'മഹാമതികളും മഹാവിഷ്ണുവും മഹാപഥങ്ങളും' വായിച്ചപ്പോള്‍

Book Review

'മഹാമതികളും മഹാവിഷ്ണുവും മഹാപഥങ്ങളും' വായിച്ചപ്പോള്‍


പ്രഗത്ഭനായ ന്യൂറോളജിസ്റ്റും വൈദ്യശാസ്ത്രാദ്ധ്യാപകനുമായ ഡോ. കെ. രാജശേഖരന്‍ നായര്‍ നിരവധി വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷില്‍ രചിച്ച് അന്തര്‍ദ്ദേശീയമായി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, മലയാളത്തില്‍ രചനയാരംഭിച്ചതു മുപ്പതുവര്‍ഷം മുമ്പാണ്. ആതുരാവസ്ഥയോട് അലിവോടെ, അനന്യമായ സാഹിത്യസൗഭഗത്തോടെ, കഥപറയും മട്ടില്‍ എഴുതിപ്പോകുമ്പോള്‍, മാതൃഭാഷയിലെ വൈദ്യവിജ്ഞാനീയത്തിന് സ്വയമറിയാതെ തന്നെ ബലിഷ്ഠമായ അടിത്തറ പാകുകയായിരുന്നു അദ്ദേഹം.

വര്‍ത്തമാനപ്പത്രങ്ങളുടെ പ്രധാനപുറങ്ങളും ആഴ്ചപ്പതിപ്പുകളുടെ മുന്‍പേജുകളും, ആ വൈദ്യരചനകള്‍ സ്വന്തമാക്കി. മനുഷ്യമസ്തിഷ്‌കത്തെയും നാഡീവ്യൂഹത്തെയും, അവയുടെ കേടുപാടുകളെയും ചികിത്സകളെയും മലയാളി ആദ്യമായി അറിയുന്നത് അവയിലൂടെയാണ്. അദ്ദേഹം ഈ അറിവുകളൊക്കെ പങ്കുവച്ചത് ഇവിടെ ഗൂഗിളും മറ്റും വരുന്നതിനു മുമ്പാണെന്നും ഓര്‍ക്കണം. അന്നൊക്കെ, സാധാരണ പകര്‍ച്ചരോഗങ്ങളെക്കുറിച്ചോ സ്ത്രീരോഗങ്ങളെക്കുറിച്ചോ, എന്തെങ്കിലും ചില ആനുകാലികങ്ങള്‍ വല്ലപ്പോഴും അച്ചടിച്ചാലായി. അക്കാലത്താണ് ഡോ. രാജശേഖരന്‍ നായരുടെ കടന്നുവരവ്.

ലോകസാഹിത്യത്തിലെയും ഇതരശാസ്ത്രമേഖലകളിലെയും ഉജ്ജ്വലമുഹൂര്‍ത്തങ്ങളും ഉദാത്തസന്ദര്‍ഭങ്ങളും, വൈദ്യ വിജ്ഞാനീയത്തിനൊപ്പം സമുചിതമായി ഇണങ്ങുന്ന ആ ശൈലി വായനക്കാരനെ പിടിച്ചിരുത്തി. 1996 വരെ മെഡിക്കല്‍ കോളജില്‍ ന്യൂറോളജി വകുപ്പിന്റെ തലവനായും, അദ്ധ്യാപകനായും ചികിത്സകനായും പ്രവര്‍ത്തിച്ചതാണല്ലോ അദ്ദേഹം. വിദേശത്തും സ്വദേശത്തുമായി പ്രസിദ്ധീകരിച്ച നിരവധി പ്രബന്ധങ്ങളും, വിദഗ്ധരുടെ സമ്മേളനങ്ങളിലെ വിശിഷ്ട പ്രഭാഷണങ്ങളും ഡോക്ടറുടെ നേട്ടങ്ങളിലുള്‍പ്പെടുന്നു. അതിപ്രഗത്ഭരോടൊത്തു ലണ്ടനിലും ലിബിയയിലും ദില്ലിയിലും മദിരാശിയിലുമൊക്കെ പങ്കുവച്ച പ്രഫഷനല്‍ നിമിഷങ്ങളുടെ മികവ് വേറേ. അനുഭവപരിചയം മാത്രമല്ല, പഠനത്തിനും മനനത്തിനും ഗവേഷണത്തിനുമുള്ള അനന്യമായ ത്വരയും, അസാധാരണമായ ഊര്‍ജ്ജവും എണ്‍പത്തിയഞ്ചാം വയസ്സിലും ഈ മഹാവൈദ്യനില്‍ അന്യൂനം. മലയാളം ഇംഗ്ലീഷ് സംസ്‌കൃതം എന്നീ ഭാഷകളിലെ സാഹിത്യത്തില്‍ അഗാധപാണ്ഡിത്യം. അമേരിക്കന്‍ - യൂറോപ്യന്‍ സാഹിത്യത്തിലും അഭിരുചി - ഒപ്പം ഇതര ശാസ്ത്രങ്ങളിലും താല്പര്യം, തത്വശാസ്ത്രവും പ്രിയം, അതാവട്ടെ അതിനൂതനചിന്തകള്‍ വരെയും.


Related Articles