കവർച്ചക്കാരുടെ സർവ്വേ

Autobiography

കവർച്ചക്കാരുടെ സർവ്വേ


എന്റെ കൂട്ടാളികൾ നാലാളും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായതിനാൽ ഞാൻ തനിയെയാണു മോഷണത്തിനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ പോകാറുള്ളത്. സ്ഥലം കണ്ടെത്തിയശേഷം സംഘത്തെക്കൂടി കൊണ്ടുപോവുകയാണു പതിവ്. അതിനായി ഒരു ദിവസം കോട്ടയം ബസ്‌സ്റ്റാന്റിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരു വിളി, ''സാർ''. നോക്കിയപ്പോൾ ഒരു അമ്മയും മകളും. എനിക്കു കണ്ടുപരിചയമുണ്ടെങ്കിലും ഓർമ്മ വന്നില്ല. എന്റെ നോട്ടം കണ്ട് അമ്മ പറഞ്ഞു, ''വക്കീൽ സാറല്ലേ. രവീന്ദ്രനെ ജാമ്യത്തിലിറക്കാൻ സാറു കോടതിയിൽ വന്നപ്പോൾ ഞങ്ങൾ അവിടെയുണ്ടായിരുന്നു. മോൾടെ അച്ഛനും അന്നായിരുന്നു കേസിന്റെ അവധി. അന്നാണ് ഞങ്ങൾ സാറിനെ കണ്ടത്. സാറെങ്ങോട്ടാ.'' ഞാൻ പറഞ്ഞു, ''മോഷണത്തിനിറങ്ങിയതാ. അല്ലല്ല ഒരു മോഷ്ടാവിനെ ജാമ്യത്തിലിറക്കാൻ ഇറങ്ങിയതാ. ആകട്ടെ മോൾടെ അച്ഛന്റെ കാര്യമെന്തായി?'' അവർ പറഞ്ഞു, ഇപ്പോൾ ജയിലിൽ തന്നെ. ജാമ്യത്തിലിറക്കാനുള്ള ശേഷി ഞങ്ങൾക്കില്ല. ഞാൻ ചോദിച്ചു, എന്താ കേസ്? അവർ വിശദമായിത്തന്നെ പറഞ്ഞു.

ഏറ്റുമാനൂരിനടുത്താണു വീട്. അച്ഛനും അമ്മയും മകളുമാണു വീട്ടിലുള്ളത്. ഒരു മകനുണ്ടായിരുന്നതു ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു. അച്ഛനു മരംവെട്ടാണു ജോലി. കൂലിക്കു മരംവെട്ടാൻ പോകുന്നതു കൂടാതെ മരക്കച്ചവടവുമുണ്ടായിരുന്നു. കോട്ടയത്തുള്ള ഒരു വ്യാപാരിക്കുവേണ്ടി പാഴ്മരങ്ങൾ വാങ്ങി വെട്ടി മില്ലിൽ എത്തിച്ചു കൊടുത്തുകൊണ്ടിരുന്നു. അതിലേക്കായി നല്ലൊരു തുക അഡ്വാൻസായി മുതലാളിയുടെ കൈയിൽനിന്നും വാങ്ങിയിരുന്നു. അതിലേക്കായി പ്രോമിസറി നോട്ടും കൊടുത്തിരുന്നു.

ഒരു ദിവസം മരം മുറിക്കുന്നതിനിടെ മരത്തിൽനിന്നും വീണു സാരമായ പരിക്കുകളോടെ മെഡിക്കൽ കോളജിൽ കിടപ്പിലായി. കൈയിൽ വേറെ പണമില്ലാത്തതിനാൽ ചികിത്സയിലിരിക്കെ മുതലാളി കൊടുത്ത പണം ചെലവഴിച്ചാണു ചികിത്സിച്ചത്. കുറെ പണം മരത്തിനു അഡ്വാൻസ് കൊടുത്തിരുന്നതു തിരികെ കിട്ടാതായി. അതിനാൽ മുതലാളിക്കു പണമോ മരമോ കൊടുക്കാൻ പറ്റാതെയുമായി. കുറെ മരം മുതലാളിക്കു എത്തിച്ചുകൊടുത്തിരുന്നെങ്കിലും അതു വരവുവയ്ക്കാതെ പ്രോമിസറി നോട്ടിലുള്ള മുഴുവൻ തുകയ്ക്കും മുതലാളി കേസു കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ആൾ ജയിലിൽ കിടക്കുന്നത്.


Related Articles