ആത്മായനം

Autobiography

ആത്മായനം


ഒന്നാം അദ്ധ്യായം : പ്രഭാതം

ആത്മകഥയാണ് എഴുതേണ്ടത്. എന്താണ് ആത്മകഥ? ആത്മാവിന്റെ കഥയാണ് ആത്മകഥ. ആത്മാവിനു കഥയുണ്ടോ? നിഷ്‌ക്രിയമായ ആത്മാവിന് എന്തു കഥയാണുള്ളത്! അഥവാ ആത്മാവിന്റെ കഥയാണല്ലോ ഈ പ്രപഞ്ചത്തിന്റെ കഥ മുഴുവൻ. അതിലെ സമസ്ത ജീവിതത്തിന്റെ കഥയും! കാരണം ഈ പ്രപഞ്ചവും അതിലെ സകല ജീവിതവും ആത്മാവ് സ്വയം വിരിഞ്ഞുവന്നുകൊണ്ടേയിരിക്കുന്നതുമാത്രമാണ്. ആ സ്ഥിതിക്ക് ആ അനന്തമായ ജീവിതഗതിയിലെ, ആത്മസത്യം സ്വയം എരിഞ്ഞു കൊണ്ടേയിരിക്കുന്ന ആഴിക്കെട്ടിലെ, ഒരു കുഞ്ഞു തീപ്പൊരിമാത്രമാണല്ലോ ഈ ഞാൻ. അങ്ങനെയുള്ള എന്റെ കഥയും ആത്മാവിന്റെ അനാദ്യന്തമായ കഥയിലെ അണുമാത്രമായ ഒരംശംതന്നെ. അത്തരത്തിൽ എന്റെ കഥയെഴുതിയാൽ അതും ആത്മകഥ (ആത്മാവിന്റെ കഥ) ആകുമായിരിക്കും. അഥവാ ആത്മകഥാംശമാകുമായിരിക്കാം. കഥയുണ്മ വന്ന് കഥയില്ലായ്മയിൽ സന്ധിച്ച്, രണ്ടും ഒന്നായിത്തീരുന്നിടത്താണ് ആത്മം അർത്ഥവത്തായിത്തീരുന്നതെന്നു പറയാം. അങ്ങനെയുള്ള എന്റെ കഥ എവിടെയാണ് ആരംഭിക്കുന്നത്? ആ പൊരി പൊട്ടിത്തെറിച്ച് വെളിയിൽ വന്നതോടുകൂടി. അതായത് എന്റെ ജനനത്തോടുകൂടി. എന്നാണ് ഞാൻ ജനിച്ചത്? എനിക്കു പതിന്നാലുവയസ്സുള്ളപ്പോൾ അച്ഛന്റെ ഒരു ഡയറിക്കുറിപ്പ് യാദൃച്ഛികമായി കാണാനിടയായി. 1114 വൃശ്ചികം 24'--ഇന്ന് നാരായണി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു'' എന്ന്. എനിക്കു മനസ്സിലായി ഈയെഴുതിയിരിക്കുന്നത് എന്റെ ജനനത്തെപ്പറ്റിയാണ്.

അന്നാണോ ഞാൻ വാസ്തവത്തിൽ ജനിച്ചത്? അതോ അച്ഛനുംഅമ്മയും തമ്മിൽ സംഗമിച്ച നിമിഷമോ? അതിനു മുമ്പും അനാദിയായ ഞാൻ ഉണ്ടായിരുന്നു എന്നും അനന്തമായി തുടർന്ന് നിലനിൽക്കുമെന്നും ആണ് ഋഷിമാർ കണ്ടെത്തിയിട്ടുള്ളത്. അങ്ങനെ നിലനിൽക്കുന്ന ഞാൻ ഒരു വ്യക്തിയായി, ഒരു തീപ്പൊരിയായി, രൂപപ്പെടാൻ ഇടവരുത്തുകമാത്രമാണ് അച്ഛനമ്മമാരുടെ സംഗമം ചെയ്തത്. അത്തരത്തിലുള്ള എന്റെ ജനനത്തെ ഛാന്ദോഗ്യോപനിഷത്തിലെ ഋഷി ഭാവനചെയ്യുമ്പോൾ അച്ഛനമ്മമാരുടെ സംഗമം ദേവന്മാർ നടത്തുന്ന ഒരു ആഹൂതിയാണ്. അതിലെ അഗ്നിയിൽനിന്നു പൊന്തിവന്നതാണ് ഞാൻ എന്നും. എന്നാൽ ഇത് ഒന്നിനു പിറകേ മറ്റൊന്ന് എന്ന നിലയിൽ നടക്കുന്ന ഒരു പഞ്ചാഗ്നിവിദ്യയിലെ അവസാനഘട്ടം മാത്രമാണത്രേ. ഏതാണ് അതിനു മുമ്പുള്ള നാല്?


Related Articles