''നമ്മുടെ വീടുകൾ മാറുകയാണ്, അതിനെ ഒപ്പിയെടുക്കുന്ന കഥകളും''

Book Review

''നമ്മുടെ വീടുകൾ മാറുകയാണ്, അതിനെ ഒപ്പിയെടുക്കുന്ന കഥകളും''


രാൾ എന്തിന് കഥയെഴുതുന്നു എന്നതിന് നമുക്കോരോരുത്തർക്കും ഒരായിരം ഉത്തരങ്ങളിൽ എത്തിച്ചേരാമെങ്കിലും താൻ എന്തിനു കഥയെഴുതുന്നു എന്ന് കഥാകൃത്തിനു കൃത്യമായ ബോധ്യവും നിശ്ചയവുമുണ്ടെങ്കിൽ ആ കഥകൾക്ക് വല്ലാത്ത എല്ലുറപ്പുണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതില്ലാത്തപ്പോഴാണ് കഥകൾ പലപ്പോഴും പാതിവഴിയിൽ കിതച്ചുനിൽക്കുന്നത്. വായനക്കാരിൽ ഒരു ചലനവും സൃഷ്ടിക്കാതെ മരവിച്ച അക്ഷരക്കൂട്ടങ്ങളായി പുസ്തകത്താളുകളിൽ വീണുകിടക്കുന്നത്. അവയ്ക്ക് മനുഷ്യരുടെ ഉള്ളിലേക്കു കയറാൻ കെല്പുണ്ടാവുകയില്ല. അവ വായനക്കാരെ പൊള്ളിക്കുകയോ അവരുടെ ഉറക്കം കെടുത്തുകയോ ഇല്ല. നാം ആ കഥകൾ വായിച്ചെന്നുപോലും ഓർക്കാതെ നാം അവയെ വഴിയിലെവി​ടെയെങ്കിലും ഉപേക്ഷിച്ചുകളയുകയും ചെയ്യും.

താൻ എഴുതുന്ന കഥകളെക്കുറിച്ച് അതിന്റെ ലക്ഷ്യത്തെക്കുറിച്ച് അതിന്റെ രാഷ്‌ട്രീയത്തെക്കുറിച്ച് അത് നടത്താനിടയുള്ള സാമൂഹിക ഇടപെടലുകളെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള എഴുത്തുകാരിയാണ് പുണ്യ സി ആർ എന്ന് ‘കൊളം കര കൊളം’ എന്ന ഈ കഥാസമാഹാരത്തിലെ ഓരോ കഥകളി​ലൂടെയും കടന്നുപോകുമ്പോൾ നമുക്ക് ആഴത്തിൽ മനസ്സിലാവും. പുതിയ കഥകളുടെ രസക്കൂട്ടുകൾ എന്ന് പൊതുവേ തമാശരീതിയിലെങ്കിലും വിമർശിക്കപ്പെടുന്ന അപ്പൻ, മലകയറ്റം, വെടി, വാറ്റ്, ചൊവ്വാഴ്ച, ഉച്ച എന്നീ ചേരുവകൾ ഒന്നും ഈ കഥകളിൽ കാണാൻ കഴിയില്ല. എന്തിന് ഉപരിവർഗ്ഗ മദ്ധ്യ​വർഗ്ഗ കഥാപാത്ര​ങ്ങൾപോലും അതിൽ വളരെ വിരളമാണ്. പകരം സമൂഹത്തിന്റെ പിന്നാമ്പുറത്ത് അഴുക്കു പുരണ്ട്, ഉപേക്ഷിക്ക​പ്പെട്ട്, നിരാശ അനുഭവിച്ച്, വിഷാദം വിഴുങ്ങി, നെഞ്ച് കലങ്ങി, പീഡി​പ്പിക്കപ്പെട്ട് ജീവിക്കുന്ന, ജീവച്ഛവങ്ങളായ, മരിച്ചു​പോയ കുറേ മനുഷ്യരാണ് അവരിൽ ബഹുഭൂരിപക്ഷവും. അവരിൽ പലർക്കും ഊരും പേരുമില്ല. വീടും വിലാസവുമില്ല. കൊളം കരയിലെ പെൺകുട്ടി ആയാലും ജൂദോ മാൻഡ്രേക്കിലെ ജൂദോ ആയാലും വാടയിലെ ‘തീട്ടംകോരി’ ആയാലും "അടക്കം'' എന്ന കഥയിലെ വേലൂഞ്ഞ് ആയാലും അങ്ങനെതന്നെ. ഈ കഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെട്ടതിനു കൃത്യമായ സാമൂഹികലക്ഷ്യവും രാഷ്ട്രീയലക്ഷ്യവുമുണ്ട്. എഴുതാൻവേണ്ടി എഴുതിയ കഥകളല്ല ഇവയൊന്നും. എഴുത്തുകാരിയുടെ ഭീതി​യിൽനിന്ന് ആകു​ലതയിൽനിന്ന് സംഘർഷങ്ങളിൽനിന്ന് ദർശനങ്ങളിൽനിന്ന് പിറവികൊണ്ടവയാണവ. അതുകൊണ്ടുതന്നെ അവ ഓരോന്നും നമ്മുടെ ഹൃദയങ്ങളിൽ പോറൽ വീഴ്‌ത്തും, നമ്മെ വല്ലാതെ അലോസരപ്പെടുത്തും, നമ്മുടെ ഹൃദയങ്ങളെ അസ്വസ്ഥതപ്പെടുത്തും. എത്രകാലം കഴിഞ്ഞാലും ഈ കഥകൾ നമ്മുടെ ഉള്ളിൽ ഒരു നീറ്റലായി അവശേഷിക്കും.

ബാല്യത്തിൽനിന്ന് കൗമാരത്തിലേക്കും കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കും കടക്കുന്ന പെൺകുട്ടികളുടെ ആകുലതകളും പ്രതിസന്ധികളുമാണ് പുണ്യയുടെ മിക്ക കഥകളുടെയും കേന്ദ്രപ്രമേയം. ആ പ്രായത്തിന്റെ മാനസിക വ്യാപാര​ങ്ങൾ, സംഘർഷങ്ങൾ, ചാഞ്ചാട്ടങ്ങൾ, ആസക്തികൾ, ശാരീ​രികമാറ്റങ്ങൾ, അത് സൃഷ്ടിക്കുന്ന ഭയങ്ങൾ, അവരുടെ മേലുള്ള കൈയേറ്റങ്ങൾ ഒക്കെ പുണ്യയുടെ കഥകളിൽ നിരന്തരം വന്നു നിറയുന്നു. അത് ബിയർകുപ്പിയിൽ നിറച്ച ഇത്തിരി വെള്ളത്തിനെ ‘സ്വന്തം പുഴ’യായി കരുതുന്ന പുതിയ കൗമാരത്തിന്റെ പ്രതിസന്ധിയും പ്രശ്‌നങ്ങളുമാണ്. അങ്ങനെയാണ് ഈ കഥകൾ തീർത്തും പുതിയ കാലത്തിന്റേതായി മാറുന്നത്. ‘എട്ടാം നാൾ പുലർച്ചെ’ എന്ന കഥ വായിക്കുക. പുതിയ വീടുകൾ, അതിന്റെ അകത്തളങ്ങൾ, അതിലെ സംഭാഷങ്ങൾ ഒക്കെ എത്ര സൂക്ഷ്‌മമായാണ് ഈ കഥയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. അടു​ത്തകാലംവരെ കേരളീയ കുടുംബങ്ങളിൽ ആർത്തവം പുരു​ഷന് അറിയാൻ പാടില്ലാത്ത ഒരു രഹസ്യമായിരുന്നു. സാനിറ്ററി നാപ്‌കിനുകൾ അവന്റെ പർച്ചേസിങ് പരിധിയിൽപെടുന്ന കാര്യമായിരുന്നില്ല, സ്ത്രീകളുടെമാത്രം രഹസ്യമായി ഇരിക്കേണ്ടുന്ന അശ്ലീലങ്ങളായിരുന്നു അവ. എന്നാൽ ഈ കഥ നോക്കൂ, ഇതിലെ അച്ഛനാണ് മോൾക്ക് നാപ്കിൻ വാങ്ങി വരുന്നത്, അത് ആന്റിബാക്ടീരിയൽ അല്ലെന്ന് അമ്മ പറയുന്നത് ഗോപ്യമായല്ല, നന്നേ പരസ്യമായാണ്. നമ്മുടെ വീടുകൾ മാറുകയാണ്, അതിനെ ഒപ്പിയെടുക്കുന്ന കഥകളും. അതേ​സമയം അതേ കഥയിൽ ഇപ്പോഴും തറവാടിത്ത ഘോഷണങ്ങൾ മുഴങ്ങുന്ന സ്വീകരണമുറികളും നമുക്ക് കാണാൻ കഴിയും. ‘ഈ തറവാടിത്ത ഘോഷകർ അണിയിച്ച സ്വർണ്ണാഭരണങ്ങളും പച്ച ദാവ​ണിയും പുതച്ചു നിൽക്കുന്ന കണ്ണാടിയിലെ പെൺകുട്ടിയെ അപരിചിതത്വം കലർന്ന ഭീതിയോടെ അവൾ നോക്കി നിന്നു’ എന്ന് പുണ്യ എഴുതുന്നുണ്ട്. നോക്കിനിൽക്കാതെ തരമില്ലല്ലോ. അതാണ് പുതിയ കാലത്തിന്റെ കൗമാരക്കാരി എന്ന് പുണ്യയ്ക്ക് അറിയാം. അതുമാത്രമല്ല, അവൾ തന്റേടത്തോടെ തന്റെ ഐഡ​ന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് ‘എനിക്ക് രാജകുമാരനായാൽ മതി’ എന്നുകൂടി പറയുന്നതോടെ കഥ ഏറ്റവും സമകാലികമായി മാറുകയും ചെയ്യുന്നു.


Related Articles