ഏഴാം അദ്ധ്യായം
വക്കത്തുള്ള എം.വി.റ്റി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിൽ ചേർന്നു ഞാൻ പഠനം തുടങ്ങി. ചിറയിൻകീഴ് താലൂക്കിന്റെ തീരപ്രദേശത്തുള്ള ജനനിബിഡമായ ഒരു ഗ്രാമമാണ് വക്കം. സിംഗപ്പൂരിൽ സർവ്വേയർ ആയിരുന്ന ശ്രീ എം.കെ. കുഞ്ഞുകൃഷ്ണൻ തിരിയെ വന്ന് ആരംഭിച്ചതാണ് ഈ ചെറിയ സ്ഥാപനം. സിംഗപ്പൂരിൽനിന്ന് നല്ല ചില സർവ്വേ ഉപകരണങ്ങൾ കൂടി അദ്ദേഹം കൊണ്ടുവന്നിരുന്നു. അതായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുതൽക്കൂട്ട് എന്നുപറയാം. എന്റെ അച്ഛന്റെ സ്വദേശവും വക്കമാണ്. കുഞ്ഞുകൃഷ്ണൻ സാറുമായി പരിചയവുമുണ്ട്. സ്വന്തബന്ധങ്ങൾ തൊടുത്തു തൊടുത്തു കണ്ടെത്തുന്നതിൽ അച്ഛൻ വിദഗ്ദ്ധനാണ്. ഒരു ദിവസം അച്ഛൻ പറഞ്ഞു കുഞ്ഞുകൃഷ്ണൻ സാർ തന്റെ അനുജനായി വരും എന്ന്. അച്ഛന്റെ സഹോദരിമാരെല്ലാം വക്കത്താണ് താമസം. അതിൽ ഒരപ്പച്ചിയുടെ കൂടെയായി എന്റെ താമസം. എനിക്കു മാസംതോറും ഉള്ള ഫീസ് കൊടുക്കാനും ചെലവിനുള്ള എന്തെങ്കിലും സഹായം അപ്പച്ചിക്കു കൊടുക്കാനും അച്ഛൻ നന്നേ വിഷമിക്കുന്നുണ്ട് എന്ന് എനിക്കറിയാം.
കുഞ്ഞുകൃഷ്ണൻ സാറിന്റെ വീടിനോട് ചേർന്നാണ് ഇൻസ്റ്റിറ്റ്യൂട്ട്. അദ്ദേഹംതന്നെയാണ് എല്ലാം നടത്തുന്നത് എന്നുണ്ടെങ്കിലും കടുത്ത ആസ്ത്മാ രോഗിയായതുകൊണ്ട് പഠിപ്പിക്കാൻ സാധിക്കുന്നില്ല. ശമ്പളക്കാരെ വച്ചാണ് പഠിപ്പിക്കുന്നത്. എന്നാലും വിദ്യാർത്ഥികളെയെല്ലാം അദ്ദേഹം സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു. നാട്ടിൻപുറത്തു കാണാറുള്ള ട്യൂട്ടോറിയൽ കോളജുകളിലെപ്പോലെ ഒരു ഓലഷെഡ്ഡിനകത്ത് മുപ്പതോളം വിദ്യാർത്ഥികൾക്ക് ഇരിക്കാൻ സൗകര്യമുള്ള ഡസ്ക്കുകളും ബഞ്ചുകളും ഒരു ബ്ലാക്ക് ബോർഡും ചേർന്നതാണ് ഇൻസ്റ്റിറ്റ്യൂട്ട്.
