തൃശൂരിലെ സിലോൺ ടൂറിസ്റ്റുഹോമിൽ ഞാൻ താമസിക്കുന്ന കാലത്താണ് ക്ലീനിങ് ജോലിക്കായി സാജൻ എന്ന പയ്യൻ എത്തുന്നത്. എന്റെ മുറിയിൽ നിറയെ മോഷണമുതലുകളായ ഇലക്ട്രോണിക് സാധനങ്ങൾ. കൂടാതെ അണ്ടിപ്പരിപ്പും ധാരാളം മധുരപലഹാരങ്ങളും എപ്പോഴും ഉണ്ടാകും. മുറി ക്ലീൻ ചെയ്യാൻ വരുന്ന സാജന് ഇലക്ട്രോണിക് സാധനങ്ങൾ ഉപയോഗിക്കാൻ കൊടുക്കുന്നതുകൂടാതെ യഥേഷ്ടം പലഹാരങ്ങളും കൊടുക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ പരിചയത്തിലായി. ഒരുദിവസം സാജൻ പറഞ്ഞു, ഞാൻ വീട്ടിൽ പോവുകയാണ്, ഒരു ടേപ്പ്‌റിക്കാർഡറും ഒരു ക്യാമറയും വേണം. തിരിച്ചുവരുമ്പോൾ കൊണ്ടുവരാം. അങ്ങനെ ഞാൻ ഒരു ടേപ്പും ഒരു ക്യാമറയും കൂടാതെ കുറച്ചു പലഹാരവും പൈസയും കൊടുത്തയച്ചു.
സാജൻ അതുമായി കൊടകരയിലുള്ള അവന്റെ വീട്ടിലെത്തിയപ്പോൾ വീട്ടുകാർ ചോദിച്ചു, നീ ജോലിക്കു പോയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ, ശമ്പളം കിട്ടിയോ - സാജൻ പറഞ്ഞു, ഇല്ല. പിന്നെ ഈ പൈസയും സാധനങ്ങളുമെവിടുന്നു കിട്ടി? അവിടെ താമസിക്കുന്ന ഒരു ചേട്ടൻ തന്നതാണ്.
ഇത്ര വിലകൂടിയ ക്യാമറയും ടേപ്പുറിക്കാർഡറും പൈസയുമൊക്കെ അവന് കൊടുത്തെന്നു പറഞ്ഞതു വീട്ടുകാർ വിശ്വസിച്ചില്ല. എവിടെനിന്നെങ്കിലും കട്ടുകൊണ്ടുവന്നതാണോ എന്നവർക്കു സംശയം തോന്നി. അതിനാൽ സാജൻ തിരികെ വന്നപ്പോൾ അവരുടെ അപ്പനും കൂടെ വന്നു. എന്നെ കണ്ടു ചോദിച്ചു. ഞാൻ പറഞ്ഞു, ഇതൊക്കെ ഞാൻ കൊടുത്തതാണ്, അവൻ മോഷ്ടിച്ചതല്ല. അപ്പോഴാണ് അപ്പനു സമാധാനമായത്. അങ്ങനെ സാജന്റെ അപ്പനും ഞാനുമായി പരിചയപ്പെട്ടു. ഞങ്ങൾ കുറേനേരം സംസാരിച്ചിരുന്നശേഷം പോകാനിറങ്ങിയപ്പോൾ അമ്പു പെരുന്നാളിനു വീട്ടിലേയ്ക്കു വരാൻ ക്ഷണിച്ചിട്ടാണ് സാജന്റെ അപ്പൻ പോയത്. അമ്പു പെരുന്നാളിനു വീട്ടിലേക്കു പോവാൻ നേരം സാജൻ എന്നെ വിളിച്ചു. അന്നു അപ്പൻ വന്നപ്പോൾ എന്നെ വീട്ടിലേക്കു വിളിച്ചിരുന്നെങ്കിലും ഞാനതത്ര കാര്യമാക്കിയിരുന്നില്ല. എന്നാൽ എന്നെ കൂട്ടിക്കൊണ്ടുചെല്ലാൻ വീട്ടിൽനിന്നും പറഞ്ഞു വിട്ടിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അവിടംവരെ പോകാമെന്നു കരുതി. വീട്ടുഭക്ഷണം കഴിച്ചിട്ടു വളരെ നാളായിരിക്കുന്നു. എനിക്കാണെങ്കിൽ പ്രത്യേകിച്ചു ജോലിയൊന്നുമില്ല. കുറെ സാധനങ്ങളും വാങ്ങി കൊടകര അവിട്ടപ്പള്ളിയിലുള്ള സാജന്റെ വീട്ടിലെത്തി. സാജന് അപ്പനും അമ്മയും കൂടാതെ മൂന്നു സഹോദരിമാരും ഉണ്ടായിരുന്നു.
