ജിംഷാറിന്റെ കഥകൾ വാരികകളിലും മാസികകളിലുമാണ് ആദ്യം വായിച്ചത്. സിനിമയുടെ എരിയുന്ന മുളക് വറുത്തിട്ടിട്ടുള്ള, നല്ല വിഷ്വൽ ഇന്റലിജെൻസുള്ള കഥകളാണല്ലോ എന്ന് വായിച്ചപ്പോഴെല്ലാം മനസ്സിൽ വിചാരിക്കുകയും ചെയ്തു. 'ആൺകഴുതകളുടെ സാനഡു' എന്ന ചെറുകഥാപുസ്തകത്തിൽ ഒമ്പതു കഥകളും നൂറ്റിമുപ്പത്തഞ്ച് പേജുകളുമേയുള്ളൂ. ഓരോ കഥയും ശ്വാസം മുട്ടിക്കുന്ന, വിങ്ങുന്ന പ്രപഞ്ചമാണ്. കഥകൾ നമ്മെ വിടാതെ പിൻതുടരുമെന്നാണ് എന്റെ വായനാനുഭവം. സിനിമ ഒരു ബാധയായി ജിംഷാറിലുണ്ട്. അതുകൊണ്ട് മാത്രമേ ഇത്ര വിഷ്വൽ ഇന്റലിജെൻസ് വരികളിൽ കാണാൻ കഴിയൂ. എല്ലാം കഥകളിലും ജിംഷാർ സിനിമയെ സന്നിവേശിപ്പിക്കുന്നു, സ്വപ്നങ്ങളെ തുന്നിച്ചേർക്കുന്നു, ലഹരിയുടെ ഉന്മാദം നിറഞ്ഞ തലച്ചോറുമായി ഫാന്റസിയെ അലയാൻ വിടുന്നു. ഒമ്പതു കഥകളും ഒമ്പതു വായനാനുഭവങ്ങളാണ്.
എന്നാൽ ഒരേ സമാഹാരത്തിൽ വരാവുന്ന വിധം സിനിമയെന്ന, സ്വപ്നമെന്ന, പ്രണയമെന്ന, ഫാന്റസിയെന്ന, രാഷ്ട്രീയമെന്ന, സാഹിത്യമെന്ന തികച്ചും വ്യത്യസ്തമായ നൂലിഴകളാൽ ഊടും പാവും നെയ്യപ്പെട്ട രചനകളാണെല്ലാം തന്നെ. ആ നൂലിഴകളുടെ സാന്നിധ്യം ഓരോ കഥയിലും പ്രകടമാകുന്നത് മറ്റൊരു കഥയിലെ പോലെയല്ല. അതാണ് കഥകളുടെ അതിശയകരമായ സൗന്ദര്യത്തിനും കാതലുളള നിലപാടിനും കാരണമാവുന്നത്. 'പേന'യെന്ന ആദ്യകഥയിലെ വിഷാദം, അടുക്കും ക്രമവുമില്ലാത്ത സംഭവങ്ങളും അവയുടെ രചനാശൈലിയും സ്വപ്നത്തിനുള്ളിലെ സ്വപ്നവുമായി കഥയിലൂടനീളം ഒഴുകുന്നു. കഥയിലെ മഷി എന്ന ബ്ളോഗറിന്റെ എഴുത്തും ജിവിതവുമായി ബന്ധപ്പെട്ട് വരുന്ന സംഭവങ്ങളെല്ലാമാണ് പ്രധാന കഥാതന്തുവെന്ന ഉറപ്പിലേക്ക് വായനക്കാർ മെല്ലെമെല്ലെ മാത്രമേ എത്തുകയുള്ളൂ. ആ കഥാവഴിയുടെ പരിചരണം വളരെ വ്യത്യസ്തമാണ്.
'മൂന്നു ദിവസംകൊണ്ട് എഴുതാവുന്ന ജീവിത'മെന്ന കഥ.. ഈ കഥയിൽ നേരിട്ട് കടന്നു വന്ന് കസേരയിട്ടിരിക്കുന്ന സിനിമയില്ല. പക്ഷേ, സിനിമ പോലെയുള്ള ഓർമ്മകളുണ്ട്. ഒരു ദിനസരിക്കുറിപ്പിന്റെ മട്ടിലാണ് കഥ. കഥയുടെ തുടക്കത്തിൽ പുതുമയില്ലെങ്കിലും തികച്ചും അപ്രതീക്ഷിതമായ അവസാനമുള്ള മികച്ച കഥ. സുലുവെന്ന കഥാപാത്രം മനസ്സിൽ നിന്ന് പെട്ടെന്ന് മാഞ്ഞു പോകില്ല. 'ഒട്ടും സ്കോപ്പില്ലാത്ത പ്രണയകഥ'യ്ക്ക് അലസമായി ചെയ്ത വസ്ത്രധാരണത്തോടാണ് സാമ്യം തോന്നിയത്. എഴുത്തുകാരനോട് കഥ പറയുന്ന പരിചരണമാണെങ്കിലും വളരെ അലസമായി യാത്രയും സിനിമയും സാഹിത്യവും പ്രണയവും എന്തിന് ദൈവം പോലും കടന്നു വരുന്നു.
