പന്ത്രണ്ടാം അദ്ധ്യായം
ഞാനൊരു യുവാവായിരുന്നുവെങ്കിലും ഒരു കുട്ടിയാണെന്ന തോന്നൽ എപ്പോഴുമുണ്ടായിരുന്നു. യൗവനകാലത്ത് പ്രകൃതിസഹജമാണ് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും തോന്നുന്ന ആകർഷണം. ജീവിതം എന്ന പ്രതിഭാസം മുറിയാതെ തുടർന്നുപോകുന്നതിന് പ്രകൃതി നിശ്ചയിച്ചിരിക്കുന്ന നിയമമാണത്. ആ നിയമം എനിക്കും ബാധകമാണ്. എനിക്കും പെൺകുട്ടികളോട് ആകർഷണം തോന്നിയിട്ടുണ്ട്! എന്നാൽ ഏതെങ്കിലും ഒരു പെണ്ണിൽ അത് ഉറച്ചുനിന്നിട്ടില്ല.
1997-ൽ ഞാൻ ഇംഗ്ലണ്ടിൽ യാത്ര ചെയ്യുമ്പോൾ ബ്രൈട്ടണിൽ മി. ഡാൻ ആർ ബീഡിന്റെ അതിഥിയായി താമസിച്ചു. അദ്ദേഹം ഗുരുകുലത്തിന്റെ ഇംഗ്ലണ്ടിലെ പ്രതിനിധിയായിരുന്നു. ഞങ്ങളൊക്കെ ദാനാമാമാ എന്നാണ് വിളിക്കാറ്. അദ്ദേഹത്തിന്റെ വീട്ടിലായിരിക്കുമ്പോൾ എന്നെപ്പറ്റി പലകാര്യങ്ങളും ചോദിച്ചകൂട്ടത്തിൽ എനിക്കുണ്ടായിട്ടുള്ള സ്ത്രീബന്ധങ്ങളെപ്പറ്റിയും ചോദിച്ചു. സ്ത്രീബന്ധമുണ്ടായിട്ടില്ല എന്ന എന്റെ മറുപടി അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. സ്ത്രീകളുമായി ശാരീരികമായ ബന്ധമുണ്ടായിട്ടില്ല എന്നാണ് ഞാൻ അർത്ഥമാക്കിയത്. അത്തരത്തിൽതന്നെയാണ് അദ്ദേഹവും ഞാൻ പറഞ്ഞത് മനസ്സിലാക്കിയതെന്നു കരുതുന്നു. എന്നാൽ ഒരു സ്ത്രീയുമായും മാനസികമായി ബന്ധപ്പെട്ടിട്ടില്ല എന്ന് അർത്ഥമില്ല.
