ജീവിതം പറഞ്ഞ് പോയവർ

Art, Culture, Life

ജീവിതം പറഞ്ഞ് പോയവർ


ജ്ഞാനം, ഞാൻ, അനുഭവം ഇങ്ങനെ മനുഷ്യരുടെ ബോധവും കർമ്മമണ്ഡലവുമായി ചേർന്നു കിടക്കുന്ന അടിയടരുകളിൽ നിന്ന് തുടങ്ങുകയും സൂക്ഷ്മമായ വിശദാംശങ്ങളിലൂടെ പൂർത്തിയാവുകയും ചെയ്ത, മാമുക്കോയ, ക്യാപ്റ്റൻ കൃഷ്ണൻ നായർ, ജെമിനി ശങ്കരൻ, ഫാബി ബഷീർ,പൊക്കുടൻ, എരഞ്ഞോളി മൂസ, മുഹമ്മദ് ബാപ്പു, സി.രൈരു നായർ, എ. അയ്യപ്പൻ,പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവരുടെ ജീവിതമെഴുത്തുമായി ബന്ധപ്പെട്ട ഓർമകൾ അവരുടെ അസാന്നിധ്യത്തിൽ രേഖപ്പെടുത്തുമ്പോൾ സന്നിഹിതമാകുന്ന കുറേ കാര്യങ്ങളുണ്ട്.

അടിസ്ഥാനപരമായി ഓരോ ആളിലും അന്തർലീനമായ മനുഷ്യസഹജമായ "ഞാൻ" എന്ന അവരുടെ ഭാവം, അവർ പല കൈവഴികളിലൂടെ ആർജ്ജിച്ച "ജ്ഞാന"ത്തിന്റെ തെളിച്ചം, കാലവും ദേശവുമായി ബന്ധപ്പെട്ട പാരസ്പര്യത്തിൽ നിന്ന് രൂപം കൊണ്ട "അനുഭവ"ത്തിന്റെ കരുത്ത് ഇതെല്ലാം അവരുടെ ഓർമകളിൽ നിന്ന് പിടിച്ചെടുത്ത് ഭാഷയിലൂടെ എങ്ങനെ ചുരുൾ നിവർത്താം എന്നതാണ് ആ പുസ്തകങ്ങളെഴുതുമ്പോൾ ഏറ്റവും മുന്നിൽ നിന്നിരുന്ന ആലോചന. അത് എളുപ്പം സാധിക്കുന്നതേയായിരുന്നില്ല. പുസ്തകം വായനക്കാരുടേതായ ഒരു പൊതുമണ്ഡലത്തിലേക്കാണ് പ്രകാശിതമാവുന്നത്. ജീവിതം പല മാനങ്ങളിൽ സ്വകാര്യവും, പുസ്തകം തുറന്നതുമാണ്. "എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്" എന്ന ചിലരുടെ വാചകമടിയേക്കാൾ വലുതും ആഴമുള്ളതുമാണ് പുസ്തകമെന്ന ലിഖിത സമാഹാരം. ഓർമകൾ ചിലപ്പോൾ അയവുള്ളതോ മറ്റു ചിലപ്പോൾ തീക്ഷ്ണമോ ആയിരിക്കുമ്പോഴും അത് ഭാഷയിലേക്ക് കടത്തിവിടുമ്പോൾ അതിനൊരു ഖന/കന (Solid)മാനം കൈവരുന്നതു കൊണ്ടു തന്നെ ജീവിതമെഴുത്ത് അത്രയും സൂക്ഷ്മത പാലിക്കേണ്ട ഒന്നാണ്.

വർഷങ്ങൾക്കു മുമ്പ് ഒരു പാട് ഓർമകളുള്ള ഒരു ഗൾഫ്പ്രവാസിയുടെ കൈയിൽ "ജീവിച്ച ജീവിതത്തെക്കുറിച്ച് ഓരോ ദിവസവും ഒന്നോ രണ്ടോ പേജ് ഓർമിച്ചെഴുതണം" എന്ന് പറഞ്ഞു കൊണ്ട് കൈയിൽ പേനയും നോട്ട് ബുക്കും കൊടുത്തു. കള്ളലോഞ്ചിൽ കയറി, കുറേ ദിവസത്തെ കടൽയാത്രയ്ക്കു ശേഷം ഖോർഫുക്കാനിൽ ഇറങ്ങി, വളരെ സാഹസികമായി ഗൾഫ് ജീവിതം നയിച്ച ആ മനുഷ്യന്, മലയാളം എഴുതാനും വായിക്കാനുമറിയാമായിരിന്നിട്ടു കൂടി, സ്വന്തം ജീവിതാനുഭവങ്ങൾ ഒരു പേജിനപ്പുറം എഴുതാൻ കഴിഞ്ഞില്ല. അദ്ദേഹം ഭാര്യയ്ക്ക് കത്തുകൾ എഴുതിയിരുന്നു. കത്തുപാട്ടുകളുടെ കാസറ്റുകൾ അയച്ചിരുന്നു. ഗൾഫിൽ നിന്ന് പുതിയ തരം ഉൽപ്പന്നങ്ങൾ, മധുരങ്ങൾ, കുട്ടികൾക്കുള്ള തൊപ്പി വെച്ച പെൻസിലുകൾ, ചാവി തിരിച്ചാൽ ചിരിച്ചു നൃത്തം വെക്കുന്ന മദാമ്മ മുടിയുള്ള കുഞ്ഞു കളിപ്പാട്ടങ്ങൾ ഒക്കെ അയച്ചിരുന്നു. പല സന്ദർഭങ്ങളിൽ സംസാരിച്ചപ്പോൾ മനസ്സിലായ കാര്യം, ആദ്യകാല ഗൾഫ് പ്രവാസികൾ ഒരേ അനുഭവങ്ങളുടെ പര്യായപദങ്ങളാണ് എന്നാണ്. അയാൾ ഒരു പേജിൽ കുറേ മാസങ്ങളെടുത്ത് എഴുതിയത് ഏതാണ്ട് ഇത്രമാത്രമാണ്: "ഞാൻ കള്ള ലോഞ്ചിൽ ഗൾഫിൽ പോയി. അവിടെ കുറേ കാലം അലഞ്ഞു. പിന്നെ ഒരു ഹോട്ടലിൽ ജോലിക്കാരനായി. കുറച്ചുകഴിഞ്ഞ് സ്വന്തമായി ഒരു പാനൂര്കാരൻ സഹോദരനോടൊപ്പം കഫ്‌തേരിയ തുടങ്ങി. ജീവിതം നല്ല നിലയിലായി. ഇപ്പോൾ മക്കളും പേരക്കുട്ടികളുമായി അള്ളാഹുവിന്റെ അനുഗ്രഹത്താൽ ജീവിക്കുന്നു. അൽഹംദുലില്ലാഹ്!"


Related Articles