വായനക്കാരെ വിലകുറച്ചു കാണാത്ത കഥകൾ

Book Review

വായനക്കാരെ വിലകുറച്ചു കാണാത്ത കഥകൾ


 

അൻവർ അബ്ദുള്ള കഥ എഴുതുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്തത് അയാളുടെ ഇരുപത് വയസ്സിനു മുൻപുള്ള കലാലയ പഠനകാലത്താണ്. എംടി പത്രാധിപരായിരുന്ന കാലത്ത്. സ്വന്തം നിലപാടുതറയിൽ ഉറച്ചുനിന്നത് കാരണമോ, ആശാസ്യമല്ലാത്ത പ്രവണതകളോട് ചേർന്നുനിൽക്കാത്തതു കാരണമോ, എം ടിക്ക് ശേഷം കേരളത്തിൽ കൊടികുത്തിയ പത്രാധിപന്മാരുടെ ബോധപൂർവമുള്ള അവഗണന കാരണമോ ആകാം, മികച്ച ചെറുകഥകൾ എഴുതി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച അൻവർ പതിയെ അധികം കഥകളൊന്നും എഴുതാതായി. നോവലുകൾ ധാരാളം എഴുതുകയും ചെയ്തു. പോപ്പുലർ ഫിക്ഷൻ ഗണത്തിൽ പെടുത്താവുന്ന സാഹിത്യം കൊണ്ടാടപ്പെടുകയും (കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് വരെ ലഭിക്കുന്നു) ലിറ്റററി ഫിക്ഷൻ പലവിധത്തിൽ അവഗണിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് മലയാളസാഹിത്യത്തിൽ പുതുതായി രൂപപ്പെട്ട പ്രവണത. ഇത് നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും അതിന്റെ സാംസ്കാരികപരവും സാമൂഹികപരവും ദർശനപരവും അനുഭൂതിലാവണ്യശാസ്ത്രപരവുമൊക്കെയായ മേഖലകൾക്കും ഒട്ടും ശുഭകരമല്ല. മികച്ച സാഹിത്യം എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഒരു ജനത അതിജീവിച്ചതിന്റെ ചരിത്രവും ഭാഷയിലേക്ക് കടന്നുവരികയും തനതായി രൂപപ്പെടുകയുമൊക്കെ ചെയ്യുന്ന ദർശനങ്ങളും മറ്റും ലാവണ്യാനുഭൂതിയായി പാലിൽ പഞ്ചസാരയെന്ന പോലെ രചനകളിൽ അലിഞ്ഞുചേർന്നുണ്ടാവുന്ന സാഹിത്യമാണ്. അങ്ങനെ നോക്കുമ്പോൾ അൻവർ അബ്ദുള്ള മികച്ച സാഹിത്യം എഴുതുന്ന കഥാകാരനാണ് എന്ന് പറയാം. 

തേറ്റ അൻവറിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ്. എന്തുകൊണ്ടോ, ഈ കഥാസമാഹാരം ഇറങ്ങി രണ്ടാഴ്ച്ച കൊണ്ടുതന്നെ രണ്ടാം പതിപ്പിലേക്ക് അഭൂതപ്പൂർവ്വമായ കുതിപ്പ് നടത്തി. ഇതിലെ കഥകളുടെ മേന്മ കൊണ്ടാണെങ്കിൽ ഇനിയും പതിപ്പുകൾ ഉണ്ടാവണം. മികച്ച സാഹിത്യം വിൽക്കപ്പെടുക മാത്രമല്ല വായിക്കപ്പെടുകയും വേണം. അതുകൊണ്ടുള്ള നേട്ടം നമ്മുടെ ഭാഷക്കും സംസ്കാരത്തിനുമാണ്.


Related Articles