കുറ്റകൃത്യങ്ങളുടെ കാമുകൻ

Autobiography

കുറ്റകൃത്യങ്ങളുടെ കാമുകൻ


'തസ്‌കരൻ: ഒരു മോഷ്ടാവിന്റെ ആത്മകഥ' എന്നപേരിൽ വാളത്തുംഗൽ മണി എന്ന മണിയൻപിള്ള എഴുതിയ പുസ്തകമാണേ എനിക്ക് ഈ പുസ്തകം എഴുതാൻ പ്രേരകമായത്. മണി പറഞ്ഞുകൊടുത്തത് മറ്റൊരാൾ എഴുതുകയായിരുന്നു. ഇത് ഞാൻതന്നെ എഴുതുന്നതാണ്. അടുക്കും ചിട്ടയോടുംകൂടിയല്ല ഇതെഴുതുന്നത്. ഇത് എന്റെ മുഴുവൻ ജീവചരിത്രമല്ല. മുഴുവൻ എഴുതണമെങ്കിൽ ഒരുപാട് എഴുതേണ്ടിവരും. അത്രയും വായിക്കുവാൻ ആളുണ്ടാവില്ല. ഞാൻ ജീവിതകാലം മുഴുവൻ കുറ്റകൃത്യങ്ങളുടെ ലോകത്തു മാത്രമല്ല ജീവിച്ചിട്ടുള്ളത്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ള പ്രശസ്ത വ്യക്തികളുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ ആരെന്നറിയാതെയാണ് അവരെല്ലാം എന്നോടു സഹകരിച്ചിട്ടുള്ളത്. ഞാനുമായി സഹകരിച്ചിട്ടുള്ളത് പൊതുജനം അറിയുന്നത് അവർക്ക്അഭിമാനക്ഷയം സംഭവിക്കുമെന്നതിനാൽ ഞാൻ ആ ഭാഗങ്ങളൊന്നും എഴുതുന്നില്ല. ജനങ്ങൾ എന്നെ ഒരു കുറ്റവാളിയായി മാത്രം കാണുന്നതിനാൽ ആ ഭാഗങ്ങൾ മാത്രമാണ് എഴുതാൻ ഉദ്ദേശിക്കുന്നത്. എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം പോലീസും കോടതിയും ജയിലുമായി കഴിഞ്ഞതിനാൽ അതൊന്നും പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ല.അതിനാൽ അതെല്ലാം എഴുതുന്നു.

കുട്ടിക്കാലം

കൊല്ലം ജില്ലയിൽ കുണ്ടറയ്ക്കടുത്തുള്ള കുമ്പളം എന്ന അശാന്തസുന്ദരമായ സ്ഥലത്തു 1962-ൽ ഒരു ദരിദ്ര കുടുംബത്തിലെ ആറാമത്തെ സന്താനമായി ഞാൻ ജനിച്ചു. അപ്പനു കായലിൽ മീൻപിടിത്തവും, അമ്മയ്ക്കു മീൻ കച്ചവടവും ആയിരുന്നു തൊഴിൽ. ആ വരുമാനംകൊണ്ടു വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. ഇതു ഞങ്ങളുടെ മാത്രം സ്ഥിതിയല്ല. ഗ്രാമത്തിലെ ഭൂരിഭാഗം കുടുംബങ്ങളും ദരിദ്രരായിരുന്നു. അഷ്ടമുടിക്കായലിനെ ചുറ്റിയുള്ള പ്രദേശമായതിനാൽ ഭൂരിഭാഗവും ഉപജീവനമാർഗ്ഗമായി തിരഞ്ഞെടുത്തതു അഷ്ടമുടിക്കായലിനെയാണ്. മീൻപിടിത്തം, മണൽവാരൽ, തൊണ്ടു ചീയിക്കൽ, കയർ പിരിക്കൽ അങ്ങനെ പലരും കായലിനെ ജീവിതോപാധിയാക്കിയിട്ടുണ്ടെങ്കിലും സ്വയം തൊഴിൽ കണ്ടെത്തിയവരും ഞങ്ങളുടെ നാട്ടിലുണ്ട്. അതിൽ പ്രധാനം ചാരായം വാറ്റാണ്. അതും പരസ്യമായി വാറ്റാൻ ആർക്കും പേടിയുമില്ല. റോഡ്, വഴി സൗകര്യം കുറവായതിനാൽ എക്‌സൈസോ, പോലീസോ ശല്യപ്പെടുത്തുമെന്നുള്ള പേടിയേ വേണ്ട. നാട്ടിൽ കുടിയന്മാർ ധാരാളമുള്ളതിനാൽ നല്ല കച്ചവടവും നടക്കും. കൂട്ടത്തല്ലാണു ഞങ്ങളുടെ നാട്ടിലെ പ്രധാന വിനോദം. ശനിയാഴ്ച വൈകുന്നേരം വള്ളം കരയ്ക്കു കെട്ടിയിട്ടു റോഡിലേക്കൊരു വരവുണ്ട്. മദ്യലഹരിയിലായിരിക്കും റോഡിലെത്തുക. പിന്നെ കൂട്ടത്തല്ലായിരിക്കും. തല്ലുകൂടുന്ന ഒരാളോടു എന്താ പ്രശ്‌നം എന്നു ചോദിച്ചാൽ മറുപടി ''മാമൻ അടിച്ചു, മച്ചമ്പിയടിച്ചു. കുമ്പാതിരിയടിച്ചു, ഞാനും അടിച്ചു.'' എന്താകാര്യം ''ആ'' എന്നായിരിക്കും മറുപടി. അതിൽനിന്നും ഞങ്ങളുടെ നാട്ടിലെ വിദ്യാഭ്യാസനിലവാരം മനസ്സിലായിരിക്കുമല്ലോ. ഇതു പഴയകഥ. എന്നാൽ ഇന്നു വിദ്യാഭ്യാസപരമായി ഒട്ടും പിന്നിലല്ലാത്ത സ്ഥിതിയിലേക്ക് നാട് മാറിയിട്ടുണ്ട്.


Related Articles