ചിരിയുടെ സമകാലവക്രത

Book Review

ചിരിയുടെ സമകാലവക്രത


ചിരിക്കാനുള്ള കഴിവാണ് മറ്റു ജീവികളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഒരു കാര്യം. ഓരോ ചിരിക്ക് പിന്നിലും ഒരുപാട് ഘടകങ്ങളുണ്ട്. വികൃതമായ അനുകരണവും വേഷാലങ്കാരങ്ങളും ഹാസ്യത്തിന് കാരണമാകുന്നു. പൊരുത്തക്കേടിലാണ് ഹാസ്യം ജനിക്കുന്നതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒന്നിനെ മറ്റൊന്നുമായോ ഒന്നിന്റെ തന്നെ രണ്ടവസ്ഥകൾ തമ്മിലോ താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന പൊരുത്തക്കേടുകളിൽ നിന്ന് ഹാസ്യം ജനിക്കാം. വ്യക്തിയിലോ സമൂഹത്തിലോ സ്ഥാപനത്തിലോ കാണുന്ന ആക്ഷേപാർഹങ്ങളായ പ്രവണതകളെ പരിഹാസത്തോടുകൂടി വിമർശിക്കുന്ന സാഹിത്യരൂപമാണ് സറ്റയർ. തിരുത്തലെന്ന ലക്ഷ്യം മുൻ നിർത്തി നിശിതമായി ചെയ്യുന്ന പരിഹാസമാണിത്. വ്യക്തിയുടെയോ സമൂഹത്തിന്റെയോ ദോഷങ്ങളും അപകീർത്തികളും പർവ്വതീകരിച്ച് വിമർശനാത്മകമായവതരിപ്പിക്കുമ്പോൾ അതിൽ നിന്ന് ഹാസ്യം ജനിക്കുന്നു. ചിത്രകലയിൽ കാർട്ടൂൺ ചെയ്യുന്നതുപോലെ ഈ രീതി എഴുത്തിൽ കാരിക്കേച്ചർ സ്വഭാവം പ്രകടിപ്പിക്കുന്നു. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ 2020കളിലെ കേരളത്തിന്റെ സാമൂഹികസാംസ്‌കാരികജീവിതത്തെ അങ്ങേയറ്റം ഹാസ്യാത്മകമായി നോക്കിക്കാണുകയും പരിഹസിക്കുകയും ചെയ്യുന്ന കൃതിയാണ് വി.എസ് അജിത്തിന്റെ കുസുമാന്തര ലോലൻ.

ഈ സോഷ്യൽമീഡിയക്കാലത്ത് കവിതയെന്ന പേരിൽ എന്തെങ്കിലും സ്വന്തം മുഖപുസ്തകത്തിൽ എഴുതാത്തവരാരും കേരളത്തിലുണ്ടാവില്ല. പുസ്താകാസ്വാദനവും യാത്രാവിവരണവും എഴുതാത്തവരും കുറവാണ്. സ്വന്തം വാളിൽ ഫിക്ഷനും അനുഭവക്കുറിപ്പും എഴുതുന്നവരും ധാരാളം. ഇതൊക്കെ പുസ്തകമാക്കാനും ഇതിനൊക്കെ പുരസ്കാരങ്ങൾ സംഘടിപ്പിക്കാനും കേരളത്തിലങ്ങോളമിങ്ങോളമിന്ന് സംവിധാനങ്ങളുണ്ട്. അധികാര വികേന്ദ്രീകരണം പോലെ സംഭവിച്ച ഈ സർഗ്ഗാത്മകവികേന്ദ്രീകരണം എഴുത്തിനെ കൂടുതൽ ജനകീയമാക്കിയിട്ടുണ്ടാവാം. ആർക്കും എവിടെയും എപ്പോഴും കഴിയുന്ന ഒന്നെന്നതരത്തിൽ സർഗ്ഗാത്മകരചന മാറിയപ്പോൾ അതിന്റെ മൂല്യവിചാരം അനിവാര്യമായി. എങ്ങനെയും എഴുത്തുകാരാവുക എന്ന ലക്ഷ്യത്തിൽ ജീവിക്കുന്ന സാഹിത്യയശ:പ്രാർത്ഥികളെയും അതിനെ പലവിധത്തിൽ ചൂഷണം ചെയ്യുന്ന സാഹിത്യ അധോലോകത്തെയും ആധുനിക ജീവിതത്തിന്റെ മറ്റ് ബാഹ്യോപചാരങ്ങളെയും വ്യംഗ്യാത്മകഹാസ്യത്തിലൂടെ തുറന്നുകാട്ടുന്ന നോവലാണിത്.

നിലനിന്നിരുന്ന സാംസ്കാരിക പരിസരത്തോടും സാമൂഹിക പ്രവണതകളോടും പത്തൊൻപതാം നൂറ്റാണ്ടിൽ മുൻഷി രാമക്കുറുപ്പിന്റെ ചക്കീചങ്കരം ഏതു രീതിയിൽ പ്രതിഷേധിച്ചോ അതുതന്നെയാണ് കുസുമാന്തരലോലനും ചെയ്യുന്നത്. അതിനനുയോജ്യമാംവിധം ഹാസ്യാത്മകമായഭാഷയും നോവലിൽ ഉപയോഗിക്കുന്നു. നോവലിന്റെ മൂല്യ വിചിന്തനങ്ങളെപ്പറ്റിയുള്ള മുൻവിചാരധാരകളെ അട്ടിമറിക്കുന്ന ആഖ്യാനരീതിയും ഇതിവൃത്തസമീപനവുമാണ് കുസുമാന്തരലോലന്റേത്. കഥാഗതിയെ നയിക്കുന്ന കഥാപാത്രങ്ങളുടെ എണ്ണം വെറും മൂന്നാണ്.


Related Articles