കുരീപ്പുഴ ശ്രീകുമാറിന്റെ പുതിയ കവിതാസമാഹാരം "ഫാത്തിമത്തുരുത്ത്" വായിച്ചു മടക്കുമ്പോൾ "ഇഷ്ടമുടിക്കായലിന്റെ" ഓരം ചേർന്ന് കുറേനേരമായി സഞ്ചരിച്ചുകൊണ്ടിരുന്നത് പോലെയൊരു തോന്നലാണ് വായനക്കാർക്ക് ഉണ്ടാവുക. മലയാള സാഹിത്യത്തിന്റെ ഓരങ്ങളിൽ പാർപ്പ് കല്പിച്ചിരുന്ന ചില മനുഷ്യർ അവരുടെ ജീവിതത്തിന്റെ കടൽക്കോളിൽപെട്ടു തീരമണയുന്നത് നമുക്കീ കവിതകളിൽ കാണാം. മുക്കുവരുൾപ്പെടയുള്ള അടിസ്ഥാന ജനതയുടേയും, അവരുടെ സമരങ്ങളുടേയും, സമര നേതാക്കന്മാരുടേയും കവിതയിലെ തുരുത്താണ് ഈ ഫാത്തിമത്തുരുത്ത്.
ഈ സാമാഹാരത്തിലെ ഒന്നാമത്തെ കവിതയായ "മലയാളത്തമിഴൻ" തന്നെ വൈക്കം സത്യാഗ്രഹത്തിൽ സംബന്ധിക്കാൻ അവിടെയെത്തിയ പെരിയോർ രാമസാമിയുടെ ഓർമ്മകൾ പുതുക്കുന്ന രചനയാണ്. മധുരാപുരി എരിച്ചിട്ടും കോപമടങ്ങാതെ മേർക്കുതോടർചി മലയുടെ കിഴക്കൻ ചെരിവിൽ നിന്നും ചേരനാട്ടിലേക്ക് പലായനം ചെയ്ത കണ്ണകിയുടെ കോപാഗ്നിയുടെ കഥയിലേക്ക് വിരൽചൂണ്ടിക്കൊണ്ടു തുടങ്ങുന്ന ഈ കവിത, പൊടുന്നനെ ഒരു വളവിൽ പെരിയോറിനെ നേരിട്ട് കാണുകയാണ്. "പോരാട്ടപ്പൊരുൾ ചൊല്ലൂ/പനനോങ്കേ നല്ലതങ്കേ/തങ്കപ്പെട്ട മണിയമ്മേ/പെരിയോറിൻ കഥചൊല്ല്" (പുറം 14).
പൊതുനിരത്തിലൂടെ നടക്കുവാനുള്ള അവകാശത്തിനായി നടത്തപ്പെട്ട ഐതിഹാസികമായ ആ സമരത്തിൽ പെരിയോർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. അദ്ധേഹത്തിന്റെ ഇടപെടലിലൂടെ ദളിതരുൾപ്പെടയുള്ള സാമാന്യ ജനത്തിന് ലഭിച്ച "ഏറിയൊരു സ്വാഭിമാന/ക്കൊടിക്കൊമ്പിൻ" (പുറം 14) നേർസാക്ഷ്യമായിട്ടാണ് "മലയാളത്തമിഴൻ" സ്വയം അടയാളപ്പെടുന്നത്.
