അമ്മ പ്രേമലു: കാലം കാത്തുവെച്ചത്, കാലം ആവശ്യപ്പെടുന്നത്

Book Review

അമ്മ പ്രേമലു: കാലം കാത്തുവെച്ചത്, കാലം ആവശ്യപ്പെടുന്നത്


"പ്രണയം ഒരിക്കലെ സംഭവിക്കൂ .... ആദ്യത്തെ തവണ മാത്രം. അതിനുശേഷം വരുന്നതെല്ലാം പൊരുത്തപ്പെടലുകൾ മാത്രമാണ്." - [രവിമന്ത്രി, അമ്മ പ്രേമലു]

ജീവിതത്തെ സംബന്ധിക്കുന്ന ഏറ്റവും സുന്ദരമായ വികാരങ്ങളിലൊന്നാണ് പ്രണയം. മഴവില്ലുപോലെ, വസന്തം പോലെ, ഇളം കാറ്റുപോലെ, ചമ്പകഗന്ധം പോലെ, പുതുമഴപോലെ, കുയിൽപാട്ടുപോലെ സുന്ദരമായ ഒരു ആദ്യപ്രണയാനുഭവത്തിൻ്റെ ഓർമകൾ എത്ര കാലത്തിനു ശേഷവും ചുണ്ടിൽ നറുചിരിയായി വിരിയുന്നെങ്കിൽ ലോകത്തെ ഏറ്റവും സൗഭാഗ്യശാലിയാണ് ആ വ്യക്തി എന്നു പറയാം. "അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ " എന്നതുപോലെ പ്രണയത്തിൻ്റെ നറുമണമേൽക്കാത്തവർ ഭൂമിയിലുണ്ടാകുമോ?

ഒരു പക്ഷേ പ്രണയചാപത്താൽ മുറിവേറ്റവരാണ് നമുക്ക് ചുറ്റും കൂടുതലുള്ളത് എന്നുകാണാം. അങ്ങനെ മുറിവേറ്റവരുടെ ജീവിതത്തിലേക്ക് ഒന്നെത്തി നോക്കാനും ജീവിക്കുന്ന രക്തസാക്ഷികളായ അവരെക്കുറിച്ചു പറയാനും 'നമുക്ക് നൂറുനാവായിരിക്കും. അവരോട് അനുതാപം പ്രകടിപ്പിക്കാൻ മടിക്കാത്ത നമ്മോടൊപ്പം അത്തരമൊരാളുണ്ടെങ്കിൽ അത് നമുക്ക് അംഗീകരിക്കാനാവുമോ? ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലുള്ള നമ്മുടെ ജീവിതത്തെ നിലയ്ക്കാത്ത ചുഴികളുള്ള ഒന്നാക്കി മാറ്റാൻ ഈ ചോദ്യത്തിന് സാധിക്കും. പക്ഷേ പ്രണയത്താൽ മുറിവേറ്റ ഒരു ഭാര്യയെ, ഒരമ്മയെ, ഒരു മകളെ, ഒരു മകനെ, ഒരച്ഛനെ, ഒരു ഭർത്താവിനെ രവിമന്ത്രി എന്ന എഴുത്തുകാരൻ മറ്റൊരു വീക്ഷണകോണിൽ കണ്ടതെങ്ങിനെയെന്ന് തെളിച്ചമുള്ള, ഒഴുക്കുള്ള ഭാഷയിൽ അമ്മപ്രേമലു വ്യക്തമാക്കുന്നു.


Related Articles