തലമുറകൾ തോറും കൊളുത്തിവയ്ക്കേണ്ട ചില ചരിത്രസംഭവങ്ങളുണ്ട്, കൈമാറേണ്ടതായ പോരാട്ടാനുഭവങ്ങളുണ്ട്. കാലം കാത്തുവയ്ക്കേണ്ടതായ ചില ഓർമ്മകളുണ്ട്. ഇന്ത്യയെ സംബന്ധിച്ച് അത്തരത്തിലൊന്നാണ് സ്വാതന്ത്ര്യസമരം. ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച നേതാക്കൾ. അനുഭവത്തിൻ്റെ തീച്ചൂളയിലൂടെ കടന്നുപോയ സാധാരണ മനുഷ്യർ. അവരുടെ ആരുമറിയാത്ത, ആരും പറയാത്ത കഥകൾ. ആ കഥകളുടെ കനലുകളാണ് ‘മറതി’യിലൂടെ സുരേഷ് എട്ടു പതിറ്റാണ്ടിനിപ്പുറം ഊതിക്കത്തിക്കുന്നത്.
പ്രാദേശികചരിത്രം പ്രമേയമാക്കിയ ഇങ്ങനെയൊരു നോവൽ വരേണ്ട ഏറ്റവും ഉചിതമായ സമയമാണിത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരോ അക്കാലത്ത് ജീവിച്ചിരുന്നവരോ ആയ ഒട്ടുമിക്ക ആളുകളും മരിച്ചുപോയി. അവരെ കണ്ടിട്ടുള്ളവരോ അവരോട് സംസാരിച്ചിട്ടുള്ളവരോ ആയ ആളുകളും കുറഞ്ഞുവരുന്നു. ചരിത്രപുസ്തകത്തിൽ പഠിക്കുന്ന കുറേ സംഭവങ്ങൾ, കുറേ പേരുകൾ. അതിനപ്പുറം വൈകാരികമായ ഒരു അനുഭവമോ അഭിമാനമോ തോന്നാത്ത ഒന്നായിക്കഴിഞ്ഞു ഇപ്പോഴത്തെ തലമുറയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യസമരം. കാലം കഴിയുന്തോറും ഈ അകൽച്ച കൂടി വരുന്നുണ്ട്. അത് സംഭവിക്കാതിരിക്കാൻ നാം നിരന്തരം അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. അതാണ് ‘മറതി’ ചെയ്യുന്നത്.
സമൂഹത്തിൻ്റെ താഴെക്കിടയിലുള്ളവർക്ക് ജന്മിത്വത്തിൻ്റെ, ജാതിവെറിയുടെ ദുരനുഭവങ്ങൾ കൂടി പേറണമായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് ദൈനംദിനം കഴിഞ്ഞുപോകാനുള്ള വക തേടണമായിരുന്നു. കൊയിലാണ്ടിയെ ചുറ്റിപ്പറ്റിയുള്ള പ്രദേശങ്ങളിൽ നടന്ന സ്വാതന്ത്ര്യപ്പോരാട്ടങ്ങൾക്കൊപ്പം ഇഴ ചേർത്തു കൊണ്ട് അടിത്തട്ടിലുള്ളവരുടെ ദുരിതങ്ങളും മറതിയിൽ വിഷയമാകുന്നുണ്ട്. ഒരുകാലത്ത് കഷ്ടപ്പെട്ട് കൂട്ടിവച്ച പല തട്ടുകളെ അപരസ്വത്വത്തെ നിർമ്മിച്ചു കൊണ്ട് വേർപെടുത്താൻ ശ്രമിക്കുന്ന ഈ കാലത്ത് അതിനെപ്പറ്റി പറയുക എന്നത് വളരെ പ്രസക്തമാണ്. നാം എങ്ങനെയൊക്കെ ജീവിച്ച മനുഷ്യരായിരുന്നു, എങ്ങനെ ഇപ്പോഴത്തെ മനുഷ്യരായി എന്നത് നിരന്തരം ഓർമ്മിക്കുകയും ഓർമ്മപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
