പതിനെട്ടാം അദ്ധ്യായം
അദ്വൈതദർശനം എങ്ങനെയാണ് ജീവിതത്തിൽ പ്രയോജനപ്പെടേണ്ടത്? ആനന്ദമാണതിന്റെ അന്തിമലക്ഷ്യം. ഓരോ വ്യക്തിയും തന്റെ ജീവിതത്തെ ആനന്ദമയമായി അനുഭവിക്കണം. സമൂഹത്തിൽ സമത്വവും ശാന്തിയും നിറഞ്ഞുനില്ക്കണം. ഒരു പൊതുഭരണ സംവിധാനത്തിലൂടെ പൊതുവായ നന്മ ഉറപ്പുവരുത്താനായി രാജ്യങ്ങളും അതിലെ ഭരണസംവിധാനങ്ങളും ഉണ്ടായിരിക്കുന്നത്, മനുഷ്യൻ എന്ന ജീവിവർഗ്ഗത്തിന്റെ ജീവിതത്തിലെ പ്രത്യേകതയായിത്തീർന്നിരിക്കുന്നു. ആ രംഗത്തും ശാന്തിയും സമാധാനവും നിലനില്ക്കണം. പൊതുവായ ശാന്തിയും സമാധാനവും ഒരാവശ്യമാണെന്നത്, ഏതെങ്കിലും രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽമാത്രം ഒതുങ്ങിനിൽക്കുന്ന ആവശ്യകതയല്ല. മനുഷ്യരാശിയുടെ മുഴുവൻ ആവശ്യകതയാണ്. എന്നാൽ അത്തരത്തിൽ ശാന്തിയെയും സമാധാനത്തെയും കാണാത്ത തരത്തിലുള്ളതാണ് ഇന്ന് ലോകരാഷ്ട്രങ്ങളെ ഭരിക്കുന്നവരുടെയിടയിലുള്ള മാനസികാവസ്ഥ. ഒരു രാജ്യത്തിന്റെ താത്പര്യവും ശാന്തിയും സമാധാനവും ഉറപ്പുവരുത്തുന്നതിനായി മറ്റു രാജ്യങ്ങളുടെ താത്പര്യത്തെയും ശാന്തിയെയും സമാധാനത്തെയും ഹനിക്കുന്നതിൽ ആധുനികരാഷ്ട്രതന്ത്രം ഒരു തെറ്റും കാണുന്നില്ല. എന്തുകൊണ്ട് ഇതിനെ ഗൗരവമുള്ള ഒരു പ്രശ്നമായി മനുഷ്യരാശിയെ സ്നേഹിക്കുന്നവർ കണക്കാക്കുന്നില്ല?
മനുഷ്യൻ ഒരു ജാതിയിൽപ്പെട്ടവനാണെന്നും അവന്റെ മുഖ്യജീവിത താത്പര്യങ്ങൾക്ക് സാർവ്വത്രികതയുണ്ടെന്നും ഉള്ളതിന് മുഖ്യത നല്കുന്ന തരത്തിലാണ് നാരായണഗുരു തന്റെ സത്യദർശനത്തെ ജീവിതത്തിൽ പ്രയോഗിച്ചു കാണിച്ചത്. അങ്ങനെയുള്ള ഗുരുവിന്റെ സച്ഛിഷ്യനെന്നതരത്തിൽ, രാഷ്ട്രങ്ങളുടെ വിഭാഗീയതകൾക്കതീതമായി നിന്നുകൊണ്ട് ലോകസമാധാനം ഉറപ്പുവരുത്തുന്നതിനുള്ള വഴി വ്യക്തമാക്കി ലോകത്തിനു കാണിച്ചുകൊടുക്കുന്നത് തന്റെ സ്വധർമ്മമായി നടരാജഗുരു കണ്ടു. തന്റെ ജീവിതകാലത്തിന്റെ അന്ത്യദശയിൽ താൻ നിർവഹിക്കേണ്ട കർത്തവ്യമായും ഗുരു അതിനെ കണ്ടു. അങ്ങനെയാണ് World Conference for Peace Through Unitive understanding എന്നപേരിൽ ഒരു ലോകസമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
