പാണൻ കണ്ട സവർണ്ണകേരളം

Autobiography

പാണൻ കണ്ട സവർണ്ണകേരളം


രുട്ടുനിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ. അച്ഛൻ അയ്യപ്പൻ, അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛൻ കന്നുപൂട്ടാൻ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട ജാതിയും... ഒന്ന് മറ്റൊന്നിനെ ഊട്ടിവളർത്തി.

മലബാറിൽ പട്ടാമ്പിക്കടുത്ത് വാടാനംകുറുശ്ശിയിലാണ് വീട്. വീടെന്ന് പറഞ്ഞുകൂടാ. ചാളയാണ്. ഒരു മണ്ണെണ്ണവിളക്കുണ്ട്. ഞാൻ പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ വിളക്ക് അമ്മ അടുക്കളയിലേക്ക് കൊണ്ടുപോകും. അപ്പോൾ, എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങും. ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റിവരിയും.

വയറുകാളാൻ തുടങ്ങുമ്പോൾ ജന്മിമാരുടെ വീടുകളിലേക്കുപോകും. അവിടെ കഞ്ഞി പാത്രത്തിൽ തരില്ല. മുറ്റത്തുപോലുമല്ല, തൊടിയിൽ മണ്ണുകുഴിച്ച്, ഇലയിട്ട് ഒഴിച്ചുതരും.

14 വയസ്സുള്ളപ്പോഴാണ്, വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടിൽ കഞ്ഞിക്കുചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞികുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചുമാറ്റി.


Related Articles