ലാസ്റ്റ്, എന്തായിത്തീർന്നു എന്നു പറഞ്ഞാൽ, പിണറായിയിലെ പപ്പു എന്ന സർക്കസ് കലാകാരൻ പേരെടുത്ത ഒരു പെരുതേരിയായി. അതായത്, കല്പണിയുടെ മേസ്ത്രി. അതിനുമുമ്പ് പപ്പു താണ്ടിയ ത്രസിപ്പിക്കുന്ന ഒരു ഇന്ത്യൻ ജീവിതമുണ്ട്. ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളിൽനിന്നാണ് പപ്പു സർക്കസ് ലോകത്തുനിന്ന് കല്പണിയുടേതായ ഒരു തൊഴിൽമേഖലയിലേക്കു കടന്നുവരുന്നത്. ഭാവിയെ രൂപപ്പെടുത്തണമെങ്കിൽ വർത്തമാനകാലത്തിരുന്നുകൊണ്ട് ഭൂതകാലത്തെ എടുത്ത് ഇഴകീറി പരിശോധിക്കണം. പപ്പു എവിടെയും സ്തംഭിച്ചു നിൽക്കുന്നില്ല. സഞ്ചരിച്ചുകൊണ്ടിരുന്നു.
പിണറായിയിൽ വംശവേരും യു .പി, മധ്യപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ ബാല്യകൗമാരങ്ങളും പിന്നിട്ട ആ മനുഷ്യൻ വർഷങ്ങൾക്കുശേഷം പിണറായിയിലേക്കുതന്നെ തിരിച്ചെത്തുമ്പോൾ അനുഭവങ്ങളുടെ തീക്ഷ്ണരേഖകൾ കടന്നിട്ടുണ്ട്.
ഒരു കലാകാരനായിരുന്നു പപ്പു. നമ്മുടെ കേട്ടറിവുകളിൽമാത്രമുള്ള സർക്കസിലെ ‘തവളച്ചാട്ടം കലാകാരൻ.' അതാണ് ഈ ജീവിതവർത്തമാനത്തെ ‘എക്‌സ്‌ക്ലൂസീവ് ' ആക്കുന്ന ഘടകം. വളരെ അന്തർമുഖനാണ് അദ്ദേഹം. ഈ ജീവിതം പറയുമ്പോൾ ആ കണ്ണുകളിലും വാക്കുകളിലും ജീവിതം നിഷ്‌കളങ്കമായ ഒരു വെളിച്ചമായി തുടിച്ചുനിന്നു.
