അധികാരത്തിന് എപ്പോഴും സ്വതന്ത്രമായ ആവിഷ്‌കാരങ്ങളെ ഭയമാണ്. കാരണം അധികാരമെപ്പോഴും അതിർത്തികൾ സൂക്ഷിക്കാൻ താത്പര്യപ്പെടുന്നു. സ്വതന്ത്രമായ കലയ്ക്കാകട്ടെ ആകാശമാണതിർത്തി. ഏറ്റുമുട്ടലുകൾ സ്വാഭാവികം. അധികാരം അധികമധികം സ്വേച്ഛാധിപത്യപരമാകുംതോറും അതിർത്തികളുടെ കാർക്കശ്യം കൂടിവരും. വിലക്കുകൾ ഭീഷണികളോ, ആക്രമണങ്ങളോ, കൊലകളോ ആയി കരാളരൂപം പൂണ്ട കാലത്തേക്ക് നമ്മുടെ ജനാധിപത്യരാജ്യവും പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു. ഇവിടെ ചരിത്രം മാറ്റിയെഴുതപ്പെടുന്നു, രചനകൾ ഭീഷണിയുടെ മുന്നിൽ പിൻവലിക്കപ്പെടുന്നു. മതം രാഷ്ട്രീയത്തിൽ കൃത്യമായി ഇടപെട്ടുകൊണ്ടിരിക്കുന്ന കാലംകൂടിയാണിത്. സാഹിത്യകൃതികളിലുപയോഗിക്കപ്പെടുന്ന പേരുകൾപോലും, മതസൂചനകൾ പോലും ഇന്ന് മതവികാരമുണർത്തി ഉറഞ്ഞുതുള്ളുന്നു.
കലാവിഷ്‌കാരമെന്നത് സർഗ്ഗാത്മകമായ ഒരു മനസ്സിന്റെ പിടച്ചിലിന്റെ യഥാതഥമായ പ്രതിഫലനമാകാം. അല്ലെങ്കിൽ കലാകാരിയുടെ കലാകാരന്റെ മുറിവേല്ക്കപ്പെടുന്ന സാമൂഹികനീതിബോധത്തിന്റെ സൗന്ദര്യാത്മകമായ ആവിഷ്‌കാരമാകാം. എങ്കിലും എല്ലാം സർവ്വതന്ത്ര സ്വതന്ത്രമായ ഭാവനാവിഷ്‌കാരങ്ങൾ എന്നവകാശപ്പെടുന്നതും ശരിയല്ല. കലാകാരൻ അയാളുടെ സാമൂഹികബോധംകൊണ്ടുതന്നെ തന്റെ കൃതികളിൽ കലാപരമായ നിയന്ത്രണങ്ങളും അച്ചടക്കവും പാലിക്കുന്നുമുണ്ട്. ഒരുപക്ഷേ, ആ കയ്യൊതുക്കംപോലുമാകാം കൃതിയുടെ മികവ്. ആത്മപ്രകാശനത്തിന്റെ തനതു രൂപങ്ങളായ ഭാവഗീതങ്ങളിൽനിന്നോ, ആർട്ടിസ്റ്റ് സ്വന്തം ബ്രഷെടുത്ത് ഝടുതിയിൽ വരച്ചു തീർക്കുന്ന ഒരു അബ്‌സ്ട്രാക്റ്റ് ചിത്രത്തിൽനിന്നോ മാറി, ചെറുകഥയാവുമ്പോൾ, അതിനെക്കാൾ വലുതായി ഒരു നോവലാവുമ്പോൾ, ദൃശ്യാവിഷ്‌കാരങ്ങളായ നാടകമോ സിനിമയോ ആകുമ്പോൾ ഭാവന മാത്രമല്ല, പടിപടിയായി ബോധത്തിന്റെ ഇടപെടൽകൂടി അയാളുടെ രചനകളെ സ്വാധീനിക്കുന്നുണ്ട്. കാഴ്ചക്കാരെ അല്ലെങ്കിൽ വായനക്കാരെ കലാപ്രവർത്തകർക്കു തന്റെ മുമ്പിൽ കാണേണ്ടിവരുന്നുണ്ട്. അവരിലേക്കു താൻ പറയാനുദ്ദേശിക്കുന്നത് ഏതു രീതിയിൽ കടന്നുചെല്ലണം, എങ്ങനെ പ്രവർത്തിക്കണം, ചിലപ്പോൾ എങ്ങനെ അതൊരു സാമൂഹികമാറ്റത്തിലേക്കു നയിക്കണം എന്നൊക്കെ കലാകാരി ആലോചിക്കേണ്ടി വരുന്നുണ്ട്. ദൃശ്യകലകൾക്ക് മറ്റു കലകളെക്കാൾ ആളുകളെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നുള്ളതും വാസ്തവം. കൂടുതൽ ആളുകളെ പ്രകോപിപ്പിക്കാനും അക്ഷരാഭ്യാസമില്ലാത്തവരുൾപ്പെടെ ഏറെപ്പേരെ ചിന്തകളിലേക്കും തിരിച്ചറിവിലേക്കും നയിക്കാനും നാടകം പോലെയുള്ള കലകൾക്കാകും. അതുകൊണ്ടുതന്നെ അധികാരമുള്ളവർക്ക് ഏറെ ഭയം നാടകക്കാരെയായിരിക്കാം. മുപ്പതുവർഷം മുമ്പ് ഡൽഹിയുടെ തെരുവിനെ ചുവപ്പിച്ചുകൊണ്ട് പൊലിഞ്ഞുപോയ സഫ്ദർ ഹഷ്മി ഇന്നും ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള നാടക പ്രവർത്തകരുടെ ഊർജ്ജം പകരുന്ന വികാരമായിരിക്കുന്നത് ഇതിന്റെ മറുവശവും. രക്തസാക്ഷിത്വത്തിലൂടെ അമർത്യത വരിച്ച കലാപ്രവർത്തകരുടെ എണ്ണം ഇന്ത്യയിലും ഇന്ന് കൂടിവരികയാണല്ലോ.
കലകൾ സാമൂഹികമാറ്റങ്ങളോടൊപ്പം നടന്ന കഥതന്നെയാണ് കേരളത്തിന്റെ ചരിത്രത്തിലുമുള്ളത്. നോവലുകളും കഥകളും വിപ്ലവകവിതകളും ദേശീയ പ്രസ്ഥാന ത്തോടൊപ്പവും കമ്യൂണിസ്റ്റ് മുന്നേറ്റ ത്തോടൊപ്പവും ചേർത്തുവെക്കാനുണ്ടെങ്കിലും നാടകങ്ങൾ ജനമനസ്സുകളിൽ ഉണ്ടാക്കിയത്ര സ്വാധീനം മറ്റൊന്നിനുമുണ്ടായിരുന്നു എന്നു പറയാനാകില്ല. വി.ടി.യുടെ, കെ.ടി.യുടെ, പ്രേംജിയുടെ, എം.ആർ.ബി. യുടെയൊക്കെ നാടകങ്ങൾ നമ്പൂതിരി, മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന പ്രക്രിയയിൽ വഹിച്ച പങ്ക് നമുക്കറിയാം. നമ്പൂതിരിയെ മനുഷ്യനാക്കാൻ വി.ടി.യെപ്പോലുള്ളവർ ശ്രമിച്ചപ്പോൾ, 'ഇത് ഭൂമിയാണ്' എന്നും 'ജ്ജ് നല്ല മനിസനാകാൻ നോക്ക്' എന്നും കെ.ടി. മുഹമ്മദിനെപ്പോലെ, ഇ.കെ. അയമുവിനെപ്പോലെയുള്ളവർ പറഞ്ഞു. ധാരാളം കല്ലേറുകൾ അവർക്കു കിട്ടി. ആക്രമണങ്ങളുമുണ്ടായി. ഈ ആക്രമണങ്ങൾ ഉണ്ടായത് അജ്ഞതയിൽ അഭിരമിച്ച വിഭാഗങ്ങളിൽനിന്നായിരുന്നു. വിദ്യാഭ്യാസത്തിനു പുറംതിരിഞ്ഞുനിന്ന ഒരു സമൂഹം, അജ്ഞത അവനവനോ തങ്ങൾ നിയന്ത്രണവിധേയരാക്കി വെച്ചിരിക്കുന്ന തങ്ങളുടെതന്നെ സ്ത്രീപ്പാതിക്കോ ആഭരണമെന്നു കരുതിയിരുന്നവർ, അങ്ങനെയേ പെരുമാറാനിടയുള്ളൂ. ശീലങ്ങളെ, ആചാരങ്ങളെ മാറ്റിയെടുക്കുന്നത് അധികാരം കയ്യിലുള്ളവർ ഒരിക്കലും ആഗ്രഹിക്കില്ലല്ലോ. സമുദായത്തിന്റെ നിയന്ത്രണാധികാരം കയ്യടക്കിവെച്ച വൃദ്ധപൗരോഹിത്യത്തെയും അവരുടെ അനുയായികളെയും അന്നു വെല്ലുവിളിച്ചത് വിദ്യാഭ്യാസം നേടി മുന്നോട്ടുവന്ന ചെറുപ്പക്കാരായിരുന്നു. സ്ത്രീയും പുരുഷനും വിദ്യാഭ്യാസം നേടി, അവകാശങ്ങൾ നേടി മുന്നോട്ടു വരാൻ, സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ തിരുത്താൻ കല ഒരു വലിയ പ്രേരകശക്തിയായി പ്രവർത്തിക്കുക യായിരുന്നു. 'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്' വന്നവർ 'മറക്കുട യ്ക്കുള്ളിലെ മഹാനരക'ങ്ങളിൽ നിന്നു രക്ഷപ്പെട്ട അന്തർജ്ജനങ്ങൾ സ്വയം നാടകമെഴുതി അവതരിപ്പിച്ച് തൊഴിൽകേന്ദ്രങ്ങളിലേക്കും സ്വാതന്ത്ര്യത്തിലേക്കും രക്ഷപ്പെട്ടതും നാം കണ്ടു.
