വിദേശസഞ്ചാരം

Autobiography

വിദേശസഞ്ചാരം


മുപ്പത്തിയേഴാം അദ്ധ്യായം

1992-ലോ 93-ലോ ഞാൻ ഊട്ടിയിലെത്തുമ്പോൾ ഇംഗ്ലണ്ടിൽനിന്നെത്തിയ ഡാൻ ആർബീഡ് എന്നൊരാൾ അവിടെയുണ്ടായിരുന്നു. അദ്ദേഹവുമായി പരിചയമായി. യൂറോപ്പിലും അമേരിക്കയിലും ഒക്കെ സന്ന്യാസി ശ്രേഷ്ഠന്മാർ ചെന്ന്, ഭാരതത്തിന്റെ ആദ്ധ്യാത്മികതയെ സംബന്ധിക്കുന്ന പ്രസിദ്ധമായപുസ്തകങ്ങൾ എഴുതാനിടയാകുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. മഹർഷി മഹേശ്‌യോഗിയുടെ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന് ഇതു നല്ല പരിചയവുമാണ്. സന്ന്യാസിവര്യൻ അവിടെ പ്രഭാഷണം നടത്തും. മറ്റുള്ളവർ അതു റെക്കാഡ് ചെയ്തുവെക്കും. അല്ലെങ്കിൽ അവർ പറഞ്ഞുകൊടുക്കും, മറ്റുള്ളവർ എഴുതിയെടുക്കും. അതൊക്കെ വേണ്ടവണ്ണം തരംതിരിച്ച് എഡിറ്റ്‌ചെയ്തു പുസ്തക രൂപത്തിലാക്കുന്നത് അതിൽ വൈദഗ്ദ്ധ്യമുള്ള ശിഷ്യന്മാരുടെ ജോലിയാണ്. അവരുടെ പരിശ്രമഫലമായാണ് പുസ്തകം വെളിയിൽ വരുന്നത്. ഡാൻ ആർബീഡ് തന്നെ ഇത്തരം ജോലികൾ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഇതൊക്കെ സാന്ദർഭികമായി പറയാനിടയായതാണ്.ഞാനെഴുതിയ വേദാന്തസൂത്രം വ്യാഖ്യാനവും (ഇംഗ്ലിഷ്) അപ്പോൾ വെളിച്ചം കാണാതെയിരിക്കുകയായിരുന്നു. അതൊന്ന് എഡിറ്റ്‌ചെയ്തു തരാൻ സാധിക്കുമോ എന്ന് ഞാൻ അന്വേഷിച്ചു. അദ്ദേഹം ഒഴിഞ്ഞുമാറുകയാണുണ്ടായത്.

1994 -ഞാൻ ഇംഗ്ലണ്ട് സന്ദർശിച്ചു. ലണ്ടനിലെ നാരായണഗുരു മിഷന്റെ ക്ഷണപ്രകാരമാണ് പോയത്. അവർ നടത്തുന്ന ഗുരു ജയന്തിയാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുക, മിഷനിൽ രണ്ടുമാസം താമസിച്ചു ക്ലാസ്സുകൾ നടത്തുക എന്നിവയായിരുന്നു ലക്ഷ്യം. മിഷന്റെ പുതിയ മന്ദിരത്തിൽ ഒരതിഥിക്കു താമസിക്കാനുംആഹാരം പാകംചെയ്തു കഴിക്കാനുമുള്ള സൗകര്യമുണ്ട്. ഞാൻ അവിടെത്തന്നെയാണ് താമസിച്ചതും. ന്യൂഹാം ടൗൺ ഹാളിൽ നടന്ന ഗുരു ജയന്തി സമ്മേളനത്തിൽ ഞാൻപ്രസംഗിച്ചപ്പോൾ നാരായണ ഗുരുവിന്റെ വാക്കുകളുടെ അതിസൂക്ഷ്മതയും ദുർഗ്രാഹ്യതയും എടുത്തുപറഞ്ഞു. ബാംഗ്ലൂരിൽനിന്ന് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഒരു ബഹുമാന്യനായ നേതാവ് അതിനോട്പ്രതികരിച്ചുകൊണ്ടു സംസാരിച്ചത് ഇങ്ങനെയാണ്. ''ഈ സ്വാമിതന്നെ പറയുന്നു ഗുരുവിന്റെ വാക്കുകൾ സൂക്ഷ്മവും ദുർഗ്രാഹ്യവുമാണെന്ന്. അതുകൊണ്ട് നമുക്ക് അതിനെപ്പറ്റി പറയാതിരിക്കാം പഠിക്കാതിരിക്കാം. മനസ്സിലാക്കാൻ എളുപ്പമുള്ള സമുദായക്കാര്യവും സംഘടനാകാര്യവുംനമുക്കു ചിന്താവിഷയമാക്കാം.'' ജനങ്ങളെ നയിക്കേണ്ട നേതാക്കന്മാർ ഇത്തരം മനോഭാവക്കാരാണെങ്കിൽ ജനങ്ങളെങ്ങനെ അറിവുള്ളവരാകും? രാജ്യത്തെങ്ങനെ സാംസ്‌കാരികമായ വളർച്ചയുണ്ടാകും?


Related Articles