മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി ഒരു എഴുത്തുകാരി

Book Review

മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി ഒരു എഴുത്തുകാരി


എഴുത്തുകാരിയും 2025-ലെ ഇന്റര്‍നാഷണല്‍ ബുക്കര്‍പ്രൈസ് ജേതാവുമായ ബാനു മുഷ്താഖിന്റെ കഥകള്‍, അവ എഴുതപ്പെട്ട കന്നഡ ഭാഷയില്‍ നിന്ന് നേരിട്ടു വിവര്‍ത്തനം ചെയ്യുകയെന്നത് പലതുകൊണ്ടും ശ്രമകരവും വെല്ലുവിളികള്‍നിറഞ്ഞതുമായ ഒരു ദൗത്യമായിരുന്നു. സാഹിത്യപരമായി അത്യന്തം സമൃദ്ധവും എല്ലാവിധ ആവിഷ്‌കാരങ്ങള്‍ക്കും അനുയോജ്യവുമായ ഒരു ഭാഷയാണ് കന്നഡ. ഏതാണ്ട് രണ്ടായിരത്തോളം വര്‍ഷത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു ആവിഷ്‌കാര മാധ്യമം. പക്ഷേ, ബാനുവിന്റെ കന്നഡ ഇപ്പറയുന്ന ശുദ്ധ കന്നഡയോ, സാഹിത്യഭാഷപോലുമോ അല്ല. കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള ഭാഷാഭേദങ്ങളില്‍ ഒന്നിലാണ് ബാനുവിന്റെ കഥപറച്ചില്‍. അതും ഹാസനയിലെ ഒരു പ്രത്യേക പ്രദേശത്തെ സവിശേഷമായ കന്നഡ. ഭാരതത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക സമ്പത്താണല്ലോ ഈ ഭാഷാഭേദങ്ങളും ജീവിതവൈവിധ്യങ്ങളും.

താന്‍ പിറന്നുവളര്‍ന്ന സമുദായത്തിലെ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ മനുഷ്യജീവിതമാണ് ഈ എഴുത്തുകാരി കഥകളില്‍ ആവിഷ്‌കരിക്കുന്നത്. കര്‍ണ്ണാടകത്തിലെ മുസ്ലീങ്ങളുടെ മാതൃഭാഷ ഉര്‍ദുവാണെന്ന് പൊതുവേ പറയാം. പക്ഷേ, ഉര്‍ദുവിന്റെ ആദിരൂപത്തില്‍ തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങിയ ഭാഷകള്‍ ചേര്‍ന്നുണ്ടായ ഡക്കിനിയാണ് ബാനു മുഷ്താഖിന്റെ മാതൃഭാഷ. പുരോഗമനചിന്താഗതിക്കാരായ ഒരു കുടുംബത്തില്‍നിന്നു വരുന്ന ബാനു സ്വന്തം താത്പര്യപ്രകാരമുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വക്കീലായി പ്രാക്ടീസ് ചെയ്യുകയും സാഹിത്യത്തിലും സാമൂഹികസേവനത്തിലുമുള്ള തന്റെ അഭിരുചിയും പ്രതിബദ്ധതയും ഫലപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ തുടരുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുമുമ്പാണ് അവരുടെ കരിനാഗങ്ങള്‍ എന്ന കഥ ലോകപ്രശസ്ത സംവിധായകന്‍ ഗിരീഷ് കാസറവള്ളി ഹസീന എന്നപേരില്‍ സിനിമയാക്കിയത്. ഇതിന്റെ തിരക്കഥ തയ്യാറാക്കിയത് ബാനുവും കൂടിയാണ്. ദേശീയവും അന്തര്‍ദ്ദേശീയവുമായ അനേകം അംഗീകാരങ്ങള്‍ ഹസീനയെ തേടിവന്നു.

1970-കളില്‍ കന്നഡ സാഹിത്യലോകത്തെ പ്രകമ്പനംകൊള്ളിച്ച ഒരു സംഘം എഴുത്തുകാരുടെ പ്രസ്ഥാനമാണ് 'ബണ്ടായ'. വിപ്ലവം, പ്രതിഷേധം, പ്രതിരോധം, പ്രക്ഷോഭം എന്നൊക്കെയാണ് ബണ്ടായ എന്ന വാക്കിന്റെ അര്‍ത്ഥം. ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ജീവിതപ്രശ്നങ്ങള്‍ അവരുടെതന്നെ ഭാഷയില്‍ ആവിഷ്‌കരിക്കുന്ന ഒട്ടനവധി കൃതികള്‍ ഈ പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ പുറത്തുവന്നു. ബാനു മുഷ്താഖ് 'ബണ്ടായ' സാഹിത്യപ്രസ്ഥാനത്തിലെ പ്രമുഖ എഴുത്തുകാരിയായി അറിയപ്പെട്ടു.


Related Articles