Inside us there is some thing that has no name. That something is what we are
-Jose Saramago
ഒരു വെള്ളിയാഴ്ച പന്ത്രണ്ട് മണിയോടടുക്കുന്ന സമയമാണ്. ഞങ്ങൾ തീരെ ചെറിയ കുട്ടികൾ വീടിന് കിഴക്കുഭാഗത്തുകൂടെയൊഴുകുന്ന പെരുംതോടിന്റെ കരയിലേക്ക് ആളുകൾ പായുന്നത് കാണുന്നു. തൊട്ടടുത്തുള്ള പള്ളിയിൽനിന്ന് വെള്ളിയാഴ്ച പ്രസംഗത്തിന് മുന്നോടിയായുള്ള ഒന്നാമത്തെ ബാങ്കുവിളി കഴിഞ്ഞിട്ടുണ്ട്. ഞങ്ങൾ കൗതുകത്തോടെ എല്ലാവർക്കും പിറകേ അങ്ങോട്ടോടിച്ചെന്നു. തോടിന്റെ കരയിൽ നാട്ടിലെങ്ങും സ്ഥിരം കാണാറുള്ള, 'വെള്ളിയാഴ്ചത്തള്ള'യെന്ന് എല്ലാവരും വിളിക്കുന്ന വൃദ്ധയായ സ്ത്രീയെ എടുത്തുകിടത്തിയിട്ടുണ്ട്. വെള്ളത്തിൽ കോച്ചിമരവിച്ച കൈകാൽവിരലുകൾ. നനഞ്ഞൊട്ടിയ പെൺകുപ്പായവും മുണ്ടും. അഴിഞ്ഞൊഴുകി തോട്ടിൽ തടഞ്ഞുനിന്ന മുണ്ട് ഉടുപ്പിച്ചതാണെന്നു മനസ്സിലാകുംവിധം അരയിലെ ഏലസ്സുള്ള ചരട് കാണാമായിരുന്നു. വെള്ളിയാഴ്ച മാത്രം തോട്കടന്ന് ഇങ്ങേക്കരയിലേക്കു സ്വല്പം ചില്ലറയ്‌ക്കോ അല്പം ഭക്ഷണത്തിനോ കൈനീട്ടാൻ വരുന്ന അവർ തോടുനീന്തുന്നതിനിടയിൽ പാലത്തിന്റെ തൂണുകളുറപ്പിക്കാനെടുത്ത കുഴിയിൽ താഴ്ന്നു. ആരും ശ്രദ്ധിക്കാത്ത നേരവും കാലവുമായതിനാൽ ആ വലിയ കുഴിയിൽ കുമിളകളായി അഴിഞ്ഞ് അവരുടെ ജീവൻ പുറത്തുവന്നു.
വെള്ളിയാഴ്ചത്തള്ളയുടെ മരണത്തെക്കുറിച്ചു പിന്നീട് പലപ്പോഴും ആലോചിക്കുമ്പോൾ ഓർമ്മ വരുന്നത് മരിച്ചുകിടക്കുമ്പോൾ അവരെ കാണാൻ വന്ന ആൾക്കൂട്ടത്തെപ്പറ്റിയാണ്. മുങ്ങിമരണത്തിന് ശേഷമുള്ള അവരുടെ കിടപ്പ് അവർക്കു സാധിക്കാവുന്ന ഏറ്റവും വലിയ ആവിഷ്‌കാരമായിരുന്നു. അരികുപറ്റി ജീവിച്ച് ഒരിക്കലും ആൾക്കൂട്ടത്തിന്റെ കൗതുകം പിടിച്ചെടുക്കുന്ന തരത്തിൽ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലാത്ത ഒരാൾക്കു കിട്ടാവുന്ന അംഗീകാരം; അവർക്കത് കാണാൻ സാധിച്ചില്ലെങ്കിലും. മധ്യവേനലിലെ പെരുംതോടും വെള്ളത്തിൽ തൂണിനു വേണ്ടി താഴ്ത്തിയ ഭീമൻകുഴിയും വെള്ളിയാഴ്ചയെക്കുറിച്ചുള്ള ആളുകളുടെ അതിരില്ലാത്ത ഭാവനയും ആ ഭാവനയിൽപ്പെടുന്ന ആകാശങ്ങളിലെ മലർക്കെ തുറന്ന സ്വർഗ്ഗകവാടവും എല്ലാം കാണികളുടെ കൗതുകക്കാഴ്ചയിൽ പങ്കെടുത്തുമടങ്ങി. ഓരോ വെള്ളിയാഴ്ച പുലരുമ്പോഴും ഞങ്ങൾ കുട്ടികളെങ്കിലും ആകാശത്തുവന്ന് മേഘങ്ങളിലിരുന്ന് പെരുംതോടിനെ നോക്കുന്ന തള്ളയെക്കണ്ടു. വെള്ളത്തിൽനിന്നെടുത്ത് അവരെ കിടത്തിയ കരയും പരിസരവും ഞങ്ങൾക്ക് അപ്രാപ്യമായി. വെള്ളിയാഴ്ചകളിലെ ഉച്ചകളിൽ തോട്ടിൽ നിന്നുയർന്ന് രക്ഷയ്ക്കുവേണ്ടി യാചിക്കുന്ന കൈകളെക്കുറിച്ച് കഥകളുണ്ടായി. പിന്നീടവിടെ വന്ന പാലത്തിന് അവരുടെ പേരുവന്നു ദുരൂഹതയാർന്നു. വൃദ്ധയായ ഒരു മുസ്‌ലിംസ്ത്രീയുടെ അപകടമരണം വെള്ളിയാഴ്ചയും പെരുംതോടും ചേർന്ന് നിർമ്മിച്ചെടുത്ത, എക്കാലത്തേയും വികസിപ്പിക്കാവുന്ന കഥകളടങ്ങിയ നാടിന്റെ ഒരദ്ധ്യായമായി മാറി.
