മംഗലാനന്ദസ്വാമി

Autobiography

മംഗലാനന്ദസ്വാമി


പതിമൂന്നാം അദ്ധ്യായം

ജനങ്ങളെ ഉദ്ബുദ്ധരാക്കി നേർവഴിക്കു നയിക്കുന്നതിനും, നിക്ഷിപ്ത താത്പര്യമുള്ളവർ ജനങ്ങളെ അവരുടെ വഴിക്കുതിരിച്ച് അധികാരസ്ഥാനങ്ങൾ പിടിച്ചുപറ്റുന്നതിനും ഒരുപോലെ പ്രയോജനപ്പെടുത്താറുള്ളതും, ദുരുപയോഗപ്പെടുത്താറുള്ളതുമായ ഒരു ഹൃദ്യമായ കലയാണ് പ്രഭാഷണകല. പ്രഭാഷണകലയെപ്പറ്റി പുസ്തകങ്ങൾതന്നെ ഉണ്ട്. എന്നാലും ഇമ്മാതിരി പുസ്തകങ്ങൾ വാങ്ങി പഠിച്ച് പ്രഭാഷണകലയിൽ പ്രഗല്ഭരാകാൻ ആർക്കും സാധിക്കുമെന്നു തോന്നുന്നില്ല. അതിനു ജന്മസിദ്ധമായ ഒരു വാസനതന്നെ വേണം. ജനങ്ങളെ സത്യത്തിന്റെയും സദാചാരത്തിന്റെയും വഴിക്കു നയിക്കുന്നതിനുവേണ്ടി പ്രഭാഷണകലയെ അതീവ ഹൃദ്യമായതരത്തിൽ പ്രയോജനപ്പെടുത്താൻ പ്രാഗല്ഭ്യമുള്ള ഒരസാധാരണ പ്രതിഭയായിരുന്നു മംഗലാനന്ദസ്വാമി. മതം, സാഹിത്യം, തത്ത്വചിന്ത, കഥാകഥനം എന്നിങ്ങനെ വിഷയം എന്തുമായിക്കൊള്ളട്ടെ, ഉത്സവപ്പറമ്പിലെ സാധാരണ ജനങ്ങളോടോ ക്ഷണിക്കപ്പെട്ട സദസ്സിനോടോ ആയിക്കൊള്ളട്ടെ, സന്ദർഭത്തിന്റെ ഗൗരവത്തിനുചേർന്ന തരത്തിൽ വിഷയം കൈകാര്യം ചെയ്യാനും ശ്രോതാക്കളെ ദത്തശ്രദ്ധരാക്കി ഇരുത്താനും, പ്രസംഗം തീരുമ്പോൾ ''തീർന്നു പോയല്ലോ!'' എന്ന തോന്നലിൽ തളച്ചിരുത്താനും ആ പ്രസംഗത്തിനു കഴിയുമായിരുന്നു. സന്ദർഭത്തിനു ചേർന്ന കവിതകളും കഥകളും പ്രസംഗത്തിൽ ഉൾപ്പെടുത്താനും സ്വാമിജി ശ്രദ്ധിക്കും. ഉത്സവപ്പറമ്പിലെ വെറും സാധാരണക്കാരുടെ മുമ്പിൽ ഇത്തരത്തിൽ ആറുമണിക്കൂർ നിറുത്താതെ പ്രസംഗിച്ചുകൊണ്ടിരുന്ന സംഭവത്തിനു ഞാൻതന്നെ സാക്ഷിയായിട്ടുണ്ട്.

സ്വാമിജിയുടെ പ്രസംഗം അടുത്തനാട്ടിൽ എവിടെയെങ്കിലുമുണ്ടെങ്കിൽ നിത്യചൈതന്യയതി സ്വാമിയും ഞാനും പോകും അതു കേൾക്കാൻ. ഒരേവിഷയത്തെ അധികരിച്ചുള്ള പ്രസംഗംതന്നെ പലപ്രാവശ്യം കേട്ടാലും മതിവരില്ല.


Related Articles