കീഴാളചരിത്രത്തെയും പ്രാദേശികമായ നാടോടിജനകഥകളെയും അർഹിക്കുന്ന മട്ടിൽ വിശകലനം ചെയ്യുന്നില്ല എന്നതാണ് നമ്മുടെ പരമ്പരാഗത ചരിത്രരചനാരീതിശാസ്ത്രത്തിൻ്റെ പരിമിതി. അതുകൊണ്ടുതന്നെ, അത്തരം വ്യവഹാരങ്ങൾക്കുമേൽ അടയിരിക്കുകയും അവയിലടങ്ങിയ ജീവിതത്തെ നിരന്തരം അപനിർമ്മിക്കുകയും ചെയ്യുന്ന പണിയാണ് പുതിയകാലത്തെ കഥാകൃത്തുക്കൾ ചെയ്തു കൊണ്ടിരിക്കുന്നത്.
അങ്ങനെ ഒരുതരം സമാന്തരചരിത്രം തന്നെ സർഗാത്മക സാഹിത്യകാരർ രചിച്ചുകൊണ്ടിരിക്കുന്നു.
നാടോടിക്കഥകളെയും വാമൊഴിചരിത്രത്തെയും ഐതിഹ്യങ്ങളെയും മിത്തുകളെയും വിശകലനം ചെയ്യുകയും അപനിർമ്മിക്കുകയും അപഗൂഢവൽക്കരിക്കുകയും ചെയ്യുന്നതുവഴി മുഖ്യധാരാചരിത്രം നിശ്ശബ്ദതപാലിച്ച ഒഴിവിടങ്ങളെയാണ് അവർ അനാച്ഛാദനം ചെയ്യുന്നത്.
മനുഷ്യബന്ധങ്ങൾ, അധികാരം, ജാതീയത തുടങ്ങിയ എക്കാലവും നമ്മുടെ ജീവിതത്തെ നിർണയിച്ച ബലാബലങ്ങളുടെ സൂക്ഷ്‌മസ്ഥലികളിലേക്ക് ഭൂതക്കണ്ണാടിയുമായി ചുഴിഞ്ഞിറങ്ങാൻ തുടങ്ങിയിരിക്കുന്നു എഴുത്തുകാർ.
