കേരള രാഷ്ട്രീയത്തിലെ അടുക്കള രഹസ്യങ്ങൾ

Autobiography

കേരള രാഷ്ട്രീയത്തിലെ അടുക്കള രഹസ്യങ്ങൾ


''ഒരു തലമുറ പോകുന്നു. മറ്റൊരു തലമുറവരുന്നു. ഹാ! മായ മായ. സകലതും മായ'' എന്നു സഭാപ്രസംഗി പറയുന്നു. നമ്മുടെ തലമുറയിലെ അതികായകന്മാർ ഒന്നിനുപിന്നാലെ ഒന്ന് എന്ന ക്രമത്തിൽ തിരോഭവിക്കുന്നു. പുതിയ തലമുറ രംഗപ്രവേശം ചെയ്യുന്നു. അവരാകട്ടെ പഴയ തലമുറയുടെ മൂല്യബോധത്തെ ഒട്ടുമേ ഉൾക്കൊള്ളുന്നില്ലെന്ന പരിദേവനം നാലുഭാഗത്തുനിന്നുമുണ്ടാകുന്നു. അതാലോചിക്കുമ്പോഴാണ് ഈ ജൂൺ 5-ന് കാലഗതിയടിഞ്ഞ ലോനപ്പൻ നമ്പാടന്റെ ജീവിതത്തിലേക്കൊരെത്തിനോട്ടം പ്രസക്തമാകുന്നത്. നമ്പാടൻ മാഷ്‌ടെ നർമ്മോക്തിയാണ് അദ്ദേഹത്തിന്റെ ചരമാനന്തര അനുസ്മരണവേദികളിൽ ഏറെ പ്രകീർത്തിക്കപ്പെട്ടത്. അതിനും അപ്പുറം ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിപ്പിക്കാനും കഴിയുന്ന ഒരു നമ്പാടനുണ്ടായിരുന്നു എന്നു പുതിയ തലമുറയ്ക്കു പറഞ്ഞുകൊടുക്കുന്ന ശ്രദ്ധേയമായ പുസ്തകമാണ് 'സഞ്ചരിക്കുന്ന വിശ്വാസി' എന്ന ലോനപ്പൻ നമ്പാടന്റെ ആത്മകഥ. കേവലം രണ്ടുവർഷങ്ങൾക്കുള്ളിൽ നാലാംപതിപ്പ്. ഗ്രന്ഥകർത്താവിന്റേയും പ്രസാധകരുടേയും പ്രതീക്ഷകൾപ്പുറമായി ജനങ്ങൾ നെഞ്ചേറ്റിയ ഒരു പുസ്തകം ആണിതെന്നതിന് വേറെ തെളിവെന്തുവേണം. കക്ഷിരാഷ്ട്രീയം ഇത്രമേൽ ജനങ്ങളിൽ നിന്നകന്നുപോയ ഈ കാലത്ത് ഒരു രാഷ്ട്രീയക്കാരന്റെ, അതും സ്വന്തം വഴി സ്വയം വെട്ടിത്തെളിച്ചു സഞ്ചരിച്ച ഒരു ശരാശരി രാഷ്ട്രീയ നേതാവിന്റെ ആത്മകഥയോടു ജനങ്ങൾ ഇത്രമേൽ താത്പര്യം കാണിച്ചെങ്കിൽ അതിന്റെ അർത്ഥം ജനങ്ങൾ ഇഷ്ടപ്പെടുന്ന എന്തോ ചിലതൊക്കെ ആ മെലിഞ്ഞ മനുഷ്യനിൽ അവർ കണ്ടിരുന്നു എന്നുതന്നെ.

ഒരുപാട് റെക്കോഡുകളുടെ ഉടമയായിരുന്നു നമ്പാടൻ മാഷ്. വേദപാഠാദ്ധ്യാപകനിൽനിന്നും പ്രൈമറി അദ്ധ്യാപകനിലേക്ക്. അവിടെനിന്നും പഞ്ചായത്ത് മെമ്പർ. 25 കൊല്ലക്കാലം നിയമസഭാ സാമാജികൻ. അതിൽ രണ്ടുവട്ടം മന്ത്രി. അഞ്ചുവർഷം പാർലമെന്റ് മെമ്പർ. മത്സരിച്ചപ്പോഴെല്ലാം (ഒരു തവണ ഒഴികെ) വൻ ഭൂരിപക്ഷത്തോടെയുള്ള ജയം. അഴിമതിയുടെ അയൽപക്കത്തുകൂടെ പോയിട്ടില്ലാത്തരാഷ്ട്രീയക്കാരൻ എന്ന പൊതുസമ്മിതി. ഇത്രയൊക്കെ റെക്കോഡ് കേരളത്തിലെന്നല്ല ഇന്ത്യയിൽതന്നെ ഏറെപ്പേർക്ക് വേറെ ഉണ്ടെന്നു തോന്നുന്നില്ല.

വലിയ പ്രതീക്ഷകളൊന്നും കൂടാതെ പൊതുജീവിതത്തിൽ പ്രവേശിക്കുകയും ഒഴുക്കിനൊത്ത് നീന്തുകയും ചെയ്ത നമ്പാടനെ ഭാഗ്യം കണക്കറ്റു കടാക്ഷിച്ചു എന്നുതന്നെ പറയാം. സ്വന്തം രൂപതാദ്ധ്യക്ഷനെതിരെയും പ്രാദേശിക വൈദികർക്കെതിരെയുമുള്ള രൂക്ഷമായ വിമർശനങ്ങൾക്കൊണ്ടു സമ്പന്നമാണ് അദ്ദേഹത്തിന്റെ ആത്മകഥ. രോഗശയ്യയിൽ കിടന്നുകൊണ്ടായിരുന്നു ഈ പുസ്തകത്തിന്റെ രചന. ഒരു വിശ്വാസി എന്ന നിലയിലുള്ള ഒരു ശരാശരി കത്തോലിക്കന്റെ ഓർമ്മകളുടെ നിക്ഷേപചെപ്പാണ് അദ്ദേഹം വായനക്കാർക്ക് മുമ്പിൽ തുറക്കുന്നത്. ഇതിൽ ആരോടെങ്കിലുമുള്ള അമിതപ്രതിപത്തിയോ അതിരുകവിഞ്ഞ വിദ്വേഷമോ കാണാനില്ല. സർഗ്ഗാത്മക രചനയുടെ കാവ്യസൗന്ദര്യമോ വൈജ്ഞാനിക ഭാരത്തിൽനിന്നും ഉണ്ടാകുന്ന വീർപ്പുമുട്ടലോ വായനക്കാർക്ക് അഭിമുഖീകരിക്കേണ്ടിവരുന്നില്ല. തനിക്കിടപെടേണ്ട വന്ന പല സമുന്നത വ്യക്തികളെക്കുറിച്ചും അദ്ദേഹം സ്വരൂപിച്ച നിഗമനങ്ങൾ വായനക്കാർക്ക് മുമ്പിൽ വിളമ്പുക മാത്രം ചെയ്യുന്നു.


Related Articles