''വ്യവസ്ഥയ്ക്കകത്ത് വീർപ്പുമുട്ടുന്നവരെയും വ്യവസ്ഥയോട് കലഹിക്കുന്നവരെയും എല്ലായിടത്തും കാണാം. അവർ എണ്ണത്തിൽ വളരെ കുറവായിരിക്കും. പരാജയപ്പെടുമെന്നറിഞ്ഞിട്ടും അവർ പോരാട്ടത്തിൽ ഏർപ്പെടുന്നു''. ശ്രീ ഗണേഷിന്റെ ‘ബംഗ'' എന്ന നോവലിലെ വരികളാണിത്.
അനീതി കാണുമ്പോൾ പിടഞ്ഞെഴുന്നേൽക്കുന്ന മനസ്സാണ് നക്സലുകൾക്ക്. ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യർക്ക് വേണ്ടിയായിരുന്നു എന്നും അവരുടെ പോരാട്ടം. അറുപതുകളുടെ അവസാനവും എഴുപതുകളുടെ തുടക്കത്തിലും ചാരുമജുംദാറിനോടൊപ്പം മുഴങ്ങികേട്ടൊരു നക്സലിന്റെ പേരാണ് കനു സന്യാൽ. ജീവിതത്തിലൂടനീളം ചൂഷണം ചെയ്യപ്പെട്ട മനുഷ്യർക്ക് വേണ്ടി പോരാടിയ നക്സൽ നേതാവ്.
2010 ൽ ആത്മഹത്യ ചെയ്ത കനുവിന്റെ അവസാന ദിവസത്തിൽ നിന്നാണ് ബംഗ എന്ന നോവൽ ആരംഭിക്കുന്നത്. ആർത്തിപിടിച്ച ആയുധവും പിടയുന്ന പ്രാണനും മാർക്സിസമല്ല, ജനാധിപത്യവുമല്ല എന്ന് കനു പറയുമ്പോൾ ഒടുവിൽ പല വഴിയിലേക്ക് ചിതറിപ്പോയൊരു പ്രസ്ഥാനത്തിന്റെ വ്യക്തി ഉന്മൂലനം എന്ന ആശയത്തെ തിരുത്തേണ്ടതായിരുന്നു എന്ന കുറ്റബോധം കനുവിന്റെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു എന്ന് വേണം കരുതാൻ.
