പ്രണയം ആൾമാറാട്ടം വകവെച്ചുതരാത്ത പ്രയാണമാണ്; കെ ആർ മീരയ്ക്ക് ഭാഷയെന്നപോലെ, 'കലാച്ചി'യിലെ ഫിദയ്ക്ക് ഇജാസിനെ കണ്ടെത്താനുള്ള അനിശ്ചിതസഞ്ചാരമെന്നപോലെ. കഥകളിൽ നോവലുകളിൽ എത്രയോ കാലമായി നിർദാക്ഷണ്യം ഭൂതകാലത്തിലും വർത്തമാനത്തിലും ഭാവിലോകത്തുമായി പടർന്നുകിടക്കുന്ന സത്യസന്ധമായ മാനവികചോദനകളെ ആഴത്തിൽ അടയാളപ്പെടുത്തുന്ന എഴുത്തുകാരിയായി കെ ആർ മീര നമ്മോടൊപ്പമുണ്ട്. മനുഷ്യന്റെ ധർമ്മസങ്കടങ്ങൾക്കു അറുതിയോ പൊറുതിയോ ഇല്ലാത്തതിനാൽ വാക്കിനെ ആയുധമാക്കി മുന്നോട്ടൊഴുകാതെ വേറെന്തു പോംവഴിയാണ് നമുക്കുള്ളത്. എഴുത്തുകാർ പ്രതിപക്ഷത്തു നിലയുറച്ചുകൊണ്ടാണ് വ്യവസ്ഥിതിയെയും പുരുഷാധിപത്യത്തേയും അരാഷ്ട്രീയതയെയും അനീതിയെയും നിരന്തരം ചോദ്യം ചെയ്യുന്നത്. കെ ആർ മീര ആ നിരയിൽ മുൻപന്തിയിൽ നിലയുറച്ചുനിൽക്കുന്ന എഴുത്തുകാരിയാണ്.
സ്ത്രീശരീരം, അധികാരം, കുറ്റബോധം, പ്രതികാരം, പുരാവൃത്തം, ആത്മസംഭാഷണങ്ങൾ ഇവയെല്ലാം ഒരുമിച്ച് കലർന്നുകിടക്കുന്ന ഗൂഢമായയൊരു ലോകം മീര 'കലാച്ചി'യിൽ സൃഷ്ടിക്കുന്നുണ്ട്. അതിഭൗതികതയുടെ കാലിളകുന്ന കസേരയിലിരിപ്പാണ് ഇന്നും മതങ്ങൾ. എഴുന്നേറ്റു നടക്കാനോ മുന്നോട്ടു കുതിക്കാനോ ശുദ്ധവായു ശ്വസിക്കാനോ അതിനു പാങ്ങില്ല. ദൈനംദിനജീവിതവ്യവഹാരങ്ങളെ നിർണ്ണയിക്കുന്നുവെന്ന തോന്നൽ സൃഷ്ടിച്ച് ദേശീയത നമുക്കിടയിലുണ്ട്. കപടനാട്യങ്ങൾ ചമഞ്ഞാണ് അതിന്റെ നടപ്പ്. ഏതു നിമിഷവും വ്രണപ്പെടാവുന്ന വികാരമാണതിന്റെ പ്രാണൻ. രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, ഭാഷ, പാരമ്പര്യം എന്നിവയുമായി ഒരു വ്യക്തി ആത്മബന്ധം സ്ഥാപിക്കുമ്പോൾ അതിൽ നിന്നുയരേണ്ട സ്വതന്ത്ര അനുഭൂതിയാണ് ദേശസ്നേഹം എന്നാരും ഓർക്കുന്നില്ല. ആ ചരിത്രം ഏകമാനമല്ല. ആ സംസ്കാരം ബഹുരൂപിയാണ്. ആ ഭാഷ സഹസ്രകോടിനാവുകളിൽ പലവിധമാണ്. ആ പാരമ്പര്യം പൗരന്റെ അവകാശങ്ങളും കടമകളും ഒരുപോലെ ഉൾക്കൊള്ളുന്ന അനന്യധാരയാണ്. ഭരണഘടനയെ മാനിക്കുക, നിയമങ്ങൾ പാലിക്കുക, സമൂഹത്തിലെ വൈവിധ്യങ്ങളെ ആദരിക്കുക, പൊതുസ്വത്തുക്കൾ സംരക്ഷിക്കുക ഇവയെല്ലാം ദേശീയതയുടെ ഭാഗങ്ങളാണ് എന്ന് മറന്നു പോകുന്ന ഒരു രാജ്യം നമ്മെ ഭയപ്പെടുത്തുന്നുണ്ട്. കഥാകാരി പറയുന്നത് നഗ്നസത്യങ്ങളാണ്. 'ലോകത്ത് രണ്ടുതരം ജീവിതമേയുള്ളൂ; ഒന്ന് അധികാരത്തിന്റെത്. രണ്ട് അടിമത്തത്തിന്റേത് '. എന്നാൽ ഈ തിരഞ്ഞെടുക്കൽ അസാധ്യമായ മനുഷ്യരെ മതവും പൗരത്വവും വിഴുങ്ങും. തടവറ ഒരു രാജ്യമാകും. കെണിയാകും. ചതിക്കുഴിയാകും. കടവായ് തുറന്ന് ഇരകളെ പിടിക്കാനിരിക്കുന്ന മൃഗംപോലെ അത് മുരളും. ഇരുട്ടിൽ ഏതുനിമിഷവും മുന്നിലേക്ക് ചാടിവീഴാവുന്നപോലെ അത് ഭയപ്പെടുത്തും.
രാഷ്ട്രീയം പൂമുഖത്തോ തെരുവിലോ മാത്രം വിളയാടുന്ന പ്രതിഭാസമല്ലെന്നു ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്. കിടപ്പറയിലും കുളിമുറിയിലും അടുക്കളയിലും ചോറ്റുപാത്രത്തിലും എന്തിനുപറയുന്നു അരൂപിയായ മനോരാജ്യങ്ങളിൽ പോലും അത് ഇടപെടുന്നു. സോവിയറ്റ് യൂണിയന്റെ മണ്ണിലുരുവം കൊണ്ട കസാഖ്‌സ്ഥാൻ. കസാഖ്‌സ്ഥാനിലെ കലാച്ചി. നൂർസുൽത്താനെന്നും അസ്‌തനയെന്നും പേരുകൾ മാറ്റിയെഴുതി പരീക്ഷിച്ചിട്ടും മാഞ്ഞുപോകാത്ത തലസ്ഥാനമുള്ളയിടം. ഉറക്കത്തിന്റെയും ഉണർവിന്റേയും രാഷ്ട്രീയം പറയാൻ കെ ആർ മീര നമ്മെ വഴിനടത്തുന്നത് ഈ പ്രേതഗ്രാമത്തിലേക്കാണ്. അവിടെയുള്ളവരെ ബാധിച്ച ഊഹാത്മകമായ മസ്തിഷ്ക വീക്കം ദീർഘനിദ്രയിലേക്ക് നയിക്കുന്നു. പിന്നീട് ഉണർന്നുവരുമ്പോൾ ചുറ്റുപാടും സർവം മാറുന്നു. അതോ ഞാനാണോ മറിയത്? ഇടവും ഇംഗിതവുമറിയാത്ത മരപ്പാവകളായ ഈ മനുഷ്യർ അടിമകളല്ലാതെ മറ്റാരാണ്? നിദ്രാരോഗം എന്നത് വെറും ഒരു പ്രതീകമല്ല. ആരോഗ്യമില്ലാത്ത ജനത എത്ര ദുർബലരാണ്. ഇജാസിനെപ്പോലും അടിമുടി വിഴുങ്ങികളഞ്ഞ സ്ലീപ്പി ഹോളോ കണ്ണിലെണ്ണയൊഴിച്ചു കാവലിരിക്കേണ്ട ഈ കാലത്തിന്റെ നേർസാക്ഷ്യമാകുന്നു. ചെറിയ അലസത, നിസ്സാരമായ ജാഗ്രതക്കുറവ് ഒക്കെ വൻ നഷ്ടങ്ങളിലേക്കു നമ്മെകൊണ്ടുചെന്നെത്തിക്കും എന്ന് മുന്നറിയിപ്പ് തരുന്നുണ്ട് ഈ പുസ്തകം. ഒന്ന് കണ്ണുചിമ്മി ഉറങ്ങിപ്പോയാൽ പൗരത്വം, വിലാസം, വിശ്വാസം, രാജ്യം, അവകാശം, സ്വസ്ഥത വീട് നാട് എല്ലാം തന്നെ നിഷ്കാസനം ചെയ്യപ്പെട്ടേക്കാം. അച്ഛനും അമ്മയും രണ്ടു ടെറിട്ടറികളിൽ മനസ്സ് കൊണ്ടും ശരീരം കൊണ്ടും അകന്നു കഴിയുമ്പോൾ വീടിനുള്ളിൽ സ്വന്തം ഭൂമിക തിരയുന്ന കുട്ടികളായ അഖ്സയും എലീസയും അഭയാർത്ഥികളുടെ യഥാതഥമായ ചോദ്യസംജ്ഞകളായി. എല്ലാം മറന്നുറങ്ങുന്നവരെയും ഉറക്കം നടിക്കുന്നുവരെയും ഏതരിപ്പയിലിട്ടരിച്ചു പരമാർത്ഥത്തെ തെളിയൂറ്റിയെടുക്കുമെന്നെനിക്കറിയില്ല. “ഉറക്കം” ഒരു ശരീരാവസ്ഥ മാത്രമല്ല; ജൈവികമായ വിശ്രമാവസ്ഥ മാത്രമല്ലയിവിടെ. അത് ഒരു തീക്ഷ്ണമായ രാഷ്ട്രീയ രൂപകം കൂടിയാണ്. ഉറങ്ങുന്ന കഥാപാത്രങ്ങൾ പലപ്പോഴും കഥയുടെ അരികിലായിരിക്കും, പക്ഷേ അവരുടെ നിശ്ശബ്ദ സാന്നിധ്യം കഥയുടെ അധികാരബന്ധങ്ങളെ വെളിപ്പെടുത്തുന്നു. ആരാണ് ഉറങ്ങുന്നത്? ആരെയാണ് ഉറക്കിക്കിടത്തുന്നത്? ആരുടെ ഉറക്കമാണ് കാത്തുസൂക്ഷിക്കപ്പെടുന്നത് ?എന്താണ് നഷ്ട്ടപ്പെടുന്നത്? കഥകളിലെ ഉറക്കം, പലപ്പോഴും, ഉണർന്നിരിക്കുന്നവരുടെ രാഷ്ട്രീയത്തെക്കാൾ മൂർച്ചയുള്ളതാണ്. കഥകളുടെ ഉള്ളിലുള്ള അധികാര രാഷ്ട്രീയത്തെ അതടിമുടി തുറന്ന് കാണിക്കുന്നു. റിപ്പ് വാൻ വിങ്കിളോ, ഉരശിമ തരോയോ ഞാൻ തന്നെയാണോ? ഞാൻ ഉറങ്ങുകയാണോ? ഇതെന്റെ സ്വപ്‍നമാണോ? പിടികിട്ടാത്തതെല്ലാം 'കഥയക്ഷി'യുടെ പേരിൽ സമർപ്പിച്ച് ഭയപ്പാടോടെ ഞാൻ മാറിനിൽക്കുന്നു .
