വിൻസെന്റ് വാൻഗോഗിന്റെ ചെവി കലാചരിത്രത്തിലെ ഒരു പ്രതിഭാസമാണ്. വാൻഗോഗിന്റെ ജ്വലിക്കുന്ന പ്രശസ്തിക്കു പിന്നിൽ, കലാസൃഷ്ടികളെന്നപോലെത്തന്നെ ചെവിമുറിച്ച ദാരുണസംഭവവുമുണ്ട്. കഥകളും ഉപകഥകളും ഊഹങ്ങളും വ്യാഖ്യാനങ്ങളുമായി അതു വാൻഗോഗിന്റെ ജീവചരിത്രത്തെയും കലാചരിത്രത്തെയും ചൂഴുന്നു. ചെവി മുറിച്ചതിനു ശേഷം വാൻഗോഗ് വരച്ച രണ്ട് ആത്മചിത്രങ്ങൾ അതിപ്രശസ്തങ്ങളുമാണ്. എണ്ണമറ്റ പഠനങ്ങളും മനശ്ശാസ്ത്രവിശകലനങ്ങളും സാഹിത്യരചനകളും അതിനെക്കുറിച്ചു വന്നു. വാൻഗോഗിന്റെ ചെവി, യഥാർത്ഥകഥ (ബെർണാഡെറ്റ് മർഫി, ചാറ്റോ & വിൻഡസ്, ലണ്ടൻ, 2016) ആണ് "ചെവിവിഷയ'ത്തിൽ മാത്രമായി ഏറ്റവും ഒടുവിൽ വന്ന പുസ്തകം.
പോൾ സെലാൻ തൊട്ടുള്ള കവികളെ വാൻഗോഗിന്റെ ചെവി പ്രഹേളികാസമാനമായി വലിച്ചടുപ്പിച്ചിട്ടുണ്ട്. ""മുളങ്കാടിനു പിന്നിൽ/കുരയ്ക്കുന്ന കുഷ്ഠം/താളലയസമ്മിശ്രം/വാൻഗോഗിന്റെ/തപാലിലിട്ട ചെവി/ലക്ഷ്യം കണ്ടിരിക്കുന്നു,'' എന്നാണ് സെലാന്റെ ഒരു "വാൻഗോഗ് ചെവി' കവിത. നമ്മുടെ കവി എ.അയ്യപ്പനും "വാൻഗോഗിന് ഒരു ബലിപ്പാട്ട്' എന്ന ശീർഷകത്തിൽ മുറിച്ച ചെവിയുടെ ചോരയിൽ ചാലിച്ച് ഒരു കവിതയെഴുതിയിട്ടുണ്ട്. ""നിന്റെ ചോരതെറിച്ച ക്യാൻവാസ്/നിന്നെക്കുറിച്ചുള്ള സ്വപ്നത്തിൽ/ഞാനതു കാണും. നിന്നെ സ്പർശിക്കും/നിന്റെ രക്തത്തിന്റെ വിളി കേൾക്കും.''
""റെംബ്രാന്റിന്റെ കണ്ണുകളെക്കാൾ, മൈക്കലാഞ്ചലോയുടെ ഉളിപിടിച്ച കൈകളെക്കാൾ, പിക്കാസോയുടെ ലിംഗത്തെക്കാൾ പ്രശസ്തമാണ് വാൻഗോഗിന്റെ ചെവി,'' ഒരു കലാനിരൂപകൻ കുസൃതിയോടെ എഴുതി. പിന്നീടതൊരു വിപണിബിംബവും വിലാപകേന്ദ്രവുമായി, നിരർത്ഥകവും ചെടിപ്പുണ്ടാക്കുന്നതുമായ പ്രതീകമായപ്പോഴാണ് അലൻ ഗിൻസ്‌ബെർഗ് "വാൻഗോഗിന്റെ ചെവി പോയി തൂങ്ങിച്ചാവട്ടെ' (Death to Van Gogh's Ear) എന്നൊരു കവിതയെഴുതിയത്. ആ ദീർഘ രാഷ്ട്രീയകവിതയിൽ വാൻഗോഗിനെപ്പറ്റി "കറൻസിയിൽ വാൻഗോഗിന്റെ ചെവി' എന്ന ഒരൊറ്റ പരാമർശം മാത്രമേയുള്ളു. ആ കവിത പ്രശസ്തമായത് ആ ചെവി ശീർഷകമായി വന്നതുകൊണ്ടാണെന്നും വാദിക്കാം.
