(ഗ്രേസിയുടെ ‘ക്രമം’ എന്ന നോവലിനൊരാസ്വാദനം)
വി എസ് അജിത്ത്
എൻട്രോപ്പി എന്നാൽ ഡിസോഡർ ആണ്. ക്രമ രാഹിത്യം. താപോർജ്ജത്തിന്റെ പ്രവചനാതീത സ്വഭാവത്തെ വെളിവാക്കുന്ന ശാസ്ത്ര സംജ്ഞയാണത്. ജീവിതത്തിന്റെ അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ തന്നെ ക്രമരാഹിത്യത്തെ ദ്യോതിപ്പിക്കാൻ ആ വാക്ക് ഉപയോഗിക്കാമെന്ന് തോന്നുന്നു. ജീവിതം എന്ന് പറയുമ്പോൾ നമ്മൾ ജീവിക്കുന്നതോ ജീവിക്കുന്നതായി ധരിച്ചിരിക്കുന്നതോ ജീവിക്കാൻ മറന്നല്ലോ എന്ന് വിഷമിക്കുന്നതോ ഇനി ജീവിക്കാൻ ബാക്കിയായതോ പണ്ട് ജീവിച്ചിട്ട് മറന്നുപോയതോ മറന്നുപോയെങ്കിൽ എന്നാഗ്രഹിച്ചിട്ടും തെളിവോടെ ഭയപ്പെടുത്തുന്നതോ സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തതോ ആയ നമ്മുടേതും മറ്റുള്ളവരുടേതും കൂടിയായിട്ടുള്ള സഞ്ചിതമായ അസ്തിത്വത്തെക്കുറിച്ചാണ് ഉദ്ദേശിച്ചത്. അസ്‌തിത്വം എന്ന് വിളിക്കാൻ പാകത്തിൽ ‘ഓർത്തോ പീഡിക് സ്റ്റെബിലിറ്റി’ അതിനുണ്ടോ എന്ന് സംശയമുണ്ട്. തലച്ചോറു പോലെ ഫ്ലൂയിഡ് ആയ ഒന്നാണത്.
“വിജയദത്തൻ രാക്ഷസാകാരം പൂണ്ട് തലയോട്ടിയിൽ ബാക്കി വന്ന തലച്ചോർ തടിച്ച ചുണ്ടുകൾ കൊണ്ട് ഊറ്റിയെടുത്തു ചവച്ചരച്ചു.”
