മെറ്റാവേഴ്സ് കാലത്തെ പുത്തൻ നാണ്വായർ നേട്ടങ്ങൾ

Book Review

മെറ്റാവേഴ്സ് കാലത്തെ പുത്തൻ നാണ്വായർ നേട്ടങ്ങൾ


ദീപു പ്രദീപിന്റെ ഈ നര്‍മ്മക്കുറുക്കൂട്ട് കഥകള്‍ തിരുവില്വാമലയുടെ സ്വന്തം നാണ്വായര്‍ കഥകളുടെ കാറ്റ് മനസ്സിലേക്കു കൊണ്ടുവന്നു. ആധുനിക സാഹിത്യത്തിന്റെ കാലത്തുതന്നെ മലയാളിയുടെ ചിന്തകളെ ചിരികൊണ്ട് ശീര്‍ഷാസനം ചെയ്യിച്ച വി.കെ.എന്‍. എന്തുകൊണ്ടോ നിനവില്‍ വന്നു. നസിറുദ്ദീന്‍ ഹോജാക്കഥകളുടെ ചിരി​യുടെ ഋജുത്വവും ഓര്‍മ്മയുടെ പൊടിതട്ടി ഉണര്‍ന്നു. ഏറ്റവും പുതിയ കാലത്തിന്റെയും ഇനിയും ഉരുത്തി​രിയുന്ന കാലത്തിന്റെയും നാഡിമിടിപ്പ് അറിഞ്ഞാണ് ദീപു കഥകള്‍ പറയു​ന്നത്. അപ്പോഴും വള്ളുവനാടന്‍ മണ്ണില്‍ ചുവടുകളമര്‍ത്തി നില്ക്കുന്നു ഈ ചിരികള്‍. പട്ടാമ്പിയും എടപ്പാളും പെരുമ്പിലാവും കല്ലുംമ്പുറവും ഒക്കെ തഴുകിവരുന്ന തെന്നലുകള്‍ ഈ കഥകളിലോടുന്നു.

നരേറ്റീവിന്റെ ഈ താളം നോക്കൂ–ആഖ്യാതാവ് എന്ന അനുഭവസ്ഥന്‍ പെണ്ണുകാണലിന് പോയപ്പോള്‍ ‘കോണി​യുടെ അറ്റത്ത് ബാഹുബലി വളയ്ക്കാന്‍ വിട്ടുപോയ പനപോലെ നിന്നിരുന്ന ആങ്ങളയെ നോക്കി.' സാദൃശ്യബിംബങ്ങളുടെ ഒരു ഘോഷയാത്രയാണ് ഈ ചിരിയുടെ കാഴ്ചവട്ടം നിറയെ. മറ്റൊന്ന്, "അലിയാര്‍ സാര്‍ ഡബ്ബ് ചെയ്യുന്ന സീരിയലിന്റെ പ്രൊമോപോലെ പ്രക്ഷുബ്ധമായി സുമേ​ച്ചിയുടെ മനസ്സ്. (ഓര്‍മ്മയില്‍ "ഹൂ ഈസ് അഫ്രെയ്ഡ് ഒഫ് വെള്ളായണി അര്‍ജ്ജുനന്‍!' എന്ന പ്രശസ്ത വി.കെ.എന്‍. മാസ്റ്റര്‍സ്‌ട്രോക്ക്!) ‘പഴയ​മോഹജ്വാല'യെ വര്‍ഷങ്ങള്‍ക്കിപ്പുറം അവളുടെ ഒക്കത്തൊരു കുഞ്ഞുമായി കണ്ടുമുട്ടവെ കഥാനായകനെ നോക്കി ശിശുവിന്റെ പിഞ്ചിളം ചിരി. അപ്പോള്‍ നായകന്റെ ആത്മഗതം, "ഈ ചിരി നിന്റെ അമ്മ പണ്ടു ചിരിച്ചിരുന്നെങ്കില്‍ !'


Related Articles