തിലാണ് കഥയും കാര്യവുംകൂടി കൂടിക്കുഴയുന്നത്.
