പൊസങ്കടി: ഒരു അന്വേഷണ റിപ്പോർട്ട് എന്ന നോവൽ ഒരു കാസർകോടൻ ഗ്രാമത്തിൽ നിന്ന് കുട്ടികളെ കാണാതായ യഥാർത്ഥ സംഭവത്തെ പ്രമേയമാക്കി എം എ റഹ്മാൻ രചിച്ചതാണ്. പൊസങ്കടി എന്നത് ഒരു സങ്കല്പ ദേശമാണ്. ഒരു ഗൾഫ് പോക്കറ്റിൽ (ഗൾഫ് ഗ്രാമം) നിന്ന് കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള പത്രവാർത്തയിൽ നിന്നാണ് ഈ നോവൽ ഉണ്ടായത് എന്ന് നോവലിസ്റ്റ് പറയുന്നു. "പുറവാസത്തിന്റെ അകവാസമാണ് ഞാൻ കണ്ണ് തുറന്നു നോക്കുന്നത്" എന്ന് നോവലിസ്റ്റ് പറയുന്നു. പ്രവാസികൾ സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്ന ഏകാന്തതയും അന്യതാബോധവും ദുരിതങ്ങളും നാം പല മലയാളനോവലുകളിലും അനുഭവിച്ചിട്ടുണ്ട്. എന്നാൽ പ്രവാസികൾ നാട്ടിൽ വിട്ടിട്ടു പോകുന്ന കുടുംബം അനുഭവിക്കുന്ന ദുരിതമാണ് നോവലിസ്റ്റ് ഈ നോവലിൽ ആവിഷ്കരിക്കുന്നത്.
പൊസങ്കടി എന്ന ഗ്രാമത്തിലെ കുട്ടികളെ കാണാതാവുന്നതെന്തുകൊണ്ട് എന്ന് അന്വേഷിച്ച് മൂന്നുമാസത്തിനകം ഒരു റിപ്പോർട്ട് തയ്യാറാക്കാൻ ഏൽപ്പിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ഈ കഥയിലെ ആഖ്യാതാവ്. പൊസങ്കടിയിലെ ജീവിതവും അതിനെക്കുറിച്ച് അയാൾ ഉണ്ടാക്കുന്ന റിപ്പോർട്ടും കൂടിക്കലർന്ന ഒരാഖ്യാനമാണ് ഈ നോവലിലുള്ളത്. യഥാതഥമായ ഒരാവിഷ്കരണം അല്ല ഈ നോവലിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. യാഥാർത്ഥ്യത്തെ സൂചിപ്പിക്കാൻ അതി യാഥാർത്ഥ്യത്തിന്റെ പല ടെക്നിക്കുകളും നോവലിസ്റ്റ് ഉപയോഗിക്കുന്നു. നോവലിന്റെ തുടക്കത്തിൽ ആഖ്യാതാവ് പൊസങ്കടിയിൽ വന്നിറങ്ങുമ്പോൾത്തന്നെ ഒരു മാന്തോപ്പും പഴുത്തു നിൽക്കുന്ന മാങ്ങകളും കാണുന്നുണ്ട്. പെട്ടെന്ന് വീശിയടിക്കുന്ന കാറ്റിൽ മാമ്പഴങ്ങൾ ഉതിരാൻ തുടങ്ങിയപ്പോൾ അത് പൊറുക്കാൻ ഓടിവന്ന കുട്ടികളെയും ആഖ്യാതാവിനെയും പൊടിക്കാറ്റ് വന്ന് മൂടുന്നു. കുട്ടികൾ പെട്ടെന്ന് അപ്രത്യക്ഷരാകുന്നു. ആർക്കും ഒരു മാമ്പഴം പോലും കിട്ടുന്നില്ല. നോവൽ തുടങ്ങുന്നത് ഈ ഭ്രമാത്മക കാഴ്ചയോടെയാണ്. കുട്ടികളെവിടേക്കു അപ്രത്യക്ഷരായെന്ന് അന്തിച്ചു നിൽക്കുകയാണ് ആഖ്യാതാവ്. കുട്ടികളുടെ കയ്യിൽ നിന്ന് മാമ്പഴം അപഹരിക്കുന്നതാര് എന്ന ചോദ്യവും അയാളുടെ മനസ്സിൽ ഉണരുന്നു.
കടുംചായം തേച്ച, കൂറ്റൻ ഗേറ്റുകളുള്ള, വലിയ കാർ പോർച്ചും അവയിൽ വിലകൂടിയ വിദേശകാറുകളുമുള്ള വലിയ വലിയ വീടുകളാണ് പൊസങ്കടിയിൽ ആഖ്യാതാവ് കണ്ടത്. ആ വീടുകൾക്ക് ചുറ്റും പ്ലാസ്റ്റിക് പൂവുകളും സിമൻറ് ചട്ടികളും നിറഞ്ഞിരുന്നു. ജീവനുള്ള ഒന്നുമില്ലാത്ത പരിസരം. ആ കോൺക്രീറ്റ് കാടുകൾക്കിടയ്ക്ക് ആഖ്യാതാവ് നടക്കുമ്പോൾ ആ നാട്ടിലെ കലങ്ങിയ ഭാഷ അയാളെ അമ്പരപ്പിക്കുന്നു. ബന്തരവീട്ടിലെ മമ്മ്ണൂച്ച മരണപ്പെട്ടു എന്നതിന് ആ നാട്ടുകാർ പറയുന്നത് ബന്തരവീട്ടിലെ മമ്മുണൂച്ച പെട്ടിയിൽ വന്നു എന്നാണ്. (പ്രവാസികൾ വിദേശത്തു വച്ചുതന്നെ മരിച്ചുപോയിട്ട് ശവപ്പെട്ടിയിലേറി സ്വദേശത്തേക്കു മടങ്ങേണ്ടിവരുന്നതിന് ജനത സൃഷ്ടിച്ച ഈ വാക്ക് ആ അവസ്ഥയുടെ ദാരുണത മുഴുവൻ ഉൾച്ചേർന്നതാണ്) ഇങ്ങനെ പൊസങ്കടിയിലുള്ള രഹസ്യഭാഷയ്ക്ക് കൂടി സ്ഥാനം നൽകി കൊണ്ടാണ് അയാൾ ഡയറിയിൽ റിപ്പോർട്ട് എഴുതിത്തുടങ്ങുന്നത്.
